Sorry, you need to enable JavaScript to visit this website.

വനിതാ സംവരണത്തിലെ രാഷ്ട്രീയം

പാർലമെന്റിന്റെ പ്രവർത്തനം നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് വേദിയായ, നൂറ്റാണ്ട് പഴക്കമുള്ള, പ്രൗഢമനോഹരമായ പഴയ മന്ദിരത്തിൽനിന്ന് അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ അതിവിശാലമായ പുതിയ മന്ദിരത്തിലേക്ക് മാറിയ ദിവസം തന്നെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന വനിത സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അഭിനന്ദനാർഹം തന്നെ. ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ കാലമായി ചർച്ച ചെയ്യപ്പെടുന്നതും ഒരിക്കലും നടപ്പാക്കാനിടയില്ലെന്ന് ഒരുവേള സംശയിച്ചിരുന്നതുമായ ബിൽ നിരവധി പ്രതിബന്ധങ്ങൾക്കൊടുവിൽ നിയമമാകുമെന്ന ഘട്ടത്തിലേക്ക് നീങ്ങുന്നു. ബിൽ ലോക്‌സഭയിൽ പാസാക്കാനുള്ള അംഗബലം ഭരണകക്ഷിയായ ബി.ജെ.പി അടങ്ങുന്ന എൻ.ഡി.എക്കുണ്ട്. പ്രതിപക്ഷത്തെ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ബില്ലിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എല്ലാ അനുകൂല സാഹചര്യവുമുണ്ടായിട്ടും വനിത സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ മോഡി സർക്കാരിന് ഇത്ര കാലതാമസം വേണ്ടിവന്നത് എന്തുകൊണ്ടെന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. 
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനസംഖ്യയുടെ പകുതിയോ അതിലേറെയോ വരുന്ന ഒരു വലിയ വിഭാഗത്തിന് ഇനിയും നിയമ നിർമാണ സഭകളിൽ നാമമാത്ര പ്രാതിനിധ്യമേ ഉള്ളൂ എന്നത് തീർത്തും നാണക്കേടാണ്. നമുക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പാക്കിസ്ഥാനിൽ പോലും ദേശീയ അസംബ്ലിയിൽ നിശ്ചിത ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ അത്തരത്തിൽ സംവരണമില്ലാത്തതുകൊണ്ട് ലോക്‌സഭയിൽ സ്ത്രീപ്രാതിനിധ്യം കഷ്ടിച്ച് പതിനഞ്ച് ശതമാനമാണ്. കേരള നിയമസഭയിലും മറ്റു പല സംസ്ഥാന അസംബ്ലികളിലും അത്ര പോലുമില്ല. 
ബിൽ നിയമമാകുന്നതോടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യും. പട്ടികവിഭാഗക്കാരുടെ സംവരണ സീറ്റുകളിലും 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യും. എന്നാൽ രാജ്യസഭയിലോ, സംസ്ഥാന നിയമസഭകളുടെ ഉപരിമണ്ഡലമായ ലെജിസ്ലേറ്റീവ് അസംബ്ലികളിലോ സംവരണം ബിൽ വ്യവസ്ഥ ചെയ്യുന്നില്ല.
വാസ്തവത്തിൽ ജനപ്രാതിധ്യ സഭകളിൽ വനിതകൾക്ക് സംവരണം എന്നത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയമാണ്. പഞ്ചായത്തീരാജ് നിയമം പാസാക്കിയപ്പോൾ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിൽ 33 ശതമാനം വനിത സംവരണം രാജീവ് സർക്കാർ ഉറപ്പാക്കി. മൻമോഹൻ സിംഗ് ഭരണ കാലത്ത് വനിത സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ മുൻകൈയെടുത്തത് സോണിയ ഗാന്ധിയാണ്. 
