ചേർത്തല- കോടതി വളപ്പിൽ യുവതിയും ഭർതൃസഹോദരിയും ഏറ്റുമുട്ടി. വയലാർ സ്വദേശിനിയായ യുവതിയും പട്ടണക്കാട്ട് സ്വദേശിയായ ഭർത്താവിന്റെ സഹോദരിയും തമ്മിലാണ് അടിപിടിയുണ്ടായത്. ദമ്പതിമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇവരുടെ കുട്ടികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചേർത്തല കോടതിയിലെത്തിയ യുവതിയും ഇവരുടെ ഭർതൃസഹോദരിയും തമ്മിലാണ് ആദ്യം അടിപിടിയുണ്ടായത്. തുടർന്ന് കൂട്ടത്തല്ലായി. സംഘട്ടനത്തിനിടെ ഭാര്യയെ ചവിട്ടുകയും അടിച്ചു പരുക്കേൽപിക്കുകയും ചെയ്തതിന് ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ചേർത്തല പോലീസ് കേസെടുത്തു.
വിവാഹമോചനക്കേസ് നടക്കുന്നതിനിടെ കുട്ടികളെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും ചേർത്തല കോടതിയിലെത്തിയത്. രൂക്ഷമായി അടി തുടങ്ങിയ യുവതികളെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും പിൻമാറിയില്ല. വനിതാ പോലീസ് സ്ഥലത്ത് ഇല്ലാത്തതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വിഷയത്തിൽ ഇടപെടാൻ ആദ്യം മടിച്ചു. പിന്നീട് ഇവർ തന്നെ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.