Sorry, you need to enable JavaScript to visit this website.

സൈബർ ഇടത്തിലെ സാമൂഹ്യ വിരുദ്ധർ  

ഇടുക്കി ഡാം പരിഹാസം വായിച്ചവർ , കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വരാനിരിക്കുന്ന അമേരിക്കൻ യാത്രയോട് ഏത് വിധത്തിൽ ക്രൂരരായി 
എന്ന് കൂടി വായിച്ചു നോക്കുന്നത് നന്നായിരിക്കും. ആരാണീ സംസ്‌കാര ശൂന്യരൊക്കെ എന്ന അന്വേഷണം ഏതായാലും ശുദ്ധാത്മാക്കളുടെ മതാത്മക സമൂഹത്തിലോ, മതമൊന്നുമില്ലാത്ത നല്ല മനുഷ്യരിലോ ചെന്നെത്തുന്നില്ലെന്നറിയാൻ ഒരു പ്രയാസവുമില്ല. 


തെറ്റായ ആശയങ്ങളാൽ മലിനീകരിക്കപ്പെട്ട സമൂഹമായി കേരളം മാറാൻ തുടങ്ങിയത് കാലങ്ങൾക്ക് മുമ്പാണ്. അതിപ്പോൾ പൂർണത പ്രാപിച്ച അവസ്ഥയിലായിട്ടുണ്ട്. കാണെ, കാണെയായിരുന്നു നാട് ഈ വിധം മലിനമായത്. ഗൗരവമുള്ള വിഷയങ്ങളെപ്പോലും പരിഹസിക്കുന്നവരാണിന്ന് മലയാളി. അതിനവർക്ക് അത്യാഹിതമെന്നോ, രോഗമെന്നോ, കരളലിയിപ്പിക്കുന്ന സംഭവങ്ങളെന്നോ വേർതിരിവില്ല. നോക്കൂ, ഇടുക്കി അണക്കെട്ട് തുറന്ന് വിട്ടാലുണ്ടാകുന്ന അവസ്ഥ പോലും സോഷ്യൽ മീഡിയയിൽ ആളുകൾ ട്രോളുകയാണിപ്പോൾ. മനുഷ്യകരങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത ശക്തികളാണ് വെള്ളവും, തീയ്യും, കാറ്റുമെന്ന് ചിന്തിക്കാൻ പറ്റണമെങ്കിൽ അതവർ പഠിക്കേണ്ടിയിരുന്നു. പഠിപ്പിക്കാൻ ചെന്നവരെ അവർ ആട്ടിയകറ്റി. ചിലപ്പോെഴങ്കിലും  പഠിപ്പിക്കാൻ പോയവർക്കും തെറ്റിയിട്ടുണ്ടാകാം. ഫലമാകട്ടെ ഒന്നു മറിയാത്ത മൂഢന്മാരായി അവർ പ്രകൃതിയിലെ ഭയപ്പെടേണ്ട അവസ്ഥകളെയും ലളിതവൽക്കരിച്ചു. ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്ന കേവല ഭൗതിക പാഠങ്ങളുടെ ഔന്നത്യങ്ങളിൽ കയറിയിരുന്നു. പ്രകൃതി ദുരന്തമോ, എത്രകണ്ടതാ എന്ന നിസ്സാരത. 
ഈ മാനസികാവസ്ഥയുടെ കാരണമന്വേഷിച്ച് വല്ലാതെയൊന്നും ആരും വലയേണ്ടതില്ല. ഇതൊക്കെ മനുഷ്യ മനസ്സുകൾക്ക് വന്ന് ഭവിച്ച ആശയ മലിനീകരണത്തിന്റെ ഫലമാണ്. ഇത്തരത്തിലുള്ള ആശയ മലിനീകരണമാകട്ടെ കേരളം വല്ലാതെ പ്രയാസപ്പെട്ട് ഉണ്ടാക്കിയെടുത്തതാണെന്നും മറക്കരുത്. ഈ നിലക്ക് കേരള മനസ്സ് മാറ്റിയെടുത്തവരൊക്കെ ഇപ്പോഴും ആ വഴിക്കുള്ള അധ്വാന പരിശ്രമങ്ങളിലാണെന്നുമോർക്കണം.   
ഇടുക്കി ഡാം പരിഹാസം വായിച്ചവർ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വരാനിരിക്കുന്ന അമേരിക്കൻ യാത്രയോട് ഏത് വിധത്തിൽ ക്രൂരരായി എന്ന് കൂടി വായിച്ചു നോക്കുന്നത് നന്നായിരിക്കും. ആരാണീ സംസ്‌കാര ശൂന്യരൊക്കെ എന്ന അന്വേഷണം ഏതായാലും ശുദ്ധാത്മാക്കളുടെ മതാത്മക സമൂഹത്തിലോ, മതമൊന്നുമില്ലാത്ത നല്ല മനുഷ്യരിലോ ചെന്നെത്തുന്നില്ലെന്നറിയാൻ ഒരു പ്രയാസവുമില്ല. കേരളം വല്ലാതെ മഹത്വവൽക്കരിക്കുന്ന, തിന്മകളുടെ ഉപാസകരായ വിഭാഗങ്ങളുണ്ടല്ലോ, അവരാണ് ഇപ്പറഞ്ഞ സാമൂഹ്യ വിരുദ്ധതയുടെയെല്ലാം പ്രഭവകേന്ദ്രങ്ങളെന്നറിയാൻ ഇക്കാലത്ത് ഒരു പ്രയാസവുമില്ല. മുഖ പുസ്തകമൊന്ന് തെരഞ്ഞാൽ മതി. നന്മ എന്നൊരു വാക്കു കേൾക്കുമ്പോൾ കടിച്ചുകീറാൻ വരുന്നവർ, ധർമ്മാധർമ്മത്തെപ്പറ്റി പറയുന്നവരെ ഒറ്റപ്പെടുത്താൻ നവ മാധ്യമ പേജുകൾ തെരയുന്നവർ... അവരാണ്, അതെ അവരൊക്കെ ചേർന്നാണ് രോഗാവസ്ഥയെയും കളിയാക്കുന്നത്. അവരാണ് മറ്റു മനുഷ്യരുടെ അഭിമാനത്തെ പിച്ചിചീന്തുന്നത്. മനുഷ്യത്വത്തിന്റെ പക്ഷത്ത് നിൽക്കുന്ന ഒരാൾ പോലും ചികിത്സക്ക് പോകുന്നയാളുടെ വാർത്തയുടെ താഴെവന്ന് ക്രൂരമായ പ്രതികരണമെഴുതില്ല. അവർ ഇങ്ങിനെ പ്രാർഥനാകുറിപ്പിടും- എല്ലാ അസുഖങ്ങളും മാറി ഞങ്ങൾക്കൊപ്പം തിരിച്ചെത്തൂ എന്ന്. മുഖ്യമന്ത്രിയുടെ യാത്രാ വാർത്തക്ക് താഴെ വന്ന രണ്ട് പ്രതികരണങ്ങൾ കാണുക; നമ്മുടെ മുഖ്യമന്ത്രിക്ക് ലോകത്തെ ഏറ്റവും വിദഗ്ദ്ധ ചികിത്സ ലഭ്യമാകണം. ഇതിൽ രാഷ്ട്രീയം കലർത്തരുത്. മുഖ്യമന്ത്രിക്ക് വേഗം സുഖമാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
രാഷ്ട്രീയമായി അദ്ദേഹത്തോട് ഒരുപാട് എതിർപ്പുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ലോകത്തിൽ വച്ച് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ തന്നെ നൽകണം എന്നാണ് എന്റെ അഭിപ്രായം. അസുഖം എന്തുതന്നെ ആയാലും വേഗം സുഖം പ്രാപിക്കുവാൻ വേണ്ടി പ്രാർഥിക്കുന്നു
ഇങ്ങിനെ കുറിപ്പിടാനുള്ള മനസുണ്ടാകാൻ ക്രൂരതക്ക് വളമിടുന്ന മുദ്രാവാക്യം വിളിച്ചവർക്കാവില്ല. സദ്ചിന്തകൾ ഉഴുതുമറിച്ച മനസ്സുകൾക്കേ സാധിക്കൂ. 
വിഷംപുരട്ടിയ അമ്പുകളാക്കി വാക്കുകൾ കൊണ്ട് മറ്റുള്ളവരെ  വേട്ടയാടുന്നവരും, അസഭ്യമെഴുതുന്നവരും കേരള സമൂഹത്തിന്റെ നേരാവകാശികളാണെന്ന് ആരും പറയില്ല. അത്തരത്തിലുള്ളവരെ ഒറ്റപ്പെടുത്താൻ നന്മ ആഗ്രഹിക്കുന്ന കേരള സമൂഹം ഒന്നിച്ചു നിൽക്കേണ്ട കാലത്തും, വാക്കുകൾ കൊണ്ട് മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നവർക്കൊപ്പമാണ് ഭൂരിപക്ഷം ആളുകളും എന്നതാണ് നാടിന്റെ ദുരന്തം. അസത്യം പ്രചരിപ്പിച്ച് മനുഷ്യരെ അവഹേളിക്കുന്നവരെ തിരിച്ചറിയാൻ പുരോഗമനം നടിക്കുന്നവർക്കും സാധിക്കുന്നില്ലെന്ന് മാത്രമല്ല, അവരും തിന്മയുടെ പക്ഷം ചേരുന്നതാണ് നവകാല സൈബർ അനുഭവം. അതിപ്പോൾ അത്യാഹിതങ്ങളുടെ പരിഹാസമായും നേതാക്കളുടെ രോഗാവസ്ഥയെ പ്പോലും മറ്റൊരു രീതിയിൽ കാണലായും പുറത്ത് ചാടുന്നു. മലയാളിയുടെ കൈയിലെ സാമൂഹികമാധ്യമം ഇന്ന് ഏറ്റവും അപകട ഭീതിയോടെ കാണേണ്ട ഘട്ടത്തിലാണ് വന്നു നിൽക്കുന്നത്. ഇത് നിയന്ത്രിക്കാൻ അധികൃതപക്ഷത്തു നിന്നുണ്ടാകുന്ന നീക്കങ്ങളാകട്ടെ കൂടുതൽ അപകടങ്ങളിലേക്ക് ചെന്നു പതിക്കുന്നതായി മാറുന്നു. അവിടെയും രാഷ്ട്രീയ, വർഗീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്. 
ദുഷ്ടതയും മനുഷ്യവിരുദ്ധതയും മനസ്സിൽ കൊണ്ടു നടക്കുന്നവരുടെ കുപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കാൻ സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. അതിനായി സാമൂഹ്യ മാധ്യമങ്ങളിൽ അത്തരക്കാരെ തിരിച്ചറിയുകയാണ് പ്രധാനവഴി. 
സ്വന്തം നേതാവിനെതിരെയോ, വിശ്വാസത്തിനെതിരെയോ, ക്രൂരത കാണിക്കുമ്പോൾ മാത്രം പ്രകോപിതരായാൽ മതിയാകില്ല. അത്തരക്കാരുടെ തനി സ്വഭാവം തിരിച്ചറിഞ്ഞ് എല്ലാ ഘട്ടത്തിലും അവരെ ഒറ്റപ്പെടുത്താനാകണം.

 

 

Latest News