ഇപ്പോഴത്തെ സാഹചര്യത്തിൽ ബിൽ പാർലമെന്റ് പാസാക്കി നിയമമാക്കിയാലും അത് നടപ്പാവണമെങ്കിൽ നിരവധി വർഷങ്ങൾ ഇനിയും വേണ്ടിവരും. കാരണം മണ്ഡല പുനർനിർണയം നടത്തിയശേഷമേ വനിത സംവരണം നടപ്പാക്കാവൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതത്ര പെട്ടെന്ന് കഴിയാത്ത കാര്യമായതിനാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏതായാലും വനിത സംവരണം നടപ്പാവില്ല. 2002 ൽ പാസാക്കിയ ഭരണഘടന ഭേദഗതി പ്രകാരം ഇനി മണ്ഡല പുനർനിർണയം നടത്തേണ്ടത് 2031 ലെ സെൻസസിനു ശേഷമാണ്. അങ്ങനെ വരുമ്പോൾ വനിത സംവരണ ബിൽ നിയമമായാലും അത് പത്ത് വർഷമെങ്കിലും അലമാരയിൽ വിശ്രമിക്കും. മിക്കവാറും 2034 ലെ പൊതുതെരഞ്ഞെടുപ്പിലാവും നടപ്പാക്കാനാവുക.
വനിത സംവരണ ബിൽ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ 2010 ൽ ഇതേ ബിൽ പാസായ വേളയിൽ ബി.ജെ.പി നേതാവ് അന്തരിച്ച സുഷമ സ്വരാജും സി.പി.എം നേതാവ് ബൃന്ദ കാരാട്ടും പാർലമെന്റിൽ സന്തോഷം പങ്കിടുന്ന ചിത്രം. രാജ്യസഭയിൽ പാസായ ബിൽ പക്ഷേ ലോക്‌സഭ കടന്നില്ല. അന്ന് സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്ന സമാജ്‌വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ കക്ഷികളുടെ ശക്തമായ എതിർപ്പായിരുന്നു കാരണം. ഈ പാർട്ടികളുടെ എം.പിമാർ സഭയിൽ ബില്ലിന്റെ കോപ്പികൾ കീറിയെറിഞ്ഞ് നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബിൽ വോട്ടിനിടാൻ പോലും കഴിയാതെ അന്ന് ലോക്‌സഭ പിരിയുകയായിരുന്നു. വനിത സംവരണത്തിനുള്ളിൽ ജാതി സംവരണം കൂടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ആ പാർട്ടികൾ അന്ന് പ്രതിഷേധമുയർത്തിയത്. 
2014 ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം പക്ഷേ അത്തരം തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. വേണ്ടത്ര ഭൂരിപക്ഷം, പ്രതിപക്ഷത്തിന്റെ പോലും പിന്തുണ. മാത്രമല്ല, വനിത സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചതുമാണ്. എന്നിട്ടും ഒമ്പത് വർഷം കഴിയുന്നു. രണ്ടാം മോഡി സർക്കാരിന്റെ ഈ അവസാന വേളയിൽ, രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിന് അടുത്തെത്തി നിൽക്കുമ്പോഴാണ് ബിൽ അവതരിപ്പിക്കുന്നത്. അതിന് പിന്നിൽ വനിത സംവരണം നടപ്പാക്കുക എന്നതിലുപരി തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന് വ്യക്തം.
