Sorry, you need to enable JavaScript to visit this website.

മുവാറ്റുപുഴയിലെ വവ്വാല്‍ ബസ്  കാത്തിരിപ്പ് കേന്ദ്രം വീണ്ടും ചര്‍ച്ചയാകുന്നു

മുവാറ്റുപുഴ- കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപി യുമായിരുന്ന ജോയ്സ് ജോര്‍ജിന്റെ   പരാജയ കാരണങ്ങളിലൊന്ന് മുവാറ്റുപുഴ കച്ചേരിത്താഴത്ത് നിര്‍മ്മിച്ച  ബസ് കാത്തിരിപ്പ് കേന്ദ്രമാണ്. നിര്‍മാണ ശേഷം ജനങ്ങള്‍ അതിനെ ''വവ്വാല്‍ ബസ് സ്റ്റോപ്പ്' എന്ന് വിളിച്ചു തുടങ്ങി. വന്‍ തുക ചെലവാക്കി നിര്‍മ്മിച്ച ബസ് സ്റ്റോപ്പിനെ ചൊല്ലി വിവാദം മുറുകുന്നു. ഇടത് മുന്‍ എംപി ജോയ്സ് ജോര്‍ജ്ജിന്റെ ഫണ്ടില്‍ നിന്ന് ലീഗ് പ്രാദേശിക നേതാവായ കരാറുകാരന് 40 ലക്ഷം രൂപയാണ് ബസ് സ്റ്റോപ്പ് നിര്‍മ്മിച്ച വകയില്‍ കിട്ടിയത്. വന്‍ അഴിമതി നടന്നെന്ന് ആരോപിച്ച് മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പരാതി നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. യുഡിഎഫ് മുന്‍ എംപിയെ കുറ്റപ്പെടുത്തുമ്പോള്‍, ഇടതുമുന്നണി മൂവാറ്റുപുഴ നഗരസഭയെയും ഡീന്‍ കുര്യാക്കോസ് എംപിക്കും നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ജോയ്‌സ് ജോര്‍ജ്ജ് എംപിയായിരിക്കെയാണ് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചത്. നിര്‍വഹണ ചുമതല മൂവാറ്റുപുഴ നഗരസഭയ്ക്കും മേല്‍നോട്ട ചുമതല എറണാകുളം ജില്ലാ കലക്ടര്‍ക്കുമായിരുന്നു. അഞ്ച് ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയില്‍ പരമാവധി ചെലവ് കണക്കാക്കിയത് 10 ലക്ഷം രൂപയായിരുന്നു. പ്രായമായവര്‍ക്ക് ഇരിക്കാന്‍ അത്യാധുനിക സീറ്റുകള്‍, കംഫര്‍ട്ട് സ്റ്റേഷന്‍, മൊബൈല്‍ ചാര്‍ജിങ്-വൈഫൈ അടങ്ങിയ സോളാര്‍ സംവിധാനങ്ങളുമായിരുന്നു ബസ് സ്റ്റോപ്പിന്റെ പദ്ധതി രേഖയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിര്‍മ്മിച്ച് വന്നപ്പോള്‍ നാല് തൂണും അതിനു മുകളില്‍ ടൈന്‍സൈന്‍ ഫ്രാബ്രിക്‌സുമുള്ള കൂടാരം മാത്രമായി ബസ് സ്റ്റോപ്പ് ചുരുങ്ങി. അന്വേഷണം ആവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് പരാതി നല്‍കി. അന്വേഷിച്ചവരെല്ലാം ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗ ശൂന്യമെന്ന് റിപ്പോര്‍ട്ട് നല്‍കി. പദ്ധതിയില്‍ പറഞ്ഞത് പോലെയല്ല ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചതെന്നും കംഫര്‍ട്ട് സ്റ്റേഷനും പ്രായമായവര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും ഇല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കി. എന്നിട്ടും കരാറുകാരനായ ലീഗ് നേതാവിന് 40 ലക്ഷം രൂപ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ച വകയില്‍ മൂവാറ്റുപുഴ നഗരസഭ നല്‍കുകയായിരുന്നു. പദ്ധതിയിലെ അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് വ്യക്തമാക്കി.

Latest News