Sorry, you need to enable JavaScript to visit this website.

ജിസാനിൽ സൂര്യാസ്തമയ  നടപ്പാതയിൽ സന്ദർശകരുടെ തിരക്ക്

ജിസാൻ - ഉത്തര ജിസാൻ ബീച്ചിൽ സൂര്യാസ്തമയത്തിന്റെ വർണമനോഹര കാഴ്ചകൾ ആസ്വദിക്കാൻ അവസരമൊരുക്കി നിർമിച്ച നടപ്പാതയിൽ സന്ദർശകരുടെ വൻ തിരക്ക്. സവിശേഷവും വ്യതിരിക്തവുമായ രീതിയിൽ രൂപകൽപന ചെയ്ത നടപ്പാത സമുദ്രത്തിനകത്തെ വാസ്തുവിദ്യാ വിസ്മയമായി കണക്കാക്കപ്പെടുന്നു. 370 മീറ്റർ നീളമുള്ള നടപ്പാതയിൽ സമുദ്രജലത്തോട് തൊട്ടുരുമ്മി കുടുംബ സമേതം ഇരിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കി 51 ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. 120 തെരുവുവിളക്കുകളും 100 അലങ്കാര വൃക്ഷങ്ങളും ഫോട്ടോകളെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രത്യേക കോർണറും നടപ്പാതയിലുണ്ട്. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ ആണ് മൂന്നു ദിവസം മുമ്പ് സൂര്യാസ്തമയ നടപ്പാത ഉദ്ഘാടനം ചെയ്തത്. 


വിഷൻ 2030 പദ്ധതിയുമായി ഒത്തുപോകുന്ന നിലക്ക് രാജ്യമെങ്ങും സാക്ഷ്യം വഹിക്കുന്ന വലിയ വികസനത്തിനും അഭിവൃദ്ധിക്കും നിരക്കുന്ന വളർച്ചക്കും വികസനത്തിനുമാണ് ജിസാനും സാക്ഷ്യം വഹിക്കുന്നത്. ഇതിനനുസൃതമായി നഗരസഭാ സേവനങ്ങൾ മെച്ചപ്പെടുത്താനും ജീവിത ഗുണനിലവാരം ഉയർത്താനുമുള്ള പദ്ധതികളുടെ ഭാഗമായി നിരവധി വികസന പദ്ധതികൾ ജിസാൻ നഗരസഭ നടപ്പാക്കിയിട്ടുണ്ട്. ജിസാൻ നിവാസികളെയും പ്രവിശ്യക്ക് പുറത്തു നിന്നും വരുന്ന സന്ദർശകരെയും സ്വീകരിക്കാൻ 209 പാർക്കുകളും 14 വാട്ടർ ഫ്രന്റുകളും 198 സ്‌പോർട്‌സ് ഗ്രൗണ്ടുകളും 96 നടപ്പാതകളും ജിസാൻ നഗരസഭ ഒരുക്കിയിട്ടുണ്ട്. 

 

Latest News