Sorry, you need to enable JavaScript to visit this website.

യുപിയില്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി മഹാസഖ്യത്തിന് വഴിതെളിയുന്നു

ന്യൂദല്‍ഹി- ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളെ അയക്കുന്ന സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ പ്രതിപക്ഷ മഹാസഖ്യത്തിന് ധാരണയായതായി റിപോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ യുപിയിലെ 80 സീറ്റുകള്‍ പങ്കിട്ടെടുക്കാന്‍ കോണ്‍ഗ്രസ്, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി), ദളിത് നേതാവ് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), അജിത് സിങിന്റെ രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് കൈകോര്‍ക്കുന്നത്. സീറ്റുകള്‍ വീതം വയ്ക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പിന്നീട് നടക്കും. ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഈ ധാരണ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി ദേശീയ തലത്തില്‍ പ്രതിപക്ഷം സഖ്യം രൂപീകരിക്കുന്നതില്‍ വളരെ നിര്‍ണായകമാണ്.

ബി.എസ്.പിക്കും എസ്.പിക്കുമിടയില്‍ വിശാല ധാരണ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ പങ്കില്‍ നിന്ന് അജിത് സിങിന്റെ ആര്‍.എല്‍.ഡിക്ക് സീറ്റു നല്‍കുമെന്നും ഈ ചര്‍ച്ചകളുമായി ബന്ധമുള്ള രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. 80 സീറ്റില്‍ എ്ട്ടു സീറ്റുകളാണ് കോണ്‍ഗ്രസിനു നല്‍കുക. ചര്‍ച്ചകള്‍ കടുത്താല്‍ 10് ്‌വരെ സീറ്റു നല്‍കും. ഇതിനപ്പുറം പോകില്ല. ബി.എസ്.പിക്കായിരിക്കും ഏറ്റവും കൂടുതല്‍ സീറ്റുകള്‍. എസ്.പിക്ക് ഏകദേശം 32 സീറ്റുകളും ആര്‍.എല്‍.ഡിക്ക് മൂന്നു സീറ്റുകളും എന്നിങ്ങനെയാണ് ഏകദേശ ധാരണയെന്ന് ഒരു നേതാവ് പറഞ്ഞു. 

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം എന്നത് യുപിയില്‍ ഇതിനകം തന്നെ ഉപതെരഞ്ഞെടുപ്പുകളില്‍ വലിയ വിജയം കണ്ടതാണ്. ബിജെപി കോട്ടകളായിരുന്ന ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നു. ശേഷം കൈരാന, നൂര്‍പുര്‍ സീറ്റുകളിലും പ്രതിപക്ഷം ജയിച്ചിരുന്നു.

പ്രതിപക്ഷ സഖ്യ ചര്‍ച്ചയിലെ പ്രധാന മധ്യസ്ഥന്‍മാരില്‍ ഒരാളായ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) അധ്യക്ഷന്‍ ശരത് പവാര്‍ കഴിഞ്ഞയാഴ്ച ബി.എസ്.പി നേതാവ് മായാവതിയെ കണ്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റു വീതംവയ്പ്പാണ് പ്രധാനമായും ചര്‍ച്ചയായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 50 സീറ്റ് മായാവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസും മായാവതിയും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടിക്കിടക്കുകയാണ്. 22 സീറ്റുകളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. 30 സീറ്റുകള്‍ വരെ നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്.

ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് അന്തിമ രൂപമായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായും ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മുമായും സീറ്റു പങ്കിടല്‍ ധാരണയായിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ പുറത്തു നിന്നുള്ള പിന്തുണയുമായി ഇടതു പാര്‍ട്ടികളും ഉണ്ട്. ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍.ജെ.ഡിയുമായുള്ള കോണ്ഗ്രസ് സഖ്യം കരുത്തുറ്റതാണ്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി കോണ്‍ഗ്രസ് സീറ്റു പങ്കിടല്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. മറ്റു ചെറുപാര്‍ട്ടികളും ഈ സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

Latest News