Sorry, you need to enable JavaScript to visit this website.

ഒ.ബി.സി, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ഉപസംവരണം ഏർപ്പെടുത്തണം -വെൽഫെയർ പാർട്ടി

കോഴിക്കോട്- ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുന്ന വനിത സംവരണ ബിൽ സ്വാഗതാർഹമാണെന്നും ഒ.ബി.സി, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യു.ആർ. ഇല്യാസ് ആവശ്യപ്പെട്ടു. 
ലിംഗനീതിയെയും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെയും ശക്തിപ്പെടുത്താനും പുതിയ ഭേദഗതി സഹായകമാകും.

അതേ സമയം, മോഡിയുടെ നേതൃത്വത്തിൽ തുടർച്ചയായി 9 വർഷം ഭരിച്ചിട്ടും വനിത സംവരണം നടപ്പിലാക്കാനുള്ള യാതൊരു നീക്കവും നടത്താതിരുന്ന ബി.ജെ.പി ഇപ്പോൾ ധൃതിപ്പെട്ട് വിഷയം പൊടി തട്ടിയെടുക്കുന്നതിന്റെ പിറകിലെ രാഷ്ട്രീയ ഉന്നം തിരിച്ചറിയപ്പെടണം. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബിൽ കൊണ്ട് വന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലോ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലോ സംവരണം നടപ്പിലാക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല.
സെൻസസ്, മണ്ഡല പുനർനിർണയം തുടങ്ങിയ നടപടിക്രമങ്ങളുമായി വനിത സംവരണത്തെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്. വനിത സംവരണം എന്ന് നടപ്പിലാക്കും എന്ന കാര്യം അനിശ്ചിതത്വത്തിൽ നിർത്തി വനിത സംവരണത്തിന്റെ പ്രയോക്താവായി മാറാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തേക്കാൾ അതിനെ മുന്നിൽ വെച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യലാണ് ബി.ജെ.പിയുടെ ലക്ഷ്യം.
രാജ്യത്തെ സാമൂഹിക വൈവിധ്യവും വിവിധ വിഭാഗങ്ങളിൽ പെട്ട സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണവും പരിഗണിച്ച് വനിത സംവരണം കൂടുതൽ വിശാലമാക്കണം.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് നിലവിൽ ഉപസംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളിലെയും ഒ.ബി.സി വിഭാഗങ്ങളിലെയും സ്ത്രീകളെയും സംവരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം. രാജ്യസഭയിലേക്കും ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കും സംവരണം വ്യാപിപ്പിക്കണം. അത് വഴി എല്ലാ പാർശ്വവൽകൃത വിഭാഗങ്ങളിലും പെട്ട സ്ത്രീകളുടെ പ്രാതിനിധ്യം പാർലമെന്റിലും നിയമസഭകളിലും ഉറപ്പ് വരുത്തണം -എസ്.ക്യു.ആർ. ഇല്യാസ് ആവശ്യപ്പെട്ടു. 

 

Latest News