Sorry, you need to enable JavaScript to visit this website.

മൂന്ന് പഞ്ചായത്തുകളിൽ ആഭ്യന്തര തർക്കം ലീഗ് നേതൃത്വത്തിന് തലവേദനയാകുന്നു

കാസർകോട് - മംഗൽപാടി, കുമ്പള, പൈവളിഗെ പഞ്ചായത്തുകളിൽ മുസ്‍ലിംലീഗിൽ പ്രശ്‌നം രൂക്ഷമാകുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും മൂന്ന് പഞ്ചായത്തുകളിലും പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.മംഗൽപാടി, കുമ്പള പഞ്ചായത്തുകളിൽ യു.ഡി.എഫും പൈവളിഗെ പഞ്ചായത്ത് എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. കുമ്പള പഞ്ചായത്തിലെ ഇരുപതാം വാർഡായ കോയിപ്പാടി കടപ്പുറത്തെ പ്രതിനിധീകരിക്കുന്ന മുസ്‌ലിംലീഗ് അംഗവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ എം. സബൂറ കഴിഞ്ഞ ദിവസം രാജിക്കൊരുങ്ങിയത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. വാർഡിൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും കുമ്പള ബസ് സ്റ്റാന്റിലെ ശൗചാലയവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ നേതാക്കൾ തരംതാഴ്ത്തി സംസാരിച്ചതാണ് സബൂറയെ ചൊടിപ്പിച്ചത്. ചില നേതാക്കൾ ഇടപെട്ട് സബൂറയെ രാജിയിൽനിന്ന് പിന്തിരിപ്പിച്ചെങ്കിലും പ്രശ്‌നം അടങ്ങിയിട്ടില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം പൈവളിഗെ പഞ്ചായത്തിലെ രണ്ടാം വാർഡായ സിറന്തടുക്കയിൽ നിന്നുള്ള അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ സിയാ സുനിഫ രാജിവെച്ചത്. ഇവിടെയും പ്രശ്‌നങ്ങൾ രൂക്ഷമായിട്ടുണ്ട്. മുസ്‌ലിംലീഗ് നേതാക്കളുടെ ചില കാര്യങ്ങളിലുള്ള ഇടപെടൽ മൂലമുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്.
അതേ സമയം മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് അഴിമതി നടത്തിയെന്നാരോപിച്ച് നേരത്തെ ചില നേതാക്കൾ രംഗത്തു വന്നതോടെ ഒന്നരവർഷക്കാലം പഞ്ചായത്തിൽ ഭരണം സ്തംഭനത്തിലായിരുന്നു. ഇതിന് പരിഹാരം  കാണാൻ വേണ്ടി പലതവണ യോഗങ്ങൾ നടത്തിയെങ്കിലും പ്രശ്‌നം ഉന്തിലും തള്ളിലും കയ്യാങ്കളിയിലും വരെ എത്തിയിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റിനെ രാജിവെപ്പിച്ച് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. എന്നിട്ടും ചില അംഗങ്ങൾ പുതിയപ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യമുയർത്തി. ഇതേ തുടർന്ന് ജില്ലാ നേതാക്കൾ ഇടപെട്ട് പ്രശ്‌നമുണ്ടാക്കുന്ന പഞ്ചായത്തംഗങ്ങൾക്ക് നോട്ടീസ് നൽകുകയും താക്കീത് നൽകുകയും ചെയ്തു. ഇതുസംബന്ധിച്ച പ്രശ്‌നവും ഇടക്കിടെ പുകയുന്നുണ്ട്. തർക്കങ്ങളും പ്രശ്‌നങ്ങളും കാരണം മംഗൽപാടി, കുമ്പള പഞ്ചായത്തുകളിലെ ചില അംഗങ്ങൾ രാജിക്കൊരുങ്ങുന്നതായുള്ള വിവരം ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
അതിനിടെ,പാർട്ടി നേതൃത്വത്തിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് രാജി പിൻവലിക്കാൻ പൈവളിഗെ പഞ്ചായത്ത് രണ്ടാം വാർഡംഗം സിയാസുനിഫ ശ്രമം നടത്തിയെങ്കിലും അതിനുള്ള സമയം കഴിഞ്ഞതായി സെക്രട്ടറി അറിയിച്ചു. സ്പീഡ് പോസ്റ്റ് വഴി ലഭിച്ച രാജിക്കത്ത് സ്വീകരിച്ചതായും ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയതായുമാണ് പഞ്ചായത്ത് സെക്രട്ടറി സിയാ സുനിഫയെ അറിയിച്ചത്.
 

Latest News