നിപ്പ, കേരളത്തില്‍ പുതിയ കേസുകളില്ല-മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം - കോഴിക്കോട് ഇന്ന്(വെള്ളി) പുതിയ നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ ഫലം ലഭിച്ച ഏഴു സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്‌സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

Latest News