Sorry, you need to enable JavaScript to visit this website.

93 ന്റെ പൊലിമയിൽ സൗദി അറേബ്യ

പ്രവാസി തൊഴിലാളികളും കുടുംബാംഗങ്ങളുമായി ലക്ഷക്കണക്കിന് മലയാളികൾ അടക്കം ഒന്നേകാൽ കോടിയോളം വരുന്ന വിദേശികൾക്ക് ആതിഥ്യം നൽകുന്ന, രാഷ്ട്രീയ, സാമ്പത്തിക, സൈനിക, നയതന്ത്ര മേഖലകളിൽ അനുദിനം കൂടുതൽ കരുത്താർജിച്ചുവരുന്ന സൗദി അറേബ്യ ഇന്ന് 93 -ാമത് ദേശീയദിനം ആഘോഷിക്കുകയാണ്. സൗദി ഭരണാധികാരികളുടെ യുക്തിസഹവും വിവേകപൂർണവും സത്യസന്ധവും ആത്മാർഥവുമായ നയങ്ങളുടെയും ചുവടുവെപ്പുകളുടെയും ഫലമായി കഴിഞ്ഞ ഒരു വർഷത്തിനിടെ നയതന്ത്ര മേഖലയിൽ അസൂയാവഹമായ നേട്ടം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇതിൽ ഏറ്റവും പ്രധാനം ഏഴു വർഷമായി തുടർന്ന പിണക്കം അവസാനിപ്പിച്ച് ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതാണ്. രണ്ടാഴ്ച മുമ്പ് സൗദി അംബാസഡർ അബ്ദുല്ല അൽഅനസി, തെഹ്‌റാൻ സൗദി എംബസിയിലും ഇറാൻ അംബാസഡർ അലി രിദ ഇനായത്തി റിയാദ് ഇറാൻ എംബസിയിലും ഔദ്യോഗിക ചുമതല ആരംഭിച്ചു. മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിൽ ഈ വർഷം മാർച്ച് പത്തിനാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ബെയ്ജിംഗിൽ ഒപ്പുവെച്ചത്. 
സൗദി, ഇറാൻ ബന്ധം ഊഷ്മളമാകുന്നത് മേഖലയിലാകെ സുരക്ഷയും സ്ഥിരതയും സമാധാനവും ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് വ്യാപകമായി വിലയിരുത്തുന്നു. ലെബനോനും ഇറാഖും യെമനും സിറിയയും അടക്കമുള്ള രാജ്യങ്ങളിലും മേഖലയിലും ആഗോള തലത്തിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകും. കിഴക്കൻ സൗദിയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയ കേസിലെ പ്രതിയായ ശിയാ പണ്ഡിതൻ നമിർ അൽനമിറിനെ വധശിക്ഷക്ക് വിധേയനാക്കിയതിൽ പ്രതിഷേധിച്ച് തെഹ്‌റാനിലെ സൗദി എംബസി ജനക്കൂട്ടം അഗ്നിക്കിരയാക്കിയതിനെ തുടർന്നാണ് ഇറാനുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ വിച്ഛേദിച്ചത്. ഉഭയകക്ഷിബന്ധം വഷളായ കാലത്ത് സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കും തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നിരന്തര ആക്രമണങ്ങളുണ്ടായി. ഇറാൻ പിന്തുണയോടെയാണ് ഇറാൻ അനുകൂല മിലീഷ്യകൾ ആക്രമണങ്ങൾ നടത്തിയതെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. സൗദി, ഇറാൻ ബന്ധം മെച്ചപ്പെട്ടതോടെ ഇത്തരം ആക്രമണങ്ങൾക്ക് അറുതിയായി. 
