Sorry, you need to enable JavaScript to visit this website.

ഹൃദയംതൊട്ട തീരുമാനവുമായി സ്റ്റാലിൻ സർക്കാർ; അവയവദാനം ചെയ്തവരുടെ സംസ്‌കാരം ഇനി സംസ്ഥാന ബഹുമതിയോടെ

ചെന്നൈ - മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചവരുടെ സംസ്‌കാരം ഇനി സംസ്ഥാന ബഹുമതികളോടെ ആയിരിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. അവയവ ദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ തീരുമാനം.
 പ്രിയപ്പെട്ട ഒരാളെ നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അവയവം ദാനം ചെയ്യാൻ സമ്മതം അറിയിക്കുന്നവരുടെ ത്യാഗം നിസ്വാർത്ഥമാണ്. അത്തരത്തിലുള്ള ത്യാഗം നാട് ആദരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ തീരുമാനം അറിയിച്ചത്.
 ഉന്നത പദവികൾ വഹിച്ചവർക്കും ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയവർക്കും രാജ്യത്തും സംസ്ഥാനത്തും വലിയ സംഭാവനകളിലൂടെ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുമാണ് മരണാനന്തരം സർക്കാർ ഔദ്യോഗിക ബഹുമതികൾ നൽകാറുള്ളത്. ഇതാണ് ഇനി തമിഴ്‌നാട്ടിൽ അവയവ ദാതാക്കൾക്കും ലഭിക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ അവയവ ദാന ശസ്ത്രക്രിയ നടക്കുന്ന സംസ്ഥാനമെന്ന നിലയിൽ തമിഴ്‌നാട് സ്വന്തമാക്കിയ മുന്നേറ്റത്തിന്റെ തുടർച്ച കൂടിയാണ് പുതിയ തീരുമാനം. ഇതിന് സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
 

Latest News