'ഇത് കേരളമാണ്, ഇവിടെയിങ്ങനെയൊക്കെ നടക്കുമോ, കേരളത്തിൽ പോലും ഇങ്ങനെയാണെങ്കിൽ മറ്റിടങ്ങളിൽ എന്തായിരിക്കും അവസ്ഥ'.... അനഭിലഷണീയമായ ഓരോ സംഭവമുണ്ടാകുമ്പോഴും നാം നിരന്തരം കേൾക്കുന്ന വാചകങ്ങളാണിവ. കൂടെ മറ്റൊന്നു കൂടി കേൾക്കാം. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണിവ. കഴിഞ്ഞ ദിവസവും ഇതേ വാചകങ്ങൾ കേരളം കേട്ടു. പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ നേരിട്ട അയിത്തത്തിനു സമാനമായ അനുഭവവുമായി ബന്ധപ്പെട്ടാണത്. സാക്ഷാൽ മുഖ്യമന്ത്രി പോലും ഇതാവർത്തിച്ചു. കേരളം മറ്റു സംസ്ഥാനങ്ങളെ പോലെയല്ല, അയിത്തത്തെയെല്ലാം അതിജീവിച്ചു, ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഭരണകാലത്തു തന്നെ മൂന്നു ദുരഭിമാന ജാതിക്കൊലകളെങ്കിലും നടന്ന സംസ്ഥാനാണ് കേരളം എന്നതെങ്കിലും അദ്ദേഹം ഓർക്കണമായിരുന്നു. തിക്താനുഭവം നേരിട്ട മന്ത്രി രാധാകൃഷ്ണനും സമാന രീതിയിൽ സംസാരിക്കുന്നത് കേട്ടു. ഇത് ജാതികേരളം തന്നെയാണെന്നും അതിന്റെ ഭാഗമാണ് മന്ത്രിയായിട്ട് പോലും തനിക്ക് ഈ അനുഭവമുണ്ടായതെന്നുമാണ് അദ്ദേഹം മനസ്സിലാക്കേണ്ടത്.
വാസ്തവത്തിൽ കേരളത്തെ കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ? സമാനമായ എത്രയോ സംഭവങ്ങൾ ദിനംപ്രതി ഇവിടെ നടക്കുന്നു എന്നതല്ലേ വസ്തുത? പോയ വാരത്തിൽ തന്നെ തിരുനെല്ലി ക്ഷേത്രത്തിൽ നടന്ന ആദിവാസി വിവാഹത്തിന്റെ വീഡിയോ നമ്മൾ കണ്ടതാണ്. വിവാഹമാല വധൂവരന്മാർക്ക് എറിഞ്ഞുകൊടുക്കുകയാണ് പൂജാരി ചെയ്യുന്നത്. അതിന് തൊട്ടുമുമ്പല്ലേ ശബരിമലയിൽ ഉണ്ണിയപ്പമുണ്ടാക്കാനുള്ള കരാർ നേടിയ പട്ടികജാതിക്കാരനായ വ്യക്തിക്ക് മർദനമേറ്റത്? നവോത്ഥാനത്തിൽ നമ്മേക്കാൾ പിറകിലായ തമിഴ്‌നാട്ടിൽ പോലും ദളിതർക്കും സ്ത്രീകൾക്കും പൂജാരിയാകാനുള്ള അവസരമുള്ളപ്പോൾ കേരളത്തിൽ അത് സാധ്യമാണോ? ദളിത് കലാകാരന്മാർക്ക് ക്ഷേത്രത്തിനകത്ത് കലാരൂപങ്ങളാവിഷ്‌കരിക്കാനുള്ള അവസരങ്ങൾ കിട്ടുന്നുണ്ടോ? സാക്ഷാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ജാതിയുടെ പേരിൽ കല്ലൂർ ബാബുവെന്ന ഇലത്താള കലാകാരനെ പഞ്ചവാദ്യ സംഘത്തിൽ നിന്ന് മാറ്റിനിർത്തിയത് അടുത്തയിടെയാണ്. തന്ത്രിയുടെ വാക്കാണ് അവസാനത്തേത് എന്നു പറഞ്ഞ് ദേവസ്വം അധികൃതർ അതിനെ ന്യായീകരിക്കുകയായിരുന്നു. ഈ വിഷയത്തിലും സമാനമായ ന്യായീകരണങ്ങൾ പുറത്തു വരുന്നുണ്ട്. അതേസമയം ഈ വർഷവും ശബരിമലയിലെ മേൽശാന്തി മലയാള പുരുഷ ബ്രാഹ്മണൻ തന്നെ വേണം എന്നാണല്ലോ ഇതേ രാധാകൃഷ്ണൻ തന്നെ ഭരിക്കുന്ന ദേവസ്വം ബോർഡിന്റെ തീരുമാനം? മഹത്തായ മതേതര ആഘോഷം എന്നൊക്കെ വിശേഷിപ്പിക്കുന്ന പ്രസിദ്ധമായ തൃശൂർ പൂരത്തിലെ പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്ര സമിതികളിലും അയിത്തമില്ലേ? അവിടെ സവർണരല്ലാത്ത ആരെങ്കിലുമുണ്ടോ?
