മാനന്തവാടി- ഒരു മാസത്തിലധികമായി മുനിസിപ്പൽ കൗൺസിൽ യോഗം ചേരാത്തതിൽ വിമർശനവുമായി എൽ.ഡി.എഫ്. പല വിഷയങ്ങളിലും മറുപടി പറയാൻ ഇല്ലാത്തതിനാൽ കൗൺസിൽ യോഗം വിളിക്കാതെ മുനിസിപ്പൽ ഭരണത്തിനു നേതൃത്വം നൽകുന്നവർ ഒളിച്ചോടുകയാണെന്ന് ഇടതു കൗൺസിലർമാർ ആരോപിച്ചു.
അടിയന്തര തീരുമാനമെടുക്കേണ്ട നിരവധി വിഷയങ്ങൾ നഗരസഭയിലുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം നടപ്പ് സാമ്പത്തിക വർഷാവസാനം വരാനിടയുണ്ട്. എന്നിരിക്കേ നിലവിലെ പദ്ധതികൾ അടിയന്തരമായി നടപടിക്രമങ്ങൾ പൂർത്തിയാക്കി നടപ്പാക്കാനുള്ള ജില്ലാ പ്ലാനിംഗ് ബോർഡ് നിർദേശം അറിയാത്ത മട്ടിലാണ് മുനിസിപ്പൽ അധികൃതർ. കൗൺസിൽ യോഗം എത്രയും വേഗം ചേരുന്നതിന് സെക്രട്ടറിക്ക് പരാതി നൽകിയതായി എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.