എട്ടു വർഷമായി തുടരുന്ന യെമൻ സംഘർഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാനും സ്ഥിരം വെടിനിർത്തൽ സാധ്യമാക്കാനുമുള്ള ശ്രമങ്ങൾ സൗദി അറേബ്യ ഊർജിതമാക്കിയിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ കഴിഞ്ഞയാഴ്ച റിയാദിൽ ഹൂത്തി, ഒമാൻ പ്രതിനിധികൾ സൗദി അധികൃതരുമായി അഞ്ചു ദിവസം ചർച്ചകൾ നടത്തിയിരുന്നു. വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ യെമൻ ഇപ്പോൾ തന്നെ ഏറെക്കുറെ ശാന്തമായിട്ടുണ്ട്. സിറിയയുമായുള്ള നയതന്ത്രബന്ധവും സൗദി അറേബ്യ മാസങ്ങൾക്കു മുമ്പ് പുനഃസ്ഥാപിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭത്തെ റഷ്യയുടെയും ഇറാന്റെയും ശക്തമായ പിന്തുണയോടെ ചോരയിൽ മുക്കിക്കൊന്നതിനെ തുടർന്നാണ് അറബ് രാജ്യങ്ങൾ സിറിയയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും സിറിയയുടെ അറബ് ലീഗ് അംഗത്വം മരവിപ്പിക്കുകയും ചെയ്തത്. പന്ത്രണ്ടു വർഷത്തോളം നീണ്ട ബഹിഷ്‌കരണത്തിനൊടുവിൽ സിറിയയുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കുകയും അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിക്കുകയും ചെയ്തു. പിന്നാലെ ജിദ്ദയിൽ നടന്ന അറബ് ഉച്ചകോടിയിൽ സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദ് പങ്കെടുക്കുകയും ചെയ്തു. 
ഇടക്കാലത്ത് അൽപം വഷളായ തുർക്കി, സൗദി ബന്ധവും ഇപ്പോൾ കൂടുതൽ ഊഷ്മളത കൈവരിച്ചിട്ടുണ്ട്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദി അറേബ്യ സന്ദർശിക്കുകയും സൗദി അറേബ്യയുമായി മികച്ച സാമ്പത്തിക, നിക്ഷേപ, രാഷ്ട്രീയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള തുർക്കിയുടെ അതിയായ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുർക്കി പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ തുർക്കിയിൽ ബില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപ, സഹായ പദ്ധതികൾ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. 
ഏഴു ദശകം പിന്നിട്ട പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണാനും ശക്തമായ ശ്രമങ്ങളാണ് കാലാകാലങ്ങളായി സൗദി അറേബ്യ നടത്തിവരുന്നത്. ഇസ്രായിലിന്റെ മർക്കടമുഷ്ടി കാരണം ഇവയെല്ലാം നിഷ്ഫലമാവുകയായിരുന്നു. 2002 ബെയ്‌റൂത്ത് അറബ് ഉച്ചകോടിയിൽ മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് സമർപ്പിച്ച അറബ് സമാധാന പദ്ധതി ലോകത്തിന്റെ മുഴുവൻ പ്രശംസയും അംഗീകാരവും നേടി. 1967 ലെ യുദ്ധത്തിൽ ഇസ്രായിൽ പിടിച്ചടക്കിയ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങുകയും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരുന്നതിനും പകരം മുഴുവൻ അറബ് രാജ്യങ്ങളും ഇസ്രായിലുമായി പൂർണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് അറബ് സമാധാന പദ്ധതി വ്യക്തമാക്കുന്നു. മേഖലയിലാകമാനം അശാന്തിയുടെ കാർമേഘങ്ങൾ ഇല്ലാതാക്കി സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും പുതുയുഗപ്പിറവി വാഗ്ദാനം ചെയ്യുന്ന അറബ് സമാധാന പദ്ധതി, സ്വന്തം മണ്ണിൽ നിന്ന് ഫലസ്തീനികളെ ആട്ടിപ്പായിച്ച് മറ്റു ലോക രാജ്യങ്ങളിൽ നിന്ന് പ്രലോഭനങ്ങളിലൂടെ ജൂതന്മാരെ വശീകരിച്ച് കൊണ്ടുവന്ന് ഫലസ്തീനിൽ കുടിയേറ്റ കോളനികളിൽ കുടിയിരുത്തുന്ന നയം ദശകങ്ങളായി നടപ്പാക്കുന്ന ഇസ്രായിൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. ദീർഘകാലമായി നിശ്ചലാവസ്ഥയിലുള്ള പശ്ചിമേഷ്യൻ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയും അറബ് ലീഗും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും മുൻകൈയെടുത്ത് പുതിയ ശ്രമങ്ങൾക്ക് കഴിഞ്ഞ ദിവസം യു.എൻ ആസ്ഥാനത്ത് തുടക്കമിട്ടിരുന്നു. നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള സൗദി, ഇസ്രായിൽ കരാർ ശീതയുദ്ധത്തിനു ശേഷം ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും പ്രധാന സംഭവമാകുമെന്നും ഇസ്രായിലുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നും എന്നാൽ ഫലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകാതെ ഇസ്രായിലുമായി സൗദി അറേബ്യ അടുപ്പം സ്ഥാപിക്കില്ലെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. 
