ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മോഡിയെ ക്ഷണിക്കാനൊരുങ്ങി പി.ടി.ഐ

ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനിരിക്കുന്ന പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി അധ്യക്ഷന്‍ ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കാന്‍ പി.ടി.ഐ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഓഗസ്റ്റ് 11-നാണ് ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞ. ചടങ്ങിന് തെക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജനല്‍ കോഓപറേഷന്‍ (സാര്‍ക്ക്) രാഷ്ട്ര തലവന്‍മാരെ ക്ഷണിക്കാനാണു പി.ടി.ഐ ആലോചിക്കുന്നത്. മോഡി ഉള്‍പ്പെടെയുള്ള സാര്‍ക്ക് നേതാക്കളെ ക്ഷണിക്കുന്നതു സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പി.ടി.ഐ നേതാവ് പറഞ്ഞു. ഇതു നടന്നാല്‍ 2014ലെ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു സമാന പരിപാടിയാകും. അന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അടക്കം എല്ലാ സാര്‍ക്ക് രാഷ്ട്ര തലവന്‍മാരും മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിയുക്ത പാക് പ്രധാനമന്ത്രിയായ ഇംറാന്‍ ഖാനെ മോഡി കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.
 

Latest News