Sorry, you need to enable JavaScript to visit this website.

Special Story : പാലക്കാട്ട് പോയാല്‍ പണം വാരാമോ? ഭാഗ്യം തേടി ആളുകള്‍ പാലക്കാട്ടേക്ക് വണ്ടി പിടിക്കുകയാണ്


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കിലുക്കം' സിനിമയില്‍ ജഡ്ജിയുടെ വീട്ടിലെ ജോലിക്കാരനായ, ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണിയേട്ടന്‍ ലോട്ടറി അടിച്ചെന്ന് കരുതി ജഡ്ജിയെ തെറി വിളിച്ച് ഇറങ്ങിപ്പോകുന്ന രംഗം ഓര്‍മ്മയില്ലേ. ലോട്ടറി അടിച്ച പണം കൊണ്ട് കാറ് വാങ്ങി സ്വന്തം കാറില്‍ ഞാന്‍ നിന്നെ കാണാന്‍ വരുമെന്നാണ് ജഡ്ജിയോട് കിട്ടുണ്ണിയേട്ടന്‍ വീമ്പിളക്കുന്നത്. ഒടുവില്‍ ലോട്ടറി അടിച്ചതുമില്ല, സ്വന്തം കാറില്‍ വന്നതുമില്ല.  കിട്ടുണ്ണിയേട്ടന് ലോട്ടറി അടിച്ചില്ലെങ്കിലും ലോട്ടറി അടിക്കുമെന്ന് കരുതി മലപ്പുറത്തുകാരും കോഴിക്കോട്ടുകാരും തുടങ്ങി തമിഴന്‍മാര്‍ വരെ വണ്ടി വിളിച്ച് ലോട്ടറി എടുക്കാനായി പാലക്കാട്ടേക്ക് വച്ച് പിടിക്കുകയാണ്. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. കഴിഞ്ഞ കുറച്ച് കാലമായി ഭാഗ്യദേവത പാലക്കാട്ട് തിരിഞ്ഞു കളിക്കുകയാണെന്ന വിശ്വാസമാണ് ലോട്ടറി പ്രേമികള്‍ക്കുള്ളത്. ഈ വര്‍ഷത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടിയുടെ ടിക്കറ്റ് ഏജന്റ് വാങ്ങിയത് കോഴിക്കോട്ടെ ലോട്ടറി ഓഫീസില്‍ നിന്നാണെങ്കിലും വിറ്റത് പാലക്കാട് വാളയാറില്‍. വാങ്ങിയത് തമിഴ്‌നാട്ടുകാര്‍. പോരെ പൂരം. ലോട്ടറി വാങ്ങാനായി പാലക്കാട്ടേക്കുള്ള ആളുകളുടെ ഒഴുക്ക് ഇനിയും അങ്ങനെ തുടര്‍ന്ന് പോകുമെന്നര്‍ത്ഥം.