രാജ്യത്തിന്റെ വളർച്ചക്കും അഭിവൃദ്ധിക്കും ജനക്ഷേമ പദ്ധതികൾക്കും പ്രയോജനപ്പെടേണ്ട വിഭവങ്ങൾ സംഘർഷങ്ങൾ ഊറ്റിക്കുടിക്കുമെന്നും സമാധാനം നിലവിൽവരുന്നത് മേഖലയിൽ സമൂലവും സമഗ്രവുമായ വികസനം സാധ്യമാക്കുമെന്നുമുള്ള യാഥാർഥ്യബോധം ഉൾക്കൊണ്ടാണ് ഭിന്നതകളും പിണക്കങ്ങളും സംഘർഷങ്ങളും സമാധാനപരമായ മാർഗങ്ങളിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യ ഊർജിതമാക്കിയിരിക്കുന്നത്. 
മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് അബ്രഹാം കരാറിന്റെ ഭാഗമായി മേഖലയിലെ ചില രാജ്യങ്ങൾ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിച്ചെങ്കിലും ഫലസ്തീൻ പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകാതെ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല എന്ന ഉറച്ച നിലപാട് സൗദി അറേബ്യ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാന നിലപാടുകളിലെയും മൂല്യങ്ങളിലെയും അചഞ്ചലത സൗദി നയതതന്ത്രത്തിന്റെ മുഖമുദ്രയാണ്.
സുഡാൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സുഡാനിൽ പരസ്പരം പോരടിക്കുന്ന സൈനിക വിഭാഗങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് സൗദി അറേബ്യ പലതവണ ജിദ്ദയിൽ സമാധാന ചർച്ചകൾ സംഘടിപ്പിച്ചു. ഫലസ്തീനിലെ ഹമാസ്, ഫതഹ് പാർട്ടികൾക്കിടയിൽ അനുരഞ്ജനമുണ്ടാക്കാനും ലെബനോനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരമുണ്ടാക്കാനും നിസ്തുല ശ്രമങ്ങൾ സൗദി അറേബ്യ നടത്തിയിട്ടുണ്ട്. ഉക്രൈൻ സംഘർഷത്തിന് പരിഹാരം കാണാൻ ശ്രമങ്ങൾ തുടരുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിനുമായും ഉക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്‌കിയുമായും ഊഷ്മളമായ വ്യക്തിബന്ധം കാത്തൂസൂക്ഷിക്കുന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയും റഷ്യയും ചൈനയും ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും സൗദി അറേബ്യയുമായി ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കാൻ മത്സരിക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ സൗദി അറേബ്യക്ക് ലോകത്തുള്ള നിസ്തുല സ്ഥാനവും സൗദി ഭരണാധികാരികൾക്കുള്ള സ്വീകാര്യതയുമാണ് വ്യക്തമാക്കുന്നത്. ലോക രാജ്യങ്ങളെല്ലാം സൗദി അറേബ്യയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി, ഇക്കാര്യം സ്ഥിരീകരിച്ച് ഫോക്‌സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കിരീടാവകാശി പറഞ്ഞു. 
നിരവധി സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വികസനങ്ങൾക്ക് രാജ്യം സമീപ കാലത്ത് സാക്ഷ്യം വഹിച്ചു. ഇത് സ്ത്രീ ശാക്തീകരണം അടക്കം നിരവധി മേഖലകളിൽ അനുകൂല ഫലം ചെലുത്തി. നയതന്ത്ര മേഖലയിലും സർക്കാർ വകുപ്പുകളുടെ തലപ്പത്തും മാത്രമല്ല, ബഹിരാകാശ യാത്രികരുടെ കൂട്ടത്തിലും സൗദി വനിതകൾ നിറസാന്നിധ്യമായി. സ്ത്രീകൾക്കുള്ള ഡ്രൈവിംഗ് അനുമതി, തൊഴിലിടങ്ങളിലെ തുല്യാവകാശം, പീഡന വിരുദ്ധ നിയമം എന്നിവ വനിതാ ശാക്തീകരണ മേഖലയിലെ പ്രധാന നാഴികക്കല്ലുകളാണ്. തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാൻ നടപ്പാക്കിയ പദ്ധതികളിലൂടെ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ നിലക്ക് കുറഞ്ഞു. സൗദിയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് എട്ടു ശതമാനമായും വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായും സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായും കുറഞ്ഞു. 
