സി.പി.എം നേതാക്കളുടെ ഭാര്യമാരുടെ പേരിൽ അപകീർത്തി പ്രചാരണം; കോൺഗ്രസ് പ്രവർത്തകന് ജാമ്യം

 തിരുവനന്തപുരം - സി.പി.എം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റായ നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി എബിൻ കോടങ്കര(27)യെയാണ് തിരുവനന്തപുരം എ.സി.ജെ.എം കോടതി ജാമ്യത്തിൽ വിട്ടത്. 
 സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. വനിതാ സഖാക്കളുടെ ഫേസ്ബുക്കിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു പ്രതി. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയിൽ നിന്നായിരുന്നു എബിൻ അപകീർത്തിപരമായ ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് സൈബർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വനിതാ നേതാക്കൾക്കെതിരെ ഇതേ പ്രൊഫൈലിൽ നിന്ന് വ്യാജ പോസ്റ്റുകളും പ്രചരിച്ചിരുന്നു.

Latest News