ഭാഗ്യദേവതയുടെ പാലക്കാട്ടെ തിരിഞ്ഞുകളി

പാലക്കാട്ട് നിന്ന് കേരള സര്‍ക്കാറിന്റെ ലോട്ടറി ടിക്കറ്റ് വാങ്ങിയാല്‍ ഏതെങ്കിലും സമ്മാനം കിട്ടാതിരിക്കില്ലെന്നത് ലോട്ടറി ആരാധകര്‍ക്കിടയിലുള്ള ഒരു വിശ്വാസമാണ്. അന്ധവിശ്വാസമെന്നോ പൊട്ടത്തരമെന്നോപറഞ്ഞു ലോട്ടറി വിരോധികള്‍ ഇതിനെ പരിഹസിക്കുമെങ്കിലും ഈ വിശ്വാസം നാള്‍ക്കുനാള്‍ ബലപ്പെട്ടു വരികയാണെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് മലപ്പുറത്തു നിന്നും കോഴിക്കോട്ട് നിന്നും തൃശൂരില്‍ നിന്നും തുടങ്ങി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങാനായി നൂറ് കണക്കിനാളുകള്‍ ദിവസവും പാലക്കാട്ടേക്ക് ബസ് കൂലി നല്‍കുന്നത്. അതല്ലെങ്കില്‍ സ്വന്തം വാഹനത്തിലോ ടാക്‌സി വിളിച്ചോ ഒക്കെ പോകുന്നത്. ഒന്നിച്ച് പണം മുടക്കിയോ ഇല്ലെങ്കില്‍ മറ്റുള്ളവരെ കൂട്ടി ഷെയറിട്ടോ അന്‍പതും നൂറും ഇരുനൂറുമൊക്കെ ടിക്കറ്റുകള്‍ പാലക്കാട്ടു പോയി ദിവസവും വാങ്ങുന്നവരുണ്ട്. കേട്ടാല്‍ ഭ്രാന്താണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും. പക്ഷേ ലോട്ടറി പ്രേമികള്‍ക്ക് പാലക്കാട് അവരുടെ ഭാഗ്യനാടാണ്. ഭാഗ്യ ദേവത അവിടെ തങ്ങളെയും കാത്തു നില്‍പ്പുണ്ടെന്നാണ് അവരുടെ വിശ്വാസം.
ലോട്ടറി നിരോധനമുള്ള തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതള്‍ ആളുകള്‍ പാലക്കാട്ട് ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ വരുന്നത്. ചെന്നൈയില്‍ നിന്നും മറ്റും ലക്ഷക്കണക്കിന് രൂപയുമായി പാലക്കാടിന്റെ അതിര്‍ത്തിയായ വാളയാറിലേക്ക് ടിക്കറ്റ്  എടുക്കാനായി വരുന്നവരുണ്ടെന്ന് വാളയാറിലെ ലോട്ടറി കച്ചവടക്കാര്‍ പറയുന്നു. ബംപര്‍ ടിക്കറ്റുകളാണെങ്കില്‍ പിന്നെ കാര്യം പറയേണ്ട. അത്രയും ഡിമാന്റാണ്. ഇരട്ടിയിലധികം പണം കൊടുത്ത്  ടിക്കറ്റ് വാങ്ങാന്‍ തയ്യാറാകുന്നവര്‍ ഏറെയുണ്ടാകും. തമിഴ്‌നാട്ടുകാരുടെ കൂടി കച്ചവടം ലക്ഷ്യം വെച്ച് വാളയാര്‍ അതിര്‍ത്തിയിലാണ് പാലക്കാട്ട് ഏറ്റവും കൂടുതല്‍ ലോട്ടറി ഏജന്‍സികളുള്ളത്. എഴുപത്തഞ്ചോളം ഏജന്റുമാരുടെ ലോട്ടറി കടകള്‍ അതിര്‍ത്തിയില്‍ മാത്രമുണ്ട്.  ഏജന്റുമാരില്‍ നിന്ന് ടിക്കറ്റ് വാങ്ങി ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നവര്‍ അതിലറെ വരും. പാലക്കാട് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടുങ്ങി എവിടെ നോക്കിയാലും ലോട്ടറിക്കടകളുടെ പൂരമാണ്. അന്യ ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ഭാഗ്യാന്വേഷികള്‍ നിരനിരയായി ഇവിടേക്ക് ദിവസവും എത്തിക്കൊണ്ടിരിക്കുന്നു. കര്‍ണ്ണാടകയില്‍ നിന്നും മഹാരാഷ്ടയില്‍ നിന്നും മറ്റും ഇവിടേക്ക് സ്ഥിരം ലോട്ടറി വാങ്ങാനെത്തുന്നവരുണ്ടെന്ന് ലോട്ടറി വില്‍പ്പനക്കാര്‍ പറയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍വെച്ച് പോകും. അതിഥി തൊഴിലാളികള്‍ കേരളത്തിലേക്ക് കൂട്ടത്തോടെ എത്തിയതോടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനക്കാരും ഇപ്പോള്‍ കേരള ലോട്ടറിയുടെ സ്ഥിരം കസ്റ്റമര്‍മാരാണ്.

ഭാഗ്യവാനാകാന്‍ പാലക്കാട്ടേയ്ക്ക് പോകണോ?

