Sorry, you need to enable JavaScript to visit this website.

സൗദി ദേശീയ ദിനം ആഘോഷം വർണ്ണാഭമാക്കാൻ നാടും നഗരവും ഒരുങ്ങി

ദമാം-സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിനു നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വഴി നീളെ തോരണങ്ങളും വൈവിധ്യമാർന്ന വഴി വിളക്കുകളും കൊണ്ട് നഗരമാകെ ഹരിത പൂരിതമായി. തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിറവിൽ വിവിധ ആഘോഷ പരിപാടികൾക്ക് കഴിഞ്ഞ ദിവസം തന്നെ തുടക്കമായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ പ്രധാന നിരത്തുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയർത്തിയും ഭരണാധികാരികളുടെ വർണ്ണ ചിത്ര ഫ്‌ളക്‌സുകൾ സ്ഥാപിച്ചും അലങ്കരിച്ചിരിക്കുന്നു.  ഇതിന്റെ ഭാഗമായി അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. തോരണങ്ങളും സൗദി പതാകകളും കൊണ്ട് നഗരത്തിലെ പ്രധാന വീഥികൾ എല്ലാം തന്നെ കമനീയമായി അലങ്കരിച്ചിരിക്കുന്നു. നഗരത്തിലും ഗ്രാമത്തിലും വീടുകളും കെട്ടിടങ്ങളും പച്ച നിറത്തിലുള്ള തോരണങ്ങളാലും വിവിധ നിറത്തിലുള്ള ബൾബുകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. സൗദി ദേശീയ ദിനം വർ്ണ്ണാഭമാക്കാൻ വ്യാപകമായ ഒരുക്കങ്ങളാണ് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെയും കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗര സഭകളും ഇതര സർക്കാർ വകുപ്പുകളുടെയും ഏകോപനത്തിൽ നടന്നുവരുന്നത്. ദമാം, അൽകോബാർ, ജുബൈൽ, അൽഹസ, ഖഫ്ജി  എന്നിങ്ങനെ നഗരങ്ങൾ കേന്ദ്രീകരിച്ചാണ്  വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ദമാമിലെയും  അൽഖോബാറിലെയും കോർണിഷുകളിൽ ശനിയാഴ്ച വൈകുന്നേരം കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും അരങ്ങേറും. കിഴക്കൻ പ്രവിശ്യ ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിപുലമായ രീതിയിലുള്ള കരിമരുന്നു പ്രയോഗമാണ് ഇപ്രാവിശ്യം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ ദിന ആഘോഷങ്ങളിൽ സ്വദശേികൾക്കൊപ്പം വിദേശികളും സജീവമായി  ഇത്തവണ ആഘോഷങ്ങളിൽ സജീവമാകുന്നുണ്ട്. 

വിവിധ പ്രവിശ്യകളിൽ അരങ്ങേറുന്ന എയർഷോയുടെ ഭാഗമായി അൽകോബാറിലും വമ്പിച്ച ഒരുക്കങ്ങളാണ് നടന്നു വരുന്നത്. വിദഗ്ധ വൈമാനികരുടെയും സൈനികരുടെയും സഹായത്തോടെ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന എയർഷോ ചരിത്ര സംഭവമാക്കുനതിനുള്ള ശ്രമത്തിലാണ് അധികൃതർ. പലയിടങ്ങളിലും സാഹിത്യ സംവാദ സദസ്സുകൾ, കലാപ്രകടനങ്ങൾ, നാടകങ്ങൾ, ചിത്ര പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.. സൗദിയുടെ സാംസ്‌കാരിക ചരിത്രവും പൈതൃകവും ചരിത്രവും വളർച്ചയുമെല്ലാം വിഷയമാക്കുന്ന ആവിഷ്‌കാരങ്ങളും അരങ്ങേറും.

Latest News