Sorry, you need to enable JavaScript to visit this website.

'തെരഞ്ഞെടുപ്പിൽ പാർല്ലമെന്റ് വേണോ മറ്റേതെങ്കിലും വേണോ സംശയമുണ്ടായിരുന്നു'; ഉറച്ച തീരുമാനം ആയെന്ന് ശശി തരൂർ

- തിരുവനന്തപുരത്ത് നരേന്ദ്ര മോഡി മത്സരിച്ചാലും താൻ വിജയിക്കുമെന്ന് എ.ഐ.സി.സി പ്രവർത്തകസമിതി അംഗം ശശി തരൂർ
 

തിരുവനന്തപുരം - കോൺഗ്രസ് പാർട്ടി തീരുമാനിച്ചാൽ താൻ തിരുവനന്തപുരത്ത് തന്നെ മത്സരിക്കുമെന്ന് എ.ഐ.സി.സി പ്രവർത്തകസമിതി അംഗം ശശി തരൂർ എം.പി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിച്ചാലും താൻ വിജയിക്കുമെന്നും മുസ്‌ലിംലീഗ് മണ്ഡലം കൺവെൻഷനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
 ബി.ജെ.പിയിൽ നിന്ന് ഏത് ഉന്നതൻ മത്സരിച്ചാലും തിരുവനന്തപുരത്തുകാർക്ക് എന്ത് വേണമെന്ന് നന്നായി അറിയാം. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷേ, ഇപ്പോഴത്തെ സാഹചര്യം കണ്ടപ്പോഴാണ് തന്റെ മനസ് മാറിയത്. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം അനിവാര്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
 തിരുവനന്തപുരത്ത് മത്സരിക്കാൻ നൂറ് ശതമാനം ഞാൻ തീരുമാനിച്ചിരുന്നില്ല. അതിന് രണ്ട് സാധ്യതകളാണുണ്ടായിരുന്നത്. പാർലമെന്റ് വേണോ മറ്റേതെങ്കിലും തെരെഞ്ഞെടുപ്പ് വേണോ എന്നായിരുന്നു സംശയം. എന്നാൽ, ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തി. അത് തിരുവനന്തപുരത്തുനിന്ന് തന്നെ മത്സരിക്കാം എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശശി തരൂരിന് പദ്ധതിയുണ്ടെന്ന് വൻ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ തള്ളുന്നത് കൂടിയാണ് തരൂരിന്റെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ തവണ മണിപ്പൂരിലെ ഗവർണർ സ്ഥാനം രാജിവെച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച കുമ്മനം രാജശേഖരനെ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കു തോൽപ്പിച്ചാണ് ശശി തരൂർ അനന്തപുരിയിൽനിന്നും വീണ്ടും ഇന്ദ്രപ്രസ്ഥത്തിൽ എത്തിയത്. അന്ന് ശശി തരൂർ 41.19 ശതമാനം വോട്ട് നേടിയപ്പോൾ പ്രസ്റ്റിജ് പോരാട്ടമായി കണ്ട കുമ്മനം രാജശേഖരന് 31.3 ശതമാനം വോട്ടേ നേടാനായിരുന്നുള്ളൂ. 25.6 ശതമാനം വോട്ടോടെ സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരനായിരുന്നു മൂന്നാംസ്ഥാനം.

Latest News