പാലക്കാട്ടാണ് ഭാഗ്യ ദേവതയുടെ സ്ഥിരം താവളമെന്ന വിശ്വാസം ഓരോ നറുക്കെടുപ്പ് കഴിയുമ്പോഴും ലോട്ടറി പ്രേമികള്‍ക്കിടയില്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ദിവസവും ഓരോ ലോട്ടറി ഇറക്കുന്നുണ്ട്. അതിന് പുറമെ വര്‍ഷത്തില്‍ ആറ് ബംപര്‍ ലോട്ടറികളും. ഡിസംബര്‍- ജനുവരി മാസങ്ങളിലായുള്ള ക്രിസ്മസ്- ന്യൂഇയര്‍ ബംപര്‍, ഫെബ്രുവരി- മാര്‍ച്ച് മാസത്തിലെ സമ്മര്‍ ബംപര്‍, ഏപ്രില്‍ -മെയ് മാസത്തിലെ വിഷു ബംപര്‍, ജൂണ്‍ - ജൂലായ് മാസത്തിലെ മണ്‍സൂണ്‍ ബംപര്‍, ആഗസ്റ്റ് - സെപ്തംബര്‍ മാസത്തിലെ ഓണം ബംപര്‍, ഒക്ടോബര്‍ -നവംബര്‍ മാസത്തിലെ പൂജാ ബംപര്‍ എന്നിവയാണ് ബംപര്‍ നറുക്കെടുപ്പുകള്‍. 
ലോട്ടറി പ്രേമികളുടെ വിശ്വാസത്തെ പുച്ഛിക്കേണ്ടതില്ല. ദിവസേനയുള്ള നറുക്കെടുപ്പിലായാലും ബംപര്‍ നറുക്കെടുപ്പിലായായും കാലങ്ങളായി ഏറ്റവും കൂടുതല്‍ സമ്മാനം കിട്ടുന്നത് പാലക്കാട് ജില്ലയിലാണെന്നത് പാമ്പന്‍ പാലത്തേക്കാള്‍ ഉറപ്പുള്ള വിശ്വാസമാണ്. അതുകൊണ്ടാണ് നാനാഭാഗത്ത് നിന്നും ഭാഗ്യാന്വേഷികള്‍ പാലക്കാട്ടേക്ക് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് വഴി മറ്റെവിടേയ്‌ക്കെങ്കിലും ബസിലും മറ്റും യാത്ര ചെയ്യുന്ന ലോട്ടറി പ്രേമികള്‍ പാലക്കാട് ഇറങ്ങി ലോട്ടറി വാങ്ങാതെ പോകില്ലെന്ന കാര്യം ഉറപ്പാണ്. പാലക്കാട് വഴി പോകുമ്പോഴെല്ലാം അവിടെ ഇറങ്ങി ലോട്ടറി വാങ്ങാറുണ്ടെന്ന് സ്ഥിരമായി ലോട്ടറി എടുക്കുന്ന കോഴിക്കോട്  ചേളന്നൂര്‍ അമ്പലത്ത്കുളങ്ങര സ്വദേശി സി എം സാമി പറയുന്നു. തനിക്ക് അറിയാവുന്ന നിരവധി പേര്‍ സ്ഥിരമായി പാലക്കാട്ട് ലേട്ടറി വാങ്ങാനായി പോകാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം  പാലക്കാട്ടെ വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. തീര്‍ന്നില്ല, രണ്ടാം സമ്മാനമായ ഒരു കോടി രൂപ ജില്ലയില്‍ വിറ്റ 2 ടിക്കറ്റുകള്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ വീതം 3 പേര്‍ക്കും നാലാം സമ്മാനമായ 5 ലക്ഷം രൂപ വീതം 3 പേര്‍ക്കും അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപ വീതം 2 പേര്‍ക്കും ലഭിച്ചു.
ഈ വര്‍ഷത്തെ തുടക്കത്തിലെ ക്രിസ്തുമസ്-പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനമായ 16 കോടി പാലക്കാട്ടായിരുന്നു. പിന്നീട് മണ്‍സൂണ്‍ ബംപറിന്റെ 10 കോടിയും പാലക്കാട് ജില്ലയില്‍ നിന്ന് വിറ്റ ടിക്കറ്റിനായിരുന്നു. ദിവസേന ലോട്ടറി നറുക്കെടുപ്പിലും ഒരുപാട് സമ്മാനങ്ങളുണ്ടാകും. മറ്റ് ജില്ലകളില്‍ അടിക്കുന്ന സമ്മാനങ്ങളിലും പാലക്കാടിന്റെ കൈയ്യൊപ്പ് ഉണ്ടാകാറുണ്ട്. പാലക്കാട്ടെ ഏജന്റുമാര്‍ മറ്റു ജില്ലകളിലേക്ക് വില്‍പ്പനയ്ക്കായി ധാരാളം ടിക്കറ്റുകള്‍ സ്ഥിരമായി നല്‍കാറുണ്ട്. ജില്ലകളിലെ ഏജന്‍സികളോട് പാലക്കാട്ടെ ടിക്കറ്റ് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന നിരവധി പേരുണ്ട്. അതിലും ഒപുപാട് സമ്മാനങ്ങള്‍ കിട്ടാറുമുണ്ട്. അപ്പോള്‍ പിന്നെ ആളുകള്‍ ബസ്സില്‍ കയറിയും ടാക്‌സി വിളിച്ചും മറ്റും പാലക്കാട്ടേയക്ക് ടിക്കറ്റെടുക്കാന്‍ പോകുന്നതിനെ ആര്‍ക്കെങ്കിലും കുറ്റം പറയാന്‍ പറ്റുമോ.