കേരളത്തിൽ പ്രകടമായ രീതിയിൽ അയിത്തമില്ലെന്നു പലരും വാദിക്കാറുണ്ട്. എന്നാൽ ഇപ്പറഞ്ഞതെല്ലാം പ്രകടമായ അയിത്തമല്ലാതെ മറ്റെന്താണ്? പരോക്ഷമായ അയിത്തമാകട്ടെ, ഒരുപാടുണ്ട്. സ്വജാതീയ വിവാഹങ്ങളും അതിനുള്ള പരസ്യങ്ങളും മാട്രിമോണിയൽ സ്ഥാപനങ്ങളുമെല്ലാം മറ്റെന്താണ്? ജനറൽ സീറ്റുകളിൽ കെ. രാധാകൃഷ്ണനെയും കൊടിക്കുന്നിൽ സുരേഷിനെയും പോലുള്ള ഉന്നത നേതാക്കളെ പോലും മത്സരിപ്പിക്കാത്തതോ? ഏറ്റവും സീനിയറായിട്ടും രാധാകൃഷ്ണനോട് വകുപ്പുവിഭജനത്തിൽ അയിത്തം കൽപിച്ചില്ല എന്നു പറയാനാകുമോ? പേരിനു പിറകിലെ സവർണ വാലുകൾ തിരിച്ചുവരുന്നതും സവർണ ജാതിപ്പേരുകളിലുള്ള ഭക്ഷ്യവസ്തുക്കളാൽ മാർക്കറ്റ് നിറയുന്നതും കലോത്സവമടക്കമുള്ള പരിപാടികൾക്ക് ബ്രാഹ്മണർ തന്നെ ഭക്ഷണമുണ്ടാക്കണമെന്ന അലിഖിത നിയമവും ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവുമായ സംഭാഷണ ശൈലികളുമൊക്കെ മറ്റുദാഹരണങ്ങൾ. മാത്രമല്ല, നവോത്ഥാനത്തിന്റെ തുടർച്ചയായി സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്ന പലതും ഇവിടെ ഉണ്ടായതുമില്ല. മിശ്രഭോജനത്തിന്റെ തുടർച്ചയായി മിശ്രവിവാഹങ്ങളോ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ തുടർച്ചയായി ക്ഷേത്രത്തിനകത്തെ ആചാരങ്ങളിലും പൂജകളിലും കലാരൂപങ്ങളിലും എല്ലാവർക്കും പ്രവേശനമോ ലഭിച്ചോ? എല്ലാ ജാതി മത വിഭാഗങ്ങളുടെ മുന്നിലും എല്ലാ ആരാധനാലയങ്ങളും തുറന്നോ? ശബരിമലയിലടക്കമുള്ള ആരാധനാലയങ്ങളിൽ പല രീതിയിലും നിലനിൽക്കുന്ന സ്ത്രീകൾക്കെതിരായ വിവേചനങ്ങൾക്കറുതി വന്നോ?
ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി കേൾക്കുന്ന മറ്റൊരു പ്രചാരണത്തിന്റെ സത്യാവസ്ഥയും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയുടെ പിതൃത്വം തങ്ങൾക്കാണെന്ന കമ്യൂണിസ്റ്റുകാരുടെ അവകാശവാദമാണത്. രാധാകൃഷ്ണന്റെ അനുഭവത്തെ തുടർന്നും അത് കേട്ടു. സത്യമെന്താണ്? ചാന്നാർ ലഹളയിലോ അരുവിപ്പുറം പ്രതിഷ്ഠയിലോ വില്ലുവണ്ടിസമരത്തിലോ മിശ്രഭോജനത്തിലോ ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടങ്ങളിലോ വിദ്യാഭ്യാസാവകാശത്തിനായി നടന്ന പോരാട്ടങ്ങളിലോ അക്കാലങ്ങളിൽ രൂപീകരിച്ചിട്ടു പോലുമില്ലാത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തു പങ്കാണുള്ളത്? നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണിൽ വളരെ അനായാസമായി തങ്ങളുടെ പ്രസ്ഥാനത്തെ വളർത്തിയെടുക്കുകയാണവർ ചെയ്തത്. അതാകട്ടെ, നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെയും തുടർച്ചയെയും തകർത്ത്, കേവല സാമ്പത്തിക വാദത്തിലും വർഗ രാഷ്ട്രീയത്തിലും ഊന്നിയായിരുന്നു. അതാണ് കേരളത്തിന്റെ പിന്നീടുള്ള പിറകോട്ടുപോക്കിന് പ്രധാന കാരണമായത്. ഇപ്പോൾ രാധാകൃഷ്ണന് ഈ അനുഭവം നടന്ന പയ്യന്നൂർ ഏറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണല്ലോ. ഇപ്പോഴത് സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ കോട്ടയാണ്. പാർട്ടിയറിയാതെ ഇല പോലും അനങ്ങാത്ത പ്രദേശം. പ്രസ്തുതക്ഷേത്രം ഭരിക്കുന്നതും ദേവസ്വം ഭരിക്കുന്നതും സ്ഥലം എം.എൽ.എയുമൊക്കെ അവർ തന്നെ. അതേ വേദിയിൽ വെച്ചു തന്നെ രാധാകൃഷ്ണൻ ഈ അനുഭവം പറഞ്ഞിട്ടും ഇതുവരെയും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല എന്നോർക്കണം. ഇപ്പോൾ അദ്ദേഹം തന്നെ പറയുന്നു, നടപടിയൊന്നും വേണ്ട എന്ന്. അതായത് അയിത്തമെന്ന കുറ്റകൃത്യം ചെയ്തവർ ശിക്ഷിക്കപ്പെടരുതെന്ന്. അപ്പോൾ രാധാകൃഷ്ണനെ നയിക്കുന്ന വികാരമെന്താണെന്നതും ചർച്ച ചെയ്യേണ്ടതല്ലേ? അത് തന്നെയാണ് യഥാർത്ഥ പ്രശ്‌നം.
അതിനിടെ പല ദളിത് പ്രവർത്തകരും മുന്നോട്ടു വെക്കുന്ന ഒരു പ്രധാന വിഷയം കൂടി ചർച്ച ചെയ്യേണ്ടതാണെന്നു തോന്നുന്നു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടതാണത്. എല്ലാ കാലത്തും ഹിന്ദുമതത്തിന്റെ അടിത്തറയായിരുന്ന ചാതുർവർണ്യത്തിനു പുറത്തായിരുന്ന ദളിതരും ആദിവാസികളുമടക്കമുള്ള ജനവിഭാഗങ്ങളെ അതിക്രൂരവും ജനാധിപത്യ വിരുദ്ധവുമായ ജാതിവ്യവസ്ഥ നിലനിർത്തിത്തന്നെ അതിന്റെ ഭാഗമാക്കുകയാണ് ക്ഷേത്രപ്രവേശന വിളംബരം ചെയ്തത് എന്നതാണത്. കേരളത്തിൽ മതപരിവർത്തനം ശക്തമായപ്പോൾ അതിനു തടയിടാൻ കൂടിയായിരുന്നു ഈ നടപടി എന്നുമവർ ചൂണ്ടിക്കാട്ടുന്നു. തീർച്ചയായും ആരാധനാലയങ്ങളിലടക്കം ഏതു മേഖലയിലും പ്രത്യക്ഷമായും പരോക്ഷമായും നിലനിൽക്കുന്ന അയിത്തത്തിനെതിരെ ശബ്ദിക്കുമ്പോഴും ഈ ഒരു രാഷ്ട്രീയ പ്രശ്‌നം കൂടി ചർച്ച ചെയ്യണമെന്നാണ് തിരുനെല്ലിയിലുംു പയ്യന്നൂരിലും മറ്റു പലയിടങ്ങളിലും നടന്ന സംഭവങ്ങൾ നൽകുന്ന സൂചന. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അതേറെ പ്രസക്തമാണുതാനും.