സൗദിയില്‍ വിദേശികളുടെ റെമിറ്റന്‍സ് കുറയുന്നു; കഴിഞ്ഞ മാസം കുറഞ്ഞത് 17 ശതമാനം

റിയാദ് - സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ മാസം  സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ പതിനേഴു ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. ജൂണില്‍ 1,060 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. മെയ് മാസത്തില്‍ വിദേശികളുടെ റെമിറ്റന്‍സ് 1,275 കോടി റിയാലായിരുന്നു.
ജൂണില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദികള്‍ 343 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചു. മെയ് മാസത്തില്‍ ഇത് 592 കോടിയായിരുന്നു. സൗദികളുടെ റെമിറ്റന്‍സില്‍ ജൂണില്‍ 42 ശതമാനം കുറവുണ്ടായി. ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദികള്‍ 7,106 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ ഇത് 8,107 കോടിയായിരുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദികള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 12.3 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് 14,165 കോടിയും 2016 ല്‍ 15,189 കോടിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 7.2 ശതമാനം കുറവുണ്ടായതായും സൗദി അറേബ്യന്‍ മോണിട്ടറി  അതോറിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Latest News