എന്താണ് സമ്മാനത്തിന്റെ ഗുട്ടന്‍സ് 

പാലക്കാട് ജില്ലയില്‍ വില്‍ക്കുന്ന ടിക്കറ്റിന് സ്ഥിരമായി സമ്മാനം അടിക്കുന്നതിന് പിന്നില്‍ വല്ല ഗുട്ടന്‍സുമുണ്ടോ?  ഇതിന് പിന്നില്‍ എന്തൊക്കെയോ ചില തരികിടകള്‍ കാണുന്ന ലോട്ടറി പ്രേമികളുണ്ട്. എന്നാല്‍ ഏറ്റവും സുതാര്യമായി നടക്കുന്നതാണ് കേരള ലോട്ടറിയുടെ നറുക്കെടപ്പ് എന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ചെറിയ സാധ്യത പോലുമില്ല. അപ്പോള്‍ പിന്നെ പാലക്കാടിന് കോടികളും ലക്ഷങ്ങളുമൊക്കെ എപ്പോഴും സമ്മാനം ലഭിക്കുന്നതിന്റെ രഹസ്യമെന്താണ്?  മറ്റൊന്നുമല്ല, ദിവസേനയുള്ള ലോട്ടറിയായാലും ബംപര്‍ ലോട്ടറിയായാലും ഏറ്റവും കൂടുതല്‍ ലോട്ടറി വില്‍ക്കുന്നത് പാലക്കാട്ടാണ്. ഇത്തവണത്തെ ഓണം ബംപറില്‍ കേരളം ആകെ വിറ്റഴിച്ചത് 75 ലക്ഷത്തോളം ടിക്കറ്റുകളാണ്. ഇതില്‍ 11,70,050 ലക്ഷം ടിക്കറ്റുകള്‍ വിറ്റത് പാലക്കാട് ജില്ലയിലാണ്. മ റ്റ് ജിലകളിലും പാലക്കാട്ടെ ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്. ഇത് ഓണം ബംപറിന്റെ മാത്രം കഥയല്ല, എല്ലാ ലോട്ടറികളും ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് പാലക്കാട്ടാണ്. ദിവസേന ഒരു ലക്ഷത്തിലധികം ലോട്ടറികള്‍ പാലക്കാട് ജില്ലയില്‍ വിറ്റഴിക്കുണ്ട്. ഇവിടെ നിന്നുള്ള ടിക്കറ്റ് പുറമെയും ധാരാളം വില്‍ക്കുന്നു. ശരാശരി 9 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലാണ് ഓരോ ലോട്ടറിയും പാലക്കാട്ട് ജില്ലയില്‍ മാത്രം വിറ്റഴിഞ്ഞ് പോകുന്നതെന്നാണ് കണക്ക്. അപ്പോള്‍പ്പിന്നെ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കിട്ടുന്നതും, കിട്ടാനുള്ള സാധ്യതയും പാലക്കാട്ട് തന്നെയായിരിക്കുമല്ലോ. അതില്‍ കവിഞ്ഞ മറ്റൊരു രഹസ്യവും ഇതിന് പിന്നിലില്ല. പാലക്കാട്ട് വില്‍ക്കുന്ന ടിക്കറ്റുകളില്‍ വലിയൊരു ശതമാനവും വാങ്ങുന്നത് അന്യ ജില്ലക്കാരോ അന്യ സംസ്ഥാനക്കാരോ ആണ്. പാലക്കാട്ടുകാര്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലിയ പ്രതിപത്തിയൊന്നും ലോട്ടറി ടിക്കറ്റിനോടില്ല.