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി വനിതകൾക്കു മുന്നിൽ അവസരങ്ങളുടെയും സമത്വത്തിന്റെയും അതിവിശാലമായ വിഹായസ്സാണ് തുറന്നിട്ടത്. സർവ മേഖലകളിലും പുരുഷന്മാർക്കൊപ്പം വനിതകളും ഇന്ന് രാഷ്ട്ര നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്നു. ബഹിരാകാശ ദൗത്യത്തിലും റയാന അൽബർനാവിയിലൂടെ സ്ത്രീപുരുഷ സമത്വത്തിന്റെ പുതിയ ഏട് രാജ്യം എഴുതിച്ചേർത്തു. കഴിഞ്ഞ കൊല്ലം ലോകത്ത് ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. 8.7 ശതമാനമായിരുന്നു സാമ്പത്തിക വളർച്ച. ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി പ്രതീക്ഷകളും മറികടന്നുള്ള വളർച്ചാ അനുപാതമായിരുന്നു ഇത്. 
സൗദിയിൽ ടൂറിസം മേഖലാ വളർച്ചക്ക് സഹായിക്കും വിധം മക്കയിലും മദീനയിലും ജിദ്ദയിലും വൻകിട പശ്ചാത്തല പദ്ധതികൾ നടപ്പാക്കിയും വിസകൾ എളുപ്പമാക്കിയും വിദേശ തീർഥാടകരുടെ എണ്ണം പലമടങ്ങ് വർധിപ്പിക്കാൻ സൗദി അറേബ്യ ലക്ഷ്യമിടുന്നു. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന വിദേശ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്താനും രാജ്യം സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയായി ഉയർത്താനും സൗദിയിൽ നിന്ന് നേരിട്ട് വിമാന സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയി ഉയർത്താനും വിഷൻ 2030 പദ്ധതിയും അനുബന്ധ തന്ത്രങ്ങളും ലക്ഷ്യമിടുന്നു. ഈ ലക്ഷ്യത്തോടെയാണ് റിയാദ് എയർ എന്ന പേരിൽ പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിച്ചത്. പൈലറ്റുമാരുടെ റിക്രൂട്ട്‌മെന്റ് ഇതിനകം ആരംഭിച്ച കമ്പനി അടുത്ത വർഷാവസാനത്തോടെ സർവീസുകൾ തുടങ്ങുമെന്നാണ് കരുതുന്നത്. 
നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോൾ ഓൺഅറൈവൽ വിസയും ഇ-വിസയും അനുവദിക്കുന്നുണ്ട്. ദേശീയ വിമാന കമ്പനികളിൽ യാത്ര ചെയ്യുന്നവർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും അനുവദിക്കുന്നുണ്ട്. ഏതിനം വിസകളിലും സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഇപ്പോൾ ഉംറ നിർവഹിക്കാൻ കഴിയും. 
ലോകത്തെ ഏതു രാജ്യങ്ങളിൽ നിന്നുള്ളവർക്കും എളുപ്പത്തിൽ ഉംറ വിസ നേടാനും ഉംറ യാത്ര ആസൂത്രണം ചെയ്യാനും തങ്ങൾക്ക് ആവശ്യമായതും അനുയോജ്യവുമായ സേവനങ്ങൾ തെരഞ്ഞെടുത്തത് ഉംറ പാക്കേജുകൾ സ്വയം തയാറാക്കി പണമടക്കാനും സാധിക്കുന്ന നുസുക് പ്ലാറ്റ്‌ഫോം ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയതും തീർഥാടകരുടെ ഒഴുക്ക് വർധിക്കാൻ സഹായിക്കുന്നു. സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി പ്രധാന സാമ്പത്തിക മേഖലയും വരുമാന സ്രോതസ്സുമാക്കി വിനോദ സഞ്ചാര വ്യവസായ മേഖലയെ പരിവർത്തിപ്പിക്കാനാണ് ശ്രമം.

Latest News