Sorry, you need to enable JavaScript to visit this website.

'ഷാജിക്കും ലീഗിനും സ്ത്രീകൾ വെറും സാധനങ്ങൾ'; ഷാജിക്ക് കുശുമ്പ് കുത്തുന്നുവെന്നും മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം - ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ പരാമർശത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഷാജിയുടെ പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. രണ്ടാം പ്രാവശ്യവും മികച്ച വിജയത്തോടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ, മിടുക്കിയായ മന്ത്രി വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പു കുത്തുന്നത് കാണുമ്പോൾ സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ലെന്നും ഷാജിക്കും ലീഗിനും സ്ത്രീകൾ വെറും സാധനങ്ങൾ മാത്രമാണെന്നും മന്ത്രി വിമർശിച്ചു. 
 വിദ്യാസമ്പന്നയും ബുദ്ധിമതിയും കർമകുശലയുമായ വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടൽ ശേഷിയും നേതൃപാടവവും മികച്ച നിലയിൽ തെളിയിച്ച വനിതാരത്‌നമാണ്. അവരെ അന്തവും കുന്തവുമില്ലാത്ത 'സാധനം' എന്നാണ് ഷാജി വിശേഷിപ്പിച്ചത്. ഷാജിയും അദ്ദേഹത്തിന്റെ പാർട്ടിയും വെറും സാധനങ്ങൾ മാത്രമായാണ് സ്ത്രീകളെ കാണുന്നതെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്‌കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
 അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്നായിരുന്നു കെ.എം ഷാജിയുടെ ലീഗ് വേദിയിലെ പ്രസംഗം. വീണ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ വരുന്നതെന്നും ഷാജി പരിഹസിച്ചിരുന്നു.
 

Latest News