മുപ്പതിലേറെ കേസുകളിലെ മോഷ്ടാവ് പോലീസ് പിടിയില്‍

കൊച്ചി- മുപ്പതിലേറെ കേസുകളില്‍ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദ്ദീഖ് (54) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. 

മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് എട്ടാം തിയ്യതിയാണ് സിദ്ദീഖ് ജയില്‍ മോചിതനായത്. മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ബേക്കറികള്‍ തുടങ്ങിയവ പകല്‍ കണ്ടുവയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയുമാണ് രീതി. 

ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല. രാത്രിയില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണക്കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം, മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയവ സിദ്ദീഖിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു. 

ഇന്‍സ്‌പെക്ടര്‍ പി. എം. ബൈജു, എസ്. എ എം. വി. റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ആര്‍ ശശികുമാര്‍, വി. കെ. സുഭാഷ് കുമാര്‍, എ. ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Latest News