Sorry, you need to enable JavaScript to visit this website.

അസമിൽനിന്ന് എത്തിയ 15 കാരനെ പോലീസ് അമ്മക്കൊപ്പം വിട്ടയച്ചു

പത്തനംതിട്ട- അസമിൽനിന്നും വീട് വീട്ടിറങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തി അലഞ്ഞു നടന്ന പതിനഞ്ചുകാരന് പന്തളം ജനമൈത്രി പോലീസ് തുണയായി. ആഗസ്റ്റ് 30 ന് രാത്രി സംശയകരമായ സാഹചര്യത്തിൽ പന്തളം കടയ്ക്കാട് ചുറ്റിത്തിരിഞ്ഞ കുട്ടിയോട് പോലീസ് ഉദ്യോഗസ്ഥർ വിവരം തിരക്കിയപ്പോഴാണ് ആസാമിലെ വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. നാട്ടിൽ നിന്നും ട്രെയിൻ കയറി ചെങ്ങന്നൂരെത്തുകയും അവിടെ നിന്നും അതേ ട്രെയിനിൽ യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തെഴിലാളികൾക്കൊപ്പം കടയ്ക്കാടെത്തുകയുമായിരുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം, പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നിർദേശാനുസരണം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. 
തുടർന്ന്, സി.ഡബ്ല്യൂ.സിയുടെ നിർദേശപ്രകാരം താൽക്കാലിക സംരക്ഷണം പറന്തൽ ആശ്രയ ശിശു ഭവൻ ഏറ്റെടുത്തു.പിന്നീട് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മയുടെ വിലാസം കണ്ടെത്തി വിവരം അവരെ ധരിപ്പിച്ചു. കുട്ടിയെ കണ്ടുകിട്ടാതെ വിഷമത്തിൽ കഴിഞ്ഞുവന്ന അമ്മക്ക് പോലീസിന്റെ  അവസരോചിതമായ ഇടപെടൽ ആശ്വാസമായി. നാട്ടിൽ നിന്നും ട്രെയിൻ കയറി അവർ കഴിഞ്ഞ ദിവസം പന്തളം പോലീസ് സ്റ്റേഷനിൽ എത്തി പോലീസിന് നന്ദി പറഞ്ഞ് കുട്ടിയുമായി മടങ്ങി.
 

Latest News