Sorry, you need to enable JavaScript to visit this website.

ഓൺലൈൻ തട്ടിപ്പിന് പല മുഖം; കണ്ണൂരിൽ നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടമായി

കണ്ണൂർ- ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പേർ ഓൺലൈൻ തട്ടിപ്പിനിരയായി. ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്.കണ്ണൂരിനു പുറമെ പയ്യന്നൂരിലും കേളകത്തും പരിയാരത്തും നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടമായി.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കണ്ണൂരിൽ രണ്ടു പേരിൽ നിന്നായി ലക്ഷങ്ങളാണ് തട്ടിയത്. കണ്ണൂർ ചാലാട് ജയന്തി റോഡിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന സംഗീത പ്രഭു (38) വിന്റെ 4,75,000 രൂപയാണ് തട്ടിയെടുത്തത്. ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് ബാങ്ക് അക്കൗണ്ട് വഴി പലതവണകളായി യുവതിയിൽ നിന്നും 4,75,000 രൂപ തട്ടിയെടുത്തത്. പളളിക്കുന്നിലെ രതി നിവാസിൽ വി.അമൃതരാജിനെ (38)യും തട്ടിപ്പ് സംഘം വഞ്ചിച്ചു. 
ഓൺ ലൈനിൽ പല ടാസ്‌കുകൾ നൽകിയാണ് ഇക്കഴിഞ്ഞ രണ്ടാം തീയതി മുതൽ പല തവണകളായി യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,10,000 രൂപ സംഘം തട്ടിയെടുത്തത്. പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേളകം പോലീസ് സ്‌റ്റേഷനിൽ അമ്പായത്തോട് സ്വദേശിയുടെ പരാതിയിലും സമാനമായ രീതിയിൽ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും ഓൺലൈൻ തട്ടിപ്പ് സംഘം 2,40,000 രൂപയാണ് തട്ടിയെടുത്തത്.
പയ്യന്നൂരിൽ ഓൺലൈൻ സൈറ്റ് ലിങ്ക് അയച്ചു കൊടുത്ത് തട്ടിപ്പ് സംഘം നാലു പേരിൽ നിന്നായി മുപ്പത്തിനാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. അമിതലാഭം നൽകാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമയറിയാതെ പണം തട്ടിയെടുക്കുകയായിരുന്നു. 
ഇരയായവരുടെ നാല് പരാതികളിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു.
പയ്യന്നൂർ കോറോം ചാലക്കോട് സ്വദേശി പി.ഷിജിലിന് ഇരുപത്തിയൊമ്പത് ലക്ഷം രൂപയാണ് നഷ്ടമായത്. കഴിഞ്ഞമാസം ഇരുപതിനും ഇരുപത്തിരണ്ടിനുമിടയിൽ ടെലിഗ്രാം ആപ് മുഖേന ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് പ്രതികൾ ബാങ്ക് അക്കൗണ്ട് മുഖേന ഇരുപത്തിയൊമ്പത് ലക്ഷം രൂപ കൈക്കലാക്കുകയും പിന്നീട് പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടി ആക്ട് കൂടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്.
കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്റെ പരാതിയിലാണ് മറ്റൊരു കേസ്. കഴിഞ്ഞ ജൂലൈ പതിനഞ്ചിനും പതിനേഴിനുമിടയിൽ ഓൺലൈനിൽ ഇൻഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികൾ വാട്‌സ് ആപ്പിൽ അയച്ച ലിങ്ക് മുഖേന പരാതിക്കാരിയിൽ നിന്നും ഓൺ ലൈൻ ട്രാൻസ്ഫറായും ഗൂഗിൾ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2,80,000 രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതി. പയ്യന്നൂരിലെ ടി.പി.അക്ഷയ് ജോലി വാഗ്ദാനത്തിലാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ച് മുതൽ ഈ മാസം നാല് വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ടെലിഗ്രാം ആപ്പുവഴി ലഭിച്ച ഫ്രീലാൻസ് ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ഇയാൾ നൽകിയ 1,40,000 രൂപയാണ് നഷ്ടമായത്. വെള്ളൂർ സൗപർണികയിലെ ശ്രീഹരിയിൽ നിന്നും 90,000 രൂപയാണ് സംഘം തട്ടിയെടുത്തത്. പരാതിക്കാരന്റെ എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പരാതിക്കാരൻ അറിയാതെ പ്രതികൾ 90,000 രൂപ പിൻവലിച്ചത്. 
പരിയാരത്ത് രണ്ടു പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു. ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി ചെറുതാഴം കുറുവ സ്വദേശിനി പി.എം. ദിവ്യയുടെ 1,49,920 രൂപയാണ് തട്ടിയെടുത്തത്. ഓഗസ്റ്റ് മാസം ഇരുപത്തിയാറിനും മുപ്പതിനുമിടയിൽ എ.ജി പ്രീമിയം സോഫ്റ്റ് വെയർ ബ്രോഡ്ബാൻഡ് പ്രമോട്ടിംഗ് കമ്പനി എന്ന ഓൺ ലൈൻ ബിസിനസ് ലിങ്കിൽ ബാങ്ക് വഴി പണം നിക്ഷേപിക്കുകയും പിന്നീട് ലാഭവിഹിതം നൽകാതെ വഞ്ചിക്കുകയുമായിരുന്നു.
ചെറുതാഴം നെരുവമ്പ്രം സ്വദേശി സാബിത്തിന്റെ പണമാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. ബജാജ് ടെലി ഗ്രൂപ്പ് എന്ന ലിങ്കിൽ സാബിത്ത്, ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ച്, പതിനാറ് തീയതികളിലായി ബാങ്ക് അക്കൗണ്ട് വഴി 3,72,000 രൂപ മാതാവിന്റെ അക്കൗണ്ട് വഴി നിക്ഷേപിക്കുകയും പിന്നീട് സംഘം പണം തട്ടിയെടുത്ത് കബളിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിയാരം മെഡിക്കൽ കോളേജ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 
 

Latest News