(കൊടുങ്ങല്ലൂർ) തൃശൂർ - സഹകരണ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിക്കാനേൽപ്പിച്ച 60 പവൻ സ്വർണം കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂർ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിലാണ് സംഭവം. സംഭവത്തിൽ എടമുട്ടം സ്വദേശി സുനിത കൊടുങ്ങല്ലൂർ പോലീസിൽ പരാതി നല്കി.
സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ബാങ്കിൽ സേഫ് ഡെപ്പോസിറ്റ് ലോക്കറുണ്ടായിരുന്നത്. ബെംഗളൂരുവിൽ താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി കണ്ടെത്തിയത്. തുടർന്ന് ഇവർ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നല്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് സ്വർണം ലോക്കറിൽ സൂക്ഷിച്ചതെന്ന് ഇവർ പറഞ്ഞു.
സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ഒന്ന് ഇടപാടുകാരന്റെ കൈവശവും മാസ്റ്റർ കീ ബാങ്കിലും മാത്രമാണുണ്ടാവുക. ഈ രണ്ടു താക്കോലുകൾ ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാവുകയുള്ളുവെന്നിരിക്കെ എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ ബാങ്ക് അധികൃതരും പോലീസിൽ പരാതി നല്കിയിട്ടുണ്ട്. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.