തിരുവനന്തപുരം - വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വടശ്ശേരിക്കോണം സ്വദേശികളായ ജിജിന്‍, ജിഷ്ണു, മനു, ശ്യാംകുമാര്‍ എന്നീ നാല് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജുവാണ് വീട്ടില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 66 സാക്ഷികളാണുള്ളത്. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കൊല്ലാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. മകള്‍ ശ്രീലക്ഷ്മി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹത്തലേന്ന് പാര്‍ട്ടി തീര്‍ന്നതിന് പിന്നാലെയായിരുന്നു സംഘമെത്തിയത്. ഇവര്‍ കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്ത രാജുവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും പ്രതികള്‍ ആക്രമിച്ചിരുന്നു.