കോഴിക്കോട് - താനും വി. മുരളീധരനും കളിച്ച് സുരേഷ് ഗോപിയെ തൃശൂരിൽ നിന്നു തെറിപ്പിച്ചുവെന്നതിന് എഫ്.ബിയിൽ മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ.
തൃശ്ശൂരിൽ സുരേഷ്‌ഗോപിതന്നെ എന്ന് വ്യക്തമാക്കിയാണ് ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. സുരേഷ് ഗോപിയെ വടക്കും നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. സുരേഷ് ഗോപിയുടെ പേരിൽ രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരശോധിക്കാനുള്ള ബാധ്യതയല്ലേ ഇത്തരക്കാർക്ക്. ഇത് കോൺഗ്രസ്സ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോൺഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിടുന്നത്. 'അതേ'ചാനലിലെ കോൺഗ്രസ്സ് ഏജന്റായ റിപ്പോർട്ടറാണ് ആദ്യം ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും . അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകളാണിതെല്ലാമെന്നും സുരേന്ദ്രൻ എഫ്. ബിയിൽ കുറിച്ചു.