തിരുവനന്തപുരം - മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24വരെ കെ എസ് ആര്‍ ടി സി ബസിലാണ് യാത്ര ചെയ്യുക. ഒന്നരമാസക്കാലം മന്ത്രിസഭ ഒന്നടങ്കം സെക്രട്ടേറിയറ്റിന് പുറത്തായിരിക്കും. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാ മണ്ഡലപര്യടനത്തിന്റെ ഭാഗമാണ് ബസ് യാത്ര. 140 നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിസഭാ സംഘം എത്തും. ഒരുദിവസം പോലും വിശ്രമത്തിനായി നീക്കിവെച്ചിട്ടില്ല. ബുധനാഴ്ചകളില്‍ മന്ത്രിസഭാ യോഗത്തിനായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടന സ്ഥലത്തെത്തും. ദിവസവും 4 മണ്ഡലങ്ങളില്‍ സംഘമെത്തും. രാവിലെ ഒരു പ്രധാന കേന്ദ്രത്തില്‍ ആ മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി സംവദിക്കും. 15 മിനിറ്റ് മുഖ്യമന്ത്രി സംസാരിക്കും. 45 മിനിറ്റ് പങ്കെടുക്കുന്നവര്‍ക്ക് അഭിപ്രായങ്ങള്‍ പറയാം. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ അതിനോട് പ്രതികരിക്കും. 11 മണിക്ക് നിയോജകമണ്ഡലം തലത്തിലുള്ള വിപുലമായ യോഗം ചേരും. ഉച്ചയ്ക്ക് ശേഷം മൂന്നിനും 4.30നും 6 മണിക്കും സമാനമായ യോഗങ്ങള്‍ അടുത്ത മണ്ഡലത്തില്‍ ചേരും. എല്ലാ യോഗങ്ങളിലും വിവിധ വകുപ്പ് മേധാവികള്‍ സന്നിഹിതരായിരിക്കും. പ്രത്യേക കൗണ്ടറുകളില്‍ ജനങ്ങള്‍ക്ക് പരാതിയും നിവേദനവും സമര്‍പ്പിക്കാം. അപ്പോള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നതാണെങ്കില്‍ അത് ചെയ്യണമെന്നാണ് നിര്‍ദേശം. പരിപാടിയുടെ ചെലവിന്റെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കും. ബാക്കി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. ഓരോ മണ്ഡലത്തിലെയും എം എല്‍ എക്കാണ് പരിപാടിയുടെ മുഖ്യചുമതല. യു ഡി എഫ് പിന്മാറിയ സാഹചര്യത്തില്‍ ആ മണ്ഡലങ്ങളിലെ ചുമതലക്കാരെ ജില്ലാ എല്‍ ഡി എഫ് യോഗങ്ങള്‍ ചേര്‍ന്ന് നിശ്ചയിക്കും. സര്‍ക്കാറിനെതിരെ വിവാദങ്ങളും ആക്ഷേപങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ജനബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് എത്തുന്നത്.