മലയാളികളായ ഒരു സംഘം ജനിതക ശാസ്ത്രജ്ഞൻമാരുടെ സ്റ്റാർട്ടപ് സംരംഭമായ ജീൻസ് ആൻഡ് യു ബയോടെക്‌നോളജി കമ്പനിയുടെയും അനുബന്ധ സ്ഥാപനമായ ജീൻ എക്‌സൽ. എ.ഐയുടെയും പ്രവർത്തനം കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ ആരംഭിച്ചു. പുനെയിലെ പ്രമുഖ ജനിതക ശാസ്ത്രജ്ഞനായ ഡോ. അമുൽ റൗടിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ ചെയർമാൻ ഡോ സുൽഫിക്കർ അലിയും മാനേജിംഗ് ഡയറക്ടർ ഡോ. സി.പി. അസീബുമാണ്. കമ്പനിയുടെ സി.ഇ.ഒ യും ചീഫ് സ്ട്രാറ്റജിക് ഓഫീസറുമായ മുസ്തഫ സൈതലവിയാണ് കാലിഫോർണിയയിൽ കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.
ഉമിനീരിൽ നിന്നുള്ള ജിനോം മാപ്പിംഗ് വഴി വിവിധ ശാരീരിക അവസ്ഥകളെയും രോഗസാധ്യതകളെയും മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്ന ജീനോമിക്‌സ് എന്ന സങ്കേതം ഉപയോഗപ്പെടുത്തിയുള്ള ജീനോം കമ്പനിയായ ജീൻസ് ആൻഡ് യു 2020 ലാണ് സ്ഥാപിച്ചത്. ഇതിനകം തന്നെ ഹെൽത്ത്, വെൽനസ്, ഫാർമകൊജീനോമിക്‌സ്, ന്യൂട്രി ജീനോമിക്‌സ്, ടാലന്റ് ജീനോമിക്‌സ്, കപ്പിൾ ജീനോമിക്‌സ് തുടങ്ങിയ മേഖലകളിൽ നിരവധി ഗവേഷണങ്ങൾ നടത്തിയാണ് ജീൻസ് ആൻഡ് യു കമ്പനി ശ്രദ്ധേയമായത്.
മുംബൈ ആസ്ഥാനമായി സ്ഥാപിച്ച കമ്പനി ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഉപഭോക്താക്കളുള്ള ജീനോം കമ്പനിയാണ്. വിദ്യാർഥികളുടെ ജനിതകമായ അഭിരുചികളും കഴിവുകളും മുൻകൂട്ടി കണ്ടെത്തി മികച്ചവയെ പരിപോഷിപ്പിക്കാനും കുറവുള്ള അഭിരുചികളെ ഭക്ഷണക്രമങ്ങൾ കൊണ്ടും ജീവിതശൈലി കൊണ്ടും പ്രത്യേക പരിശീലനം കൊണ്ടും പരിപോഷിപ്പിച്ചെടുക്കാനുള്ള പ്രത്യേക പദ്ധതിയാണ് സ്‌കൂൾ ജീനോമിക്‌സിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കുട്ടികളുടെ ജനിതക അഭിരുചികളെ മുൻകൂട്ടി കണ്ടെത്തുന്നതോടൊപ്പം തന്നെ അത്യാധുനിക സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള പുതിയ പാഠ്യക്രമം ആണ് അമേരിക്കൻ പ്രോജക്ടുകളുടെ കമ്പനി ലക്ഷ്യമിടുന്നത്. ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ സ്റ്റാർട്ടപ് ആണ് ഈ പദ്ധതി. കാലിഫോർണിയയിലെ സിലിക്കൺ വാലിയിലാണ് കമ്പനിയുടെ റജിസ്റ്റേഡ് ഓഫീസ്.