സുരേഷ് ഗോപി സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

ന്യൂദല്‍ഹി- വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ പേരിലുളള സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായി നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപിയെ നിശ്ചയിച്ചു. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതി ചെയര്‍മാനും സൊസൈറ്റി പ്രസിഡന്റുമായിരിക്കും സുരേഷ് ഗോപി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്. സിനിമാ മേഖലയില്‍ സുരേഷ് ഗോപിയുടെ അനുഭവസമ്പത്തും അറിവും ഇന്‍സ്റ്റിറ്റിയൂട്ടിന് ഗുണകരമാകുമെന്ന് അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി 2022 ഏപ്രിലിലാണ് കാലാവധി തികച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

 

Latest News