Sorry, you need to enable JavaScript to visit this website.

മാപ്പ് നോക്കി കാറോടിച്ച് അപകടത്തില്‍പെട്ടു യുവാവ് മരിച്ചു, ഗൂഗിളിനെതിരെ പരാതി

നോര്‍ത്ത് കരോലിന, യു.എസ്- ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് തകര്‍ന്ന പാലത്തില്‍ കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യ ഗൂഗിളിനെതിരെ പരാതി കൊടുത്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നോര്‍ത്ത് കരോലിനയിലെ ഹിക്കൊറിയിലുള്ള സ്‌നോ ക്രീക്ക് പാലത്തില്‍നിന്ന് കാര്‍ മറിഞ്ഞ് മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ ഫിലിപ്പ് പാക്‌സണ്‍ (47) മരിച്ചത്. 2013 ല്‍ തകര്‍ന്ന പാലമാണിത്.
ഈ ആഴ്ചയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിനെതിരെ പാക്‌സണിന്റെ ഭാര്യ അലീസിയ പരാതി നല്‍കിയത്. മകളുടെ ഒമ്പതാം പിറന്നാള്‍ വിരുന്നിന് വീട്ടിലേക്ക് വരികയായിരുന്നു പാക്‌സണ്‍. പരിചയമില്ലാത്ത വഴിയിലൂടെയാണ് വാഹനമോടിച്ചിരുന്നതെന്നും ഗൂഗിള്‍ മാപ്പ് ആണ് അദ്ദേഹത്തെ പാലം കടക്കാന്‍ നിര്‍ദേശിച്ചത് എന്നും അലീസിയ ആരോപിക്കുന്നു.
പോലീസാണ് തലകീഴായി മറിഞ്ഞ കാര്‍ കണ്ടെത്തിയത്. അപ്പോഴേക്കും പാക്‌സണ് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2013 ല്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത് എന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. പാതയിലേക്ക് തിരിയുന്ന വളവില്‍ മുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ല.

അതേസമയം പാക്‌സണിന്റെ മരണത്തെ തുടര്‍ന്ന് ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന അറിയിപ്പ് പലതവണ ഗൂഗിള്‍ നല്‍കിയിരുന്നു. കൃത്യമായ ഗതിനിര്‍ണയ വിവരങ്ങള്‍ നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും തങ്ങള്‍ക്കെതിരായ പരാതി പരിശോധിച്ചുവരികയാണെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു.

 

Latest News