മോഡി പ്രധാനമന്ത്രിയായ ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി.ജെ.പി ഏറ്റവും കടുത്ത വെല്ലുവിളി നേരിടുന്ന കാലമാണ് വരാനിരിക്കുന്നത്. രണ്ട് ഡസനിലേറെ പ്രതിപക്ഷ കക്ഷികൾ ഇന്ത്യ എന്ന മുന്നണിക്ക് രൂപം നൽകി പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാൻ തയാറെടുക്കുന്നു. തുടക്കത്തിൽ ചില പൊട്ടലും ചീറ്റലുമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊക്കെ മാറി ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ പരമാവധി ജനങ്ങളെ അണിനിരത്തി മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചിരിക്കുന്നു. അതിലുപരി പരമാവധി സീറ്റുകളിൽ ബി.ജെ.പിക്കെതിരെ ഒറ്റ സ്ഥാനാർഥി എന്ന നിലയിൽ സീറ്റ് വിഭജന ചർച്ചകൾ പോലും ആരംഭിച്ചിരിക്കുന്നു. കർണാടകയിൽ വിജയകരമായി പ്രഖ്യാപിച്ച് നടപ്പാക്കിയ ജനപ്രിയ വാഗ്ദാനങ്ങളെന്ന തന്ത്രം കോൺഗ്രസ് തെലങ്കാനയിലും പയറ്റുന്നു. മുമ്പെന്നത്തേക്കാളും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങൾ ജനം ചർച്ച ചെയ്യുന്നു. മണിപ്പൂരിലെ കലാപം നിയന്ത്രിക്കാൻ ഇടപെടാതെ കലാപകാരികളെ കയറൂരിവിട്ടത് രാജ്യാന്തര തലത്തിൽ പോലും മോഡി സർക്കാരിന്റെ യശസ്സിന് കളങ്കമാവുന്നു. സർക്കാർ നിയമ വിരുദ്ധമായി ചെയ്യുന്ന സഹായങ്ങളുടെ ബലത്തിൽ വ്യവസായ ഭീമൻ അദാനി നടത്തുന്ന വൻ തട്ടിപ്പുകൾ ലോകമെങ്ങും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു. ചൈന നമ്മുടെ അതിർത്തി നിരന്തരം കൈയേറുമ്പോഴും ശക്തമായ നടപടിക്കൊരുങ്ങാതെ സർക്കാർ അറച്ചു നിൽക്കുന്നു.
എല്ലാ കാലത്തും രാജ്യസ്‌നേഹവും ന്യൂനപക്ഷ വിരോധവും പറഞ്ഞുകൊണ്ടിരുന്നാൽ തെരഞ്ഞെടുപ്പ് വിജയിക്കാനാവില്ലെന്ന് മോഡിക്കും ബി.ജെ.പിക്കുമറിയാം. അതുകൊണ്ട് ജനങ്ങളെ കൈയിലെടുക്കാനുള്ള മറ്റു ചില തന്ത്രങ്ങൾ വേണ്ടിവരും. അതിന്റെ ഭാഗമായാണ് ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് മോഡി ഇപ്പോൾ നിരന്തരം അവകാശപ്പെടുന്നത്. ഗ്യാസ് സിലിണ്ടറിന് വില കുറച്ചത് അടുത്തിടെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പെട്രോൾ, ഡീസൽ വിലയും കുറച്ചേക്കാം.വനിത സംവരണ ബില്ലും അത്തരത്തിൽ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗം മാത്രമാണ്. ഒരു വെടിക്ക് രണ്ടു പക്ഷിയാവും മോഡി സ്വപ്നം കാണുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് വനിത വോട്ടർമാരെ പരമാവധി സ്വാധീനിക്കുക. അതോടൊപ്പം ഈ വിഷയത്തിൽ പ്രതിപക്ഷത്ത് ചേരിതിരിവുണ്ടാക്കുക. ഇപ്പോൾ ഇന്ത്യ മുന്നണിയുടെ ഭാഗമായ കക്ഷികൾ തന്നെയാണല്ലോ മുമ്പ് ലോക്‌സഭയിൽ ബില്ലിനെ നഖശിഖാന്തം എതിർത്തത്. അതുകൊണ്ട് വനിത സംവരണ ബില്ലിനെ ഇന്ത്യ മുന്നണിക്ക് ഒറ്റക്കെട്ടായി പിന്തുണക്കാനാവില്ലെന്ന് ബി.ജെ.പി കരുതുന്നു.കേവലം തെരഞ്ഞെടുപ്പ് ഗിമ്മിക്കിനപ്പുറം വനിത സംവരണ ബിൽ നടപ്പാക്കുന്നതിൽ ബി.ജെ.പിക്ക് ആത്മാർഥതയുണ്ടെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ തന്നെ അത് സ്വയം നടപ്പാക്കട്ടെ. അതായത് തങ്ങളുടെ സ്ഥാനാർഥികളിൽ 33 ശതമാനം വനിതകളെ ഉൾപ്പെടുത്തുക. അത് തീർച്ചയായും പ്രതിപക്ഷത്തിന് വലിയൊരു വെല്ലുവിളിയായിരിക്കും. അവർക്കും അത്തരത്തിൽ വനിത സ്ഥാനാർഥികളെ നിർത്തേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിൽ അത് ചരിത്ര സംഭവവുമാകും.

Latest News