മലപ്പുറം- ജില്ലയിൽ ഡെങ്കിപ്പനി ഭീഷണി തുടരുന്നത് ആരോഗ്യമേഖലയിൽ ആശങ്ക പരത്തുന്നു. കഴിഞ്ഞ ആറുമാസമായി ജില്ലയിൽ ഡെങ്കിപ്പനി വ്യാപനമുണ്ട്. ഡെങ്കിപ്പനിമൂലം ഏപ്രിൽ മാസത്തിൽ കുഴിമണ്ണ പഞ്ചായത്തിലും ജൂൺ മാസത്തിൽ കാവനൂർ പഞ്ചായത്തിലും ഓരോ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
മെയ് മാസം മുതൽ ഇന്നുവരെ ജില്ലയിൽ സ്ഥിരീകരിച്ച 1066 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 1533 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വണ്ടൂർ, മേലാറ്റൂർ എന്നീ ആരോഗ്യ ബ്ലോക്കുകളിലാണ്. മലപ്പുറം ജില്ലാ വെക്ടർ കൺട്രോൾ യൂനിറ്റ് നടത്തിയ ഫീൽഡ് തല പരിശോധനയിൽ ജില്ലയിൽ കൊതുക് പെറ്റുപെരുകുന്നതിനുള്ള സാധ്യതകൾ കൂടുതലുള്ളത് അഞ്ച് നഗരസഭാ പ്രദേശങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. താനൂർ, തിരൂർ, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ നഗരസഭാ പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കണ്ടെത്തിയത്. ഈ സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. കൂടാതെ ജില്ലയിലെ വിവിധ നഗരസഭകളിലായി 41 വാർഡുകളിലെ വീടുകളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്ന സാഹചര്യം കണ്ടെത്തിയതായും കൊതുകിന്റെ സാന്ദ്രത കൂടുതലാണെന്നും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് നടത്തിയ ഫീൽഡ് തല പഠനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഡെങ്കിപ്പനി: പത്തനംതിട്ടയിൽ 14 ഹോട്ട്‌സ്‌പോട്ടുകൾ
പത്തനംതിട്ട- ജില്ലയിൽ ഡെങ്കിപനി പടരുന്നു. ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ച 14 ഹോട്‌സ്‌പോട്ടുകളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ജില്ലയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്‌സ്‌പോട്ടുകൾ ഉള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ മാത്രം ഇതുവരെ 23 പേർക്ക് സ്ഥിരീകരിച്ച രോഗബാധയും 120 പേർക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ട്.






