Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീ പീഡനം: ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ പോലീസ് ജലന്ധറിലേക്ക്

കോട്ടയം- ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താന്‍ വെള്ളിയാഴ്ച ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു. ഇതു സംബന്ധിച്ച സന്ദേശം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കേരളത്തിലെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന് മുന്‍പ് ഡി.ജി.പിയെ കണ്ട് അന്വേഷണ സംഘം അന്വേഷണ പുരോഗതി അറിയിക്കും. ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താന്‍ ഉപയോഗിച്ച ബി.എം.ഡബ്ല്യു കാര്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം നടത്തിയതിനെ തുടര്‍ന്ന് ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെ നടപടി. പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് സഭയുടെ നടപടി. കുര്യനാട് ആശ്രമത്തില്‍ നിന്നു ജെയിംസ് ഏര്‍ത്തയിലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ സഭ വിശദീകരണവും തേടിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ഒപ്പമുള്ള കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന സാഹചര്യത്തിലാണ് ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെ സഭ നടപടിയെടുത്തത്.
സ്ഥലം മാറ്റിയതു കൂടാതെ ആശ്രമത്തിന്റെ പ്രയോര്‍ സ്ഥാനത്ത് നിന്നും സ്‌കൂളുകളുടെ മാനേജര്‍ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. സി.എം.ഐ സെന്റ് ജോസഫ് പ്രൊവിന്‍സിന്റേതാണ് നടപടി. സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാനും ജെയിംസ് ഏര്‍ത്തിയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പിന്‍വലിക്കാന്‍ സ്വാധീനം ചെലുത്തിയ സാഹചര്യത്തില്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ച ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ഇതിന്റെ ഭാഗമായി ഫോണ്‍ സംഭാഷണവും കന്യാസ്ത്രീയുടെ മൊഴിയും പാല മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 
 

Latest News