കണ്ണൂർ-വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് ജാഗ്രതയോടും സൗഹാർദ്ദപരമായും ഇടപെടാൻ മഹല്ലുകൾക്ക് സാധിക്കണമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ പറ
ഞ്ഞു. ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ നടന്ന കേരള സ്‌റ്റേറ്റ് വഖഫ് ബോർഡ് കുടിശ്ശിക അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിനു കീഴിലുള്ള നിരവധി സ്വത്തുക്കളും രേഖകളും മറഞ്ഞുപോവുന്നുണ്ട്. ഇവയെ വെളിച്ചത്തുകൊണ്ടുവരാനുള്ള സജീവ ഇടപെടലുകൾ മഹല്ലുകളിൽ തുടങ്ങണം.ഇന്റേണൽ ഓഡിറ്റർമാരെ വച്ച് കണക്കുകൾ കൃത്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.വഖഫ് സ്വത്തുക്കൾ സമൂഹനന്മക്കായി പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ പറഞ്ഞു.കണ്ണൂർ, കാസർകോഡ് ജില്ലകളിലെ 85 പരാതികളാണ് അദാലത്തിൽ എത്തിയത്. ഇതിൽ 69 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവയിൽ കക്ഷികൾ ഹാജരായില്ല. ഇവയിൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കും.
സംസ്ഥാന വഖഫ് ബോർഡ് അംഗം അഡ്വ.പി.വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.വഖഫ് ബോർഡ് അംഗങ്ങളായ പി ഉബൈദുള്ള എം.എൽ.എ,അഡ്വ.എം ഷറഫുദ്ദീൻ, എം.സി മായിൻ ഹാജി, പ്രൊഫ.കെ.എം അബ്ദുൾ റഹീം,റസിയ ഇബ്രാഹിം,വി.എം രഹന,ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ വി.എസ് സക്കീർ ഹുസൈൻ, ഡിവിഷണൽ ഓഫീസർ ഇൻ ചാർജ് പി സി ശംഷീർ അലി തുടങ്ങിയവർ സംസാരിച്ചു. വഖഫ് ഭാരവാഹികൾക്ക് പുറമെ കണ്ണൂർ,കാസർകോട് ജില്ലകളിലെ മഹല്ല് ഭാരവാഹികളും അദാലത്തിൽ പങ്കെടുത്തു.