ഹരീഷിനുണ്ടായത് ദുഃഖകരമായ അനുഭവം; മീശ വിവാദത്തില്‍ ടി.പദ്മനാഭന്‍

കോഴിക്കോട്- സംഘ്പരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹിത്യകാരന്‍ എസ്. ഹരീഷിന് നേരിടേണ്ടി വന്നത് ദു:ഖകരമായ അനുഭവമാണെന്ന് ടി. പദ്മനാഭന്‍.
ഒന്നോ രണ്ടോ ലക്കം പ്രസിദ്ധീകരിച്ച ശേഷം നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ എത്തിയത് ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവും ദു:ഖകരമായ അനുഭവമാണെന്ന് ടി. പദ്മനാഭന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
എഴുത്തുകാരന്റെ പ്രാണന്‍ വാക്കുകളാണ്. അദ്ദേഹത്തിന്റെ നോവലിലെ ചില പരാമര്‍ശങ്ങള്‍ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതും ആണ് എന്നുപറഞ്ഞുകൊണ്ട് ചില സ്വയംപ്രഖ്യാപിത മതസംരക്ഷകര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ കരണത്തടിക്കുമെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും മരിച്ചുപോയ അച്ഛനെപ്പോലും അവഹേളിച്ച് അത്യന്തം നീചമായ വാക്കുകളും ഭീഷണികളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ദു:ഖകരമായ അവസ്ഥയാണ്.
നോവല്‍ പൂര്‍ത്തിയാവാതെ ഏത് തരം വിലയിരുത്തലിനാണ് സാധിക്കുക? എഴുത്തുകാരന്‍ എന്താണ് പറയാന്‍ ആഗ്രഹിച്ചത് എന്നത് അജ്ഞാതമായി നിലനില്‍ക്കുകയാണ്. വിവാദമായ ആ പരാമര്‍ശങ്ങള്‍ക്ക് എന്തെങ്കിലും വ്യാഖ്യാനമോ വിശദീകരണമോ പിന്നീടുള്ള അധ്യായങ്ങളില്‍ വരുന്നുണ്ടോ ആര്‍ക്കറിയാം. അതിനുള്ള സഹിഷ്ണുത പലരും കാണിച്ചില്ല- ടി. പദ്മനാഭന്‍ പറയുന്നു.
 

Latest News