ലണ്ടൻ- ബ്രിട്ടന്റെ സിറോ എമിഷൻ കാർ പോളിസിയിൽ നിർണായക മാറ്റം വരുത്തി പ്രധാനമന്ത്രി റിഷി സുനക്. ഡീസൽ-പെട്രോൾ കാറുകളുടെ വിൽപന നിരോധനം പ്രാബല്യത്തിൽ വരുന്നത് 2030 നിന്നും അഞ്ച് വർഷത്തേക്ക് നീട്ടി. വീടുകളിൽ ഇലക്ട്രിക് ഹീറ്റിംഗ് സംവിധാനം സ്ഥാപിക്കാനുള്ള ഇൻസെന്റീവ് 50 ശതമാനം വർധിപ്പിച്ചു. നിലവിൽ 5000 പൗണ്ടായിരുന്നു ഇത് 7,500 പൗണ്ടായി വർധിപ്പിച്ചു. 2050ൽ ബ്രിട്ടനെ കാർബൺ ഫ്രീ ഇക്കോണമിയായി മാറ്റാനുള്ള പ്രഖ്യാപിത നയത്തിൽ ഉറച്ചുനിൽക്കുന്നു എന്നാൽ സാധരണക്കാരിൽ അധിക ചെലവുകൾ അടിച്ചേൽപിക്കുന്നത് ഒഴിവാക്കി ലക്ഷ്യത്തിൽ എത്താനുള്ള മാർഗമാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ഈ നിലപാടിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. സുനക്കിന്റെ നിലപാട് നിരാശാജനകവും ദിശാബോധമില്ലാത്തതുമാണെന്ന് ലേബർ പാർട്ടി ആരോപിച്ചു.
ജനങ്ങളെ പാപ്പരാക്കി രാജ്യത്തെ രക്ഷിക്കാനില്ലെന്നും അതുകൊണ്ട് നയത്തിലെ മാറ്റം പ്രധാനമാണെന്നും ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ അടക്കമുള്ള മുതിർന്ന മന്ത്രിമാർ പ്രതികരിച്ചു. സർക്കാരിന്റെ നയമാറ്റം ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഉപകാരപ്രദമായിരിക്കുമെന്ന് മുൻ പ്രധാനമന്ത്രി ലിസ് ട്രസ് പ്രതികരിച്ചു. നേരത്തെയുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഡീസൽ-പെട്രോൾ കാറുകളുടെ നിർമാണം കുറച്ച് ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലേക്ക് വൻകിട കമ്പനികൾ ചുവടുമാറ്റിയിരുന്നു. ഈ മാറ്റങ്ങൾക്ക് തുരങ്കം വെക്കുന്ന നടപടിയായാണ് സർക്കാർ തീരുമാനത്തെ കമ്പനികൾ കാണുന്നത്.