ന്യൂദൽഹി- ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവടങ്ങളിൽ പ്രാക്ടീസ് ചെയ്യാം. ഇന്ത്യൻ നാഷനൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി), വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷന്റെ (ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം നേടിയതിന് പിന്നാലെയാണ് ബിരുദധാരികൾക്ക് ഈ അവസരം ലഭിച്ചത്.
ഇന്ത്യൻ നാഷനൽ മെഡിക്കൽ കമ്മീഷന് പത്ത് വർഷത്തേക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിലുള്ള 706 മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നവർക്കും ഇത് ഉപകരിക്കും. ഇത് രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തും.
ലോകമെമ്പാടുമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷൻ. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയും, ഇതുവഴി എല്ലാ മനുഷ്യരാശിക്കും മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.