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും, അവിടെല്ലാം...

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന കവിഭാവന പോലെയാണ് പാലക്കാട്ടെ ലോട്ടറിയുടെ കാര്യം. പോണ്ടിച്ചേരിയുടെ ഭാഗമായ, കേരളത്തിലേക്ക് കയറിക്കിടക്കുന്ന മാഹിയില്‍ എവിടെ നോക്കിയാലും മദ്യശാലകളാണ്. അതിന്റെ മറ്റൊരു രൂപമാണ് പാലക്കാട്ട്. എവിടെ നോക്കിയാലും ലോട്ടറിക്കടകളും ലോട്ടറി വില്‍പ്പനക്കാരുമാണ്. ആളുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ ഓരോ ഏജന്റുമാരും തങ്ങള്‍ വിറ്റ ടിക്കറ്റിന് ലഭിച്ച സമ്മാനങ്ങളുടെ വിവരങ്ങള്‍ വലിയ അക്ഷരങ്ങളില്‍ തന്നെ കടയ്ക്ക് മുന്നില്‍ എഴുതിവെയ്ക്കുന്നു. അലങ്കാര ബള്‍ബുകളും മറ്റും തൂക്കി കട കൂടുതല്‍ ആകര്‍ഷകമാക്കാനും കടക്കാര്‍ മറക്കാറില്ല. ഇത്തവണ ഓണം ബംപര്‍ നല്ല രീതിയില്‍ വിറ്റു പോയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് എല്ലാ ലോട്ടറി കച്ചവടക്കാരും. ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥവരെ വന്നു. ധാരാളം ടിക്കറ്റുകള്‍ പാലക്കാട്ട് വിറ്റു പോകുന്നതുകൊണ്ട് തന്നെയാണ് സ്ഥിരമായി നിരവധി സമ്മാനങ്ങള്‍ ജില്ലയില്‍ നേടുന്നതെന്ന് ലോട്ടറി കച്ചവടക്കാരും പറയുന്നു. സ്വന്തം ഫോണിന്റെ അവസാന ആറക്ക നമ്പറിലും കാറിന്റെ നമ്പറിലും ആധാര്‍ കാര്‍ഡിന്റെ നമ്പറിലുമുള്ള ടിക്കറ്റുകള്‍ കിട്ടാനായി സ്ഥിരം അന്വേഷിച്ചു വരുന്നവരുണ്ടെന്നാണ് കച്ചവടക്കാരുടെ വെളിപ്പെടുത്തല്‍. സംഖ്യാ ശാസ്ത്രത്തില്‍ വിശ്വാസമുള്ളവര്‍ അതുപ്രകാരമുള്ള ടിക്കറ്റുകള്‍ മാത്രമേ എടുക്കൂ. മറ്റു ചിലര്‍ക്കാകട്ടെ തങ്ങളുടെ ജനന തിയ്യതിയുള്ള ടിക്കറ്റുകള്‍ തന്നെ കിട്ടണം. ഏത് വഴിയ്ക്കാണ് ഭാഗ്യം കയറി വരുന്നതെന്ന് ആര്‍ക്കും അറിയാന്‍ പറ്റില്ലല്ലോ. ചെന്നൈയില്‍ നിന്നും മറ്റും കുടുംബത്തോടൊപ്പം പാലക്കാട്ട് സ്ഥിരമായി എത്തി വലിയ തുകയ്ക്ക് ലോട്ടറിയെടുക്കുന്നവരുമുണ്ട്. 

