കൊച്ചി- സംസ്ഥാന ഹജ് ക്യാംപിന് ഇന്ന് കൊച്ചി വിമാനതാവളത്തിൽ ഔദ്യോഗിക തുടക്കം കുറിക്കാനിരിക്കെ ഭീഷണിയായി പെരുമഴയും ഡാം തുറക്കലും. അണക്കെട്ടുകൾ തുറന്ന് വെള്ളം പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോട്ടിൽ കയറിയാൽ വിമാനതാവളം അടക്കേണ്ടി വരും. ഈ സഹചര്യത്തിൽ നെടുമ്പാശേരി വഴിയുള്ള ഹജ് യാത്രക്ക് ഭീഷണി നേരിടുമെന്നാണ് വിലയിരുത്തൽ. എന്നാൽ, നിലവിൽ ഇത്തരം ഭീഷണികൾ നിലവിൽ ഇല്ലെന്നും അതേസമയം ഏത് സഹചര്യവും നേരിടാൻ സംസ്ഥാന സർക്കാറും ഹജ് കമ്മിറ്റിയും സജ്ജമാണെന്നും ഹജ് വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന തദ്ദേശ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ മലയാളം ന്യൂസിനോട് പറഞ്ഞു. സ്വാഭാവികമായും കരിപ്പൂരിൽനിന്നായിരിക്കും അടുത്തവർഷം മുതൽ ഹജ് യാത്രകളെന്ന് വ്യക്തമാക്കിയ മന്ത്രി നിലവിലുള്ള സഹചര്യത്തിൽ കൊച്ചിയിൽ തന്നെയായിരിക്കും ഹജ് എംബാർക്കേഷൻ പോയിന്റ് നിലനിർത്തുക എന്നും വിശദീകരിച്ചു. നിലവിൽ ഭീതിയുള്ള സഹചര്യമില്ല. എന്നാൽ വിമാനതാവളം അടക്കേണ്ടി വന്നാൽ കരിപ്പൂരല്ലാതെ മറ്റു മാർഗമില്ലെന്നും മന്ത്രി സൂചിപ്പിച്ചു.
2013 ൽ ചെങ്ങൽതോട്ടിൽ വെള്ളം പൊങ്ങിയതാണ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചത്. അന്ന് റൺവേയിൽ വെള്ളം കയറിയതോടെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. പിന്നീട് മണിക്കൂറുകൾ എടുത്ത് റൺവേയിൽ നിന്നും വെള്ളം പമ്പ് ചെയ്തു മാറ്റുകയായിരുന്നു. വിമാനത്താവളത്തിന്റെ നിർമാണത്തിന്റെ ഭാഗമായി പെരിയാറിൻ പല കൈവഴികളും ചെറുതോടുകളും അടഞ്ഞു പോയതാണ് അന്ന് വെള്ളപ്പൊക്കത്തിന് കാരണമായത്. പിന്നീട് സിയാൽ മുൻകയ്യെടുത്ത് ചെങ്ങൽത്തോടിന്റെ ആഴം കൂട്ടി, ബണ്ടുകൾ ശക്തിപ്പെടുത്തി. ഇത്തവണ ഇടുക്കി അണക്കെട്ടു തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളത്തിൽ എമർജൻസി സെൽ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, ഇടുക്കി ഇടമലയാർ അണക്കെട്ടുകൾ ഒരുമിച്ച് തുറന്നാൽ കൊച്ചി വിമാനത്താവളം അടക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. വിമാനത്താവളത്തിൽ എം.ഡി വി.ജെ.കുര്യന്റെ നേതൃത്വത്തിൽ സുരക്ഷാ അവലോകന യോഗം ചേർന്നു. അടിയന്തര സാഹചര്യം വന്നാൽ എടുക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം മുതൽ സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി സി.ഐ.എസ്.എഫ് എല്ലാ ഷിഫ്റ്റിലും ഇരുപത് ഉദ്യോഗസ്ഥരെ അധികം വിന്യസിച്ചിരുന്നു.
ഹജ് വിമാനം ഇത്തവണ കരിപ്പൂരില്‍ നിന്നു തന്നെ പറന്നുയരുമോ?
നിലവില്‍ കരിപ്പൂരിൽ ഹജ് എംബാർക്കേഷൻ പോയിന്റിന് ഒരു തടസവുമില്ല. വര്‍ഷങ്ങളായി വെറുതെ കിടക്കുന്ന ഹജ് ഹൗസും ക്യാംപിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ ഉണ്ട്. കരിപ്പൂർ വിമാനതാവളത്തിൽ വലിയ വിമാനങ്ങളിറങ്ങാനുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുമുണ്ട്. വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതിക്കുവേണ്ടി മുറവിളി തുടരുന്നതിനിടെയാണ് ഇന്നലെയും ഇന്നുമായി കൂറ്റന്‍ സൈനിക വിമാനം കരിപ്പൂരിലിറങ്ങിയത്. വലിയ വിമാനങ്ങളുടെ ശ്രേണിയിൽ പെട്ട വ്യോമസേനയുടെ വിമാനങ്ങളാണ് കരിപ്പൂരിൽ അനായാസം ഇറങ്ങിയത്. 245 പേർക്ക് സഞ്ചരിക്കാവുന്ന ഇന്ത്യൻ എയർ ഫോഴ്‌സിന്റെ കോഡ് ഡിയിൽ പെടുന്ന (സി17) വലിയ വിമാനമാണ് കരിപ്പൂർ റൺവേയിലിറങ്ങിയത്. വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ജവാൻമാരെ അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് വിമാനമെത്തിയത്. 277 ടൺ ഭാരമുള്ള ഈ വിമാനം വലിയ വിമാനങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നതാണ്. കരിപ്പൂരില്‍ അനുവദിക്കാന്‍ പോകന്ന വിമാനങ്ങളേക്കാള്‍ 40 ടണ്‍ അധികഭാരമുള്ളവയാണ് ഈ വ്യോമ സേനാ വിമാനം.