Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 19 ലക്ഷം തട്ടി; വിനയായത് പഴയ ഫോൺ നമ്പർ ബാങ്ക് മാറ്റാത്തതെന്ന് സംശയം

കോഴിക്കോട് - എ.ടി.എം കാർഡോ ഓൺലൈൻ പണം ഇടപാടോ നടത്താത്ത വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് യു.പി.ഐ വഴി തട്ടിയത് 19 ലക്ഷം രൂപ. കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ ഫാത്തിമബിയുടെ അക്കൗണ്ടിൽനിന്നാണ് 19 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നത്. 
 കോഴിക്കോട് ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് 1992 മുതൽ ഇവരുടെ അക്കൗണ്ടുള്ളത്. കെട്ടിടവാടക ഇനത്തിലും മറ്റും ഇവർക്കു ലഭിക്കേണ്ടുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വന്നിരുന്നത്. ഈ അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നുവത്രെ. 
 എന്നാൽ, കഴിഞ്ഞദിവസം ബാങ്കിലെത്തിയ ഇവരുടെ മകൻ അബ്ദുറസാഖ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വാങ്ങി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടത്. 2023 ജൂലൈ 24നും സെപ്തംബർ 19നും ഇടയിൽ പല തവണകളായാണ് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചത്. ഇതുവരെയും എ.ടി.എം കാർഡോ ഓൺലൈൻ പണം ഇടപാടുകളോ താൻ നടത്തിയിട്ടില്ലെന്നും സംഭവത്തിൽ പോലീസ് സൈബർ സെല്ലിന്് പരാതി നൽകിയതായും അവർ അറിയിച്ചു.
 ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പർ ആറുവർഷം മുമ്പ് അക്കൗണ്ട് ഉടമ ഉപേക്ഷിച്ചതാണ്. ഇക്കാര്യം ബാങ്കിനെ അറിയിച്ച് പുതിയ നമ്പർ ബാങ്കിന് നൽകിയെങ്കിലും ബാങ്ക് അധികൃതർ പ്രസ്തുത മാറ്റം വരുത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ കെ.വൈ.സി പുതുക്കാൻ കൊടുത്തപ്പോഴും നമ്പർ മാറ്റിക്കൊടുത്തതായി മകൻ കെ.പി അബ്ദുറസാഖ് പറഞ്ഞു. പഴയ ഫോൺ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നയാളാവാം പണം പിൻവലിച്ചതെന്നാണ് ഊഹിക്കുന്നത്. മൊബൈലിൽ ഗൂഗിൾ പേ വഴി പണം പിൻവലിച്ചതാവാമെന്നും കരുതുന്നു. പരാതിയിൽ കേസെടുത്ത് വിശദമായി അന്വേഷിക്കുമെന്ന് സൈബർ പോലീസ് പറഞ്ഞു.
 

Latest News