കേരളത്തിലെ ആദ്യ ലോട്ടറി

 

അര ലക്ഷത്തില്‍ നിന്ന് 25 കോടിയിലേക്ക് 

ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം.  കേരളപ്പിറവിയുടെ പത്താം വര്‍ഷത്തില്‍ അന്നത്തെ ഇ എം എസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി.കെ.കുഞ്ഞ് ആണ് ആദ്യമായി സര്‍ക്കാറിന്റെ ധനശേഖരണാര്‍ത്ഥം സംസ്ഥാന ലോട്ടറി നടപ്പാക്കിയത്. കേരള സര്‍ക്കാര്‍ ലോട്ടറി നടത്തുന്നതിന് മുന്‍പ് എം എസ് എം കോളേജിന് വേണ്ടിയുള്ള ധനശേഖണാര്‍ത്ഥം 1967 ല്‍ ലോട്ടറി നടത്തിയ ആളാണ് പി കെ കുഞ്ഞ് . ആ പരിചയമാണ് കേരള ലോട്ടറി നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയായിരുന്നു. ഒന്നാം സമ്മാനം 50,000 രൂപയായിരുന്നു. ബുധനാഴ്ച ഒഴികെ ദിവസേനയുള്ള നറുക്കെടുപ്പിന്റെ ടിക്കറ്റിന് ഇപ്പോള്‍ 40 രൂപയാണ് വില. 70 ലക്ഷം മുതല്‍ 80 ലക്ഷം വരെയാണ് വിവിധ ദിവസങ്ങളിലായി ഒന്നാം സമ്മാനം നല്‍കുന്നത്. ബുധനാഴ്ച 50 രൂപയാണ് ടിക്കറ്റ് വില ഒരു കോടിയാണ് ഒന്നാം സമ്മാനം. ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഓണം ബംപറിനാണ്. സമ്മാനം 25 കോടി, ടിക്കറ്റ് വില 500 രൂപയാണ്.

ലോട്ടറി ഈ നാടിന്റെ ഐശ്വര്യം

കേരളത്തിലെ ലോട്ടറി വില്‍പ്പനയുടെ കണക്കുകളിലേക്ക് കടക്കുമ്പോഴാണ് എല്ലാവരും അതിശയം കൂറുക. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ പ്രതിദിനം ചെലവാകുന്നത് 70 ലക്ഷത്തിനും 90 ലക്ഷത്തിനും ഇടയില്‍ ലോട്ടറി ടിക്കറ്റുകളാണെന്നാണ് കണക്ക്. ആളോഹരി ടിക്കറ്റ് കണക്കാക്കിയാല്‍ മൂന്നില്‍ ഒരാളെങ്കിലും ദിനം പ്രതി കേരള ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നുണ്ടെന്ന് സാരം. നിലവില്‍ ദിനം പ്രതി 1.08 കോടി ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുവാദമാണ് സംസ്ഥാന ലോട്ടറി വകുപ്പിന് ധനവകുപ്പ് നല്‍കിയിട്ടുള്ളത്.  അച്ചടിക്കുന്ന ടിക്കറ്റുകളില്‍ ശരാശരി അഞ്ച് ശതമാനത്തോളം ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കാതെ വരുന്നുള്ളൂ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 7144.54 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് വില്‍പ്പന നടത്തിയത്. അതില്‍ നിന്നാണ് 2000 കോടി രൂപയുടെ നികുതി വരുമാനം ലഭിച്ചു. ഏതാണ്ട് 55,000 ഏജന്റുമാരും ഒന്നര ലക്ഷത്തിലേറെ വില്‍പ്പനക്കാരുമാണ് കേരള ലോട്ടറിക്കുള്ളത്.

Latest News