Sorry, you need to enable JavaScript to visit this website.

ബി.ജെ.പി ആക്ഷേപിച്ച ഡാനിഷ് അലിയെ വീട്ടിലെത്തി ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി

ന്യൂദൽഹി- ലോക്‌സഭയിൽ ബി.ജെ.പി നേതാവ് ആക്ഷേപിച്ച ബഹുജൻ സമാജ് വാദി പാർട്ടി എം.പി ഡാനിഷ് അലിയെ ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡാനിഷ് അലിയെ ഭീകരനും തീവ്രവാദിയുമാക്കി അധിക്ഷേപിക്കുകയും മുല്ല എന്നും സുന്നത്ത് കഴിച്ചവൻ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തത് ബി.ജെ.പി എം.പി, സൗത്ത് ദൽഹിയിൽനിന്നുള്ള രമേഷ് ബിധുരിയായായിരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ചന്ദ്രയാൻ സംബന്ധിച്ച ചർച്ചയിലാണ് വിദ്വേഷ പരാമർശം നടത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയ ഡാനിഷ് അലിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചത്. 
അതേസമയം, രമേഷ് ബിധുരി എം.പിക്ക് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇയാളുടെ പരാമർശത്തിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിംഗ് മാപ്പു പറഞ്ഞു. എന്നാൽ ബി.ജെ.പിയുടെ മാപ്പ് നാടകമാണെന്നും എം.പിയെ സസ്‌പെന്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജീവിതത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ആക്ഷേപം കേൾക്കെണ്ടി വരുന്നതെന്ന് ഡാനിഷ് അലി പറഞ്ഞു. പാർലമെന്റിൽ ബി.ജെ.പി എം.പി നടത്തിയ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സ്പീക്കർക്ക് നൽകിയ കത്തിൽ ഡാനിഷ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പിക്ക് ഇത്തരത്തിൽ ഭീഷണിയും വിദ്വേഷ പ്രസംഗവും നേരിടേണ്ടി വരുന്നത് ഇതാദ്യമാണെന്നും തനിക്ക് രാത്രി മുഴുവൻ ഉറങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
ബി.ജെ.പി എം.പി വിദ്വേഷ പ്രസംഗം നടത്തുമ്പോൾ അടുത്തിരുന്ന ചിരിച്ച മുൻ കേന്ദ്രമന്ത്രി ഹർഷ് വർധന് എതിരെയും പ്രതിഷേധം ഉയർന്നു. എന്നാൽ, പാർലമെന്റിലെ ബഹളത്തിനിടയിൽ പരാമർശം കേൾക്കാനായില്ലെന്നും താൻ ചിരിച്ചുവെന്ന് പറയുന്നത് തന്റെ ഇമേജ് തകർക്കാൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ച വ്യാജ പ്രചാരണങ്ങളാണെന്നും ഹർഷ് വർധൻ പറഞ്ഞു. അതിനിടെ, ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള മുന്നറിയിപ്പ് നൽകി.
 

Latest News