Sorry, you need to enable JavaScript to visit this website.

വാളയാറില്‍ രോഗിയായ സുഹൃത്തിനെ കാണാന്‍ ചെന്നു,  തിരുപ്പൂരിലെ കോടീശ്വരന്മാര്‍ക്ക് ഭാഗ്യം  തെളിഞ്ഞു  

പാലക്കാട്-കേരളം കാത്തിരുന്ന 25 കോടിയുടെ ഓണം ബമ്പര്‍ ഭാഗ്യശാലികള്‍ തമിഴ്‌നാട് സ്വദേശികളായ നാലുപേര്‍. തിരുപ്പൂര്‍ പെരുമാനെല്ലൂര്‍ സ്വദേശികളായ പാണ്ഡ്യരാജ് (59), കുപ്പുസ്വാമി (45), കോയമ്പത്തൂര്‍ അണ്ണൂര്‍ സ്വദേശികളായ സ്വാമിനാഥന്‍ (40), രാമസ്വാമി (42). വാളയാറിലെ കടയില്‍ '25 കോടി ബമ്പര്‍' എന്നെഴുതി വച്ചിരിക്കുന്നത് കണ്ട് കൗതുകത്തിന് ഇവര്‍ ചേര്‍ന്നെടുത്ത മൂന്ന് ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം. ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിന് കൈമാറി.
അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന വാളയാര്‍ ചന്ദ്രാപുരം സ്വദേശിയായ സുഹൃത്തിനെ ഒരാഴ്ച മുമ്പ് വീട്ടിലെത്തി കണ്ട് മടങ്ങുമ്പോഴാണ് ഗുരുസ്വാമിയുടെ ബാവ ലോട്ടറി ഏജന്‍സിയില്‍ നിന്ന് നാലുപേരും ചേര്‍ന്ന് ടിക്കറ്റെടുത്തത്. മൂന്ന് ടിക്കറ്റിന് വില 1500 രൂപ. നാലുപേരും 450 രൂപവീതമിട്ടപ്പോള്‍ 1800 രൂപ. ശേഷിക്കുന്ന 300 രൂപയ്ക്ക് ഭക്ഷണവും കഴിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. എറെ കഷ്ടതയനുഭവിക്കുന്ന കുടുംബമാണ് തങ്ങള്‍ നാലുപേരുടെയും. സമ്മാനത്തുക കിട്ടിയശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പാണ്ഡ്യരാജ് അറിയിച്ചു. 
ഇന്നലെ ഉച്ചയ്ക്കുശേഷം സമ്മാനമുണ്ടെന്ന വിവരം സുഹൃത്തുക്കള്‍ വിളിച്ചുപറയുമ്പോഴാണ് അറിയുന്നതെന്ന് പാണ്ഡ്യരാജ് പറഞ്ഞു. കുപ്പുസ്വാമിയെയാണ് ടിക്കറ്റ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. കുപ്പുസ്വാമി നാട്ടില്‍ ചായക്കട നടത്തുകയാണ്. ഇവിടെ ജോലിചെയ്യുന്നയാളാണ് പാണ്ഡ്യരാജ്. സ്വാമിനാഥനും രാമസ്വാമിയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരാണ്. ഇന്നലെ ഉച്ചയ്ക്ക് പാണ്ഡ്യരാജ് ഒഴികെ മറ്റ് മൂവരും ചേര്‍ന്നാണ് ടിക്കറ്റ്  ലോട്ടറി ഓഫീസില്‍ എത്തിച്ചത്. പാണ്ഡ്യരാജ് ചെന്നൈയില്‍ കുടുംബസമേതം സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് എത്താത്തത്. നാലുപേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കുമെന്നുമുള്ള പ്രസ്താവനയും തിരിച്ചറിയല്‍ രേഖകളും നോട്ടറി സത്യപ്രസ്താവനയും ടിക്കറ്റിനൊപ്പം കൈമാറി. ജോയിന്റ് ബാങ്ക് അക്കൗണ്ടുള്‍പ്പെടെ ഏതാനും രേഖകള്‍ കൂടി നല്‍കാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതുകൂടി ലഭിച്ചശേഷം തുക കൈമാറും. നികുതികളും കമ്മിഷനും കഴിഞ്ഞ് 12.8826 കോടിയാകും കിട്ടുക. അതേസമയം, തങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ലോട്ടറി അധികൃതരോട് അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


 

Latest News