രാജ്യത്ത് ഓൺലൈൻ വായ്പ ആപ്പുകൾക്ക് കടിഞ്ഞാണിടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. വായ്പ ആപ്പുകൾ വഴി വായ്‌പെയടുക്കുന്നവരെ തിരിച്ചടവ് മുടങ്ങുന്നതിന്റെ പേരിൽ മരണത്തിലേക്ക് തള്ളിവിടുകയാണ്. ഇടപാടുകാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് അപമാനിക്കുന്നതിനെത്തുടർന്ന് നിരവധി ആത്മഹത്യകൾ നടന്ന പശ്ചാത്തലത്തിലാണ് വായ്പ ആപ്പുകൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത്. വായ്പ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം കൊച്ചി കടമക്കുടിയിൽ നാലംഗ കുടുംബവും വയനാട്ടിൽ ഒരു യുവാവും ആത്മഹത്യ ചെയ്തിരുന്നു. ഇതിന് മുൻപും വായ്പ ആപ്പുകാരുടെ പീഡനത്തെ തുടർന്ന് കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി ആത്മഹത്യകളാണ് അരങ്ങേറിയത്.
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും വായ്പ ആപ്പുകൾ കൂണുകൾ പോലെ പൊട്ടി മുളയ്ക്കുന്നത്. അവരുടെ ഏറ്റവും പ്രധാന ബിസിനസ് കേന്ദ്രം ഇന്ത്യയാണ്. കോടികളാണ് ഇന്ത്യയിൽ നിന്ന് ഓരോ വർഷവും സമ്പാദിക്കുന്നത്. ഊരും പേരുമില്ലാത്ത ഓൺ ലൈൻ വായ്പ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത് വലിയ സാമ്പത്തിക നഷ്ടവും മാനഹാനിയുമൊക്കെ പേറി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതിയെന്നോണം ഏറിക്കൊണ്ടിരിക്കുകയാണ്.
ചൈന കേന്ദ്രീകരിച്ചുള്ള ഓൺ ലൈൻ വായ്പ ആപ്പുകളാണ് ഇന്ത്യയിൽ പ്രധാനമായും പ്രവർത്തിക്കുന്നത്. ഓൺ ലൈൻ വായ്പ ആപ്പുകൾക്ക് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. രാജ്യത്ത് ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ ഉടൻ നിയമ നിർമാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഡിജിറ്റൽ ഇന്ത്യ ആക്ടിനായുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. എന്നാൽ വായ്പ ആപ്പുകളെ ഒരിക്കൽ നിയന്ത്രിച്ചാൽ പോലും പല പേരുകളിലും പല രൂപങ്ങളിലും ഇത് വീണ്ടുമെത്തുമെന്നതാണ് പ്രശ്‌നം. അതിന്റെ അനുഭവം രാജ്യത്തിനുണ്ട്.
200 ഓളം ഓൺലൈൻ ലോൺ ആപ്പുകൾക്ക് നേരത്തേ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഒരു ആപ് നിരോധിക്കുമ്പോൾ പകരം പത്ത് ആപ്പുകൾ പല പേരുകളിലായി പുതുതായി രംഗത്തെത്തുന്നുവെന്നതാണ് പ്രശ്‌നം. നിരോധിച്ച ആപ്പുകൾ തന്നെ പേര് മാറ്റി വരുന്നു. ഗൂഗിൾ പ്ലേസ്റ്റോർ വഴിയും ആപ് സ്റ്റോറുകൾ വഴിയുമാണ് ലോൺ ആപ്പുകളുടെ പ്രവർത്തനം. അനധികൃതമായി പ്രവർത്തിക്കുന്ന 3500 ഓളം ലോൺ ആപ്പുകളെ ഗുഗിൾ പ്ലേസ്റ്റോറുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഓരോ ദിവസവും പുതിയ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ സ്ഥാനം പിടിച്ചുകൊണ്ടേയിരിക്കുകയാണ്.
യാതൊരു അനുമതിയുമില്ലാതെ രാജ്യത്ത് ഓൺ ലൈനിൽ പ്രവർത്തിക്കുന്ന എഴുന്നൂറിലേറെ ഓൺലൈൻ ആപ്പുകളുടെ ലിസ്റ്റ് കേന്ദ്ര സർക്കാർ തയാറാക്കിയിട്ടുണ്ട്. എന്നാൽ ഈ ആപ്പുകളെല്ലാം ഇപ്പോഴും നിർബാധം ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഇവരുടെ കെണിയിൽ വീണുകൊണ്ടിരിക്കുന്നു. യാതൊരു ഈടുമില്ലാതെ പാൻകാർഡിന്റെയും ആധാർ കാർഡിന്റെയും പിൻബലത്തിൽ നിമിഷങ്ങൾക്കകം പണം വായ്പ നൽകുന്ന ആപ്പുകൾ ഏതാനും മാസങ്ങൾ കൊണ്ട് വായ്പയെടുത്തതിന്റെ നാലും അഞ്ചും ഇരട്ടി തുകയാണ് തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നത്.
തിരിച്ചടവ് മുടങ്ങിയാൽ ഭീഷണിപ്പെടുത്തലും അപമാനിക്കലുമായി രംഗത്തെത്തും. പലിശയും പിഴയുമൊക്കെയായി വായ്പ എടുത്തതിന്റെ നാലും അഞ്ചും ഇരട്ടി തുക ഏതാനും മാസങ്ങൾക്കകം തിരിച്ചടവ് നൽകാൻ കഴിയാത്തവർ പലരും ലോൺ ആപ് കമ്പനികളുടെ ഭീഷണിക്ക് വഴങ്ങി ആത്മഹത്യയെ അഭയം പ്രാപിക്കുകയാണ്. ലോൺ ആപ്പുകളെ നിയന്ത്രിക്കണമെങ്കിൽ ഒരു ഭഗീരഥ പ്രയത്‌നം തന്നെ കേന്ദ്ര സർക്കാരിന് നടത്തേണ്ടി വരും. ഇതിനെതിരെ നിയമം പാസാക്കി വെറുതെ കൈയും കെട്ടി നോക്കിയിരുന്നിട്ട് കാര്യമില്ല. കൃത്യമായ പരിശോധനയും മോണിറ്ററിംഗുമെല്ലാം നടപ്പാക്കിയാൽ മാത്രമേ കാര്യമുള്ളൂ.
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഒട്ടുമുക്കാലും ലോൺ ആപ്പുകളുടെ പ്രവർത്തനമെന്നതിനാൽ ഇവക്കെതിരെ നിയമ നടപടി എളുപ്പമാകില്ല. അതുകൊണ്ട് തന്നെ ഗൂഗിൾ പ്ലേസ്റ്റോറിനും ആപ് സ്റ്റോറിനുമെല്ലാം കർശന വ്യവസ്ഥകൾ കൊണ്ടുവരിക മാത്രമേ നിവൃത്തിയുള്ളൂ.