Sorry, you need to enable JavaScript to visit this website.

അതിവേഗം ബഹുദൂരം കുതിക്കുന്ന ഇന്ത്യ-സൗദി സൗഹൃദം

ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിൽ എത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനം സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്. സൗദിയുടെ വികസനത്തിൽ ഇന്ത്യൻ പ്രവാസികൾ വഹിച്ച പങ്കിനെ വാനോളം പുകഴ്ത്തിയ കിരീടാവകാശി സൗദിയിലെ ഇന്ത്യക്കാരെ സ്വന്തം പൗരന്മാരെ പോലെ കാണുമെന്ന പ്രഖ്യാപനത്തിലൂടെ പ്രവാസികളെ ആദരിച്ചിരിക്കുകയുമാണ്. ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം വളർത്താനും നിക്ഷേപ, തൊഴിൽ മേഖലകളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ഉപകരിക്കും.  ആദ്യം ചൈനയുമായും പിന്നീട് ഇറാനുമായുള്ള കരാറുകൾ. ഇപ്പോൾ ഇന്ത്യയുമായും കൂടുതൽ വാണിജ്യ, വ്യാപാര ബന്ധം. ഇത്തരം ബന്ധങ്ങളിലൂടെ സൗദി ലക്ഷ്യമിടുന്നത് രാജ്യത്തെ ലോകത്തിലെ വൻസാമ്പത്തിക ശക്തിയാക്കി മാറ്റുകയെന്നതാണ്. അതിനു നേതൃത്വം വഹിക്കാനും ദീർഘ വീക്ഷണത്തോടെ ഓരോ പദ്ധതികൾ നടപ്പാക്കാനും അവർക്ക് യുവാവായ ഒരു ഭരണാധികാരി ഉണ്ടെന്നത് വിവിധ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുന്നതാണ്.  രാഷ്ട്രപതി ദ്രൗപതി മുർമുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ചർച്ചകൾ നടത്തി എട്ടു കരാറുകളും നാൽപതോളം ധാരണ പത്രങ്ങളും ഒപ്പുവെച്ച് മുഴുവൻ ഇന്ത്യക്കാരുടെയും ഹൃദയം കവർന്നാണ് സൗദി കിരീടാവകാശി ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. ഈ സന്ദർശനം വരുംനാളുകളിൽ ഇരു രാജ്യങ്ങളിലും ഉണ്ടാക്കാൻ പോകുന്ന വികസനവും പരസ്പര സഹകരണവും വിവരണാതീതമായിരിക്കും. കിരീടാവകാശിയുടെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെയും അധ്യക്ഷതയിൽ സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗം ചേർന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിന് കൂടുതൽ കരുത്തേകും. 
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പരസ്പര പ്രയോജനത്തിൽ അധിഷ്ഠിതമാണെന്നായിരുന്നു കിരീടാവകാശിയുടെ പ്രസ്താവന. സൗദി പൗരന്മാരെ പോലെയാണ് ഇന്ത്യൻ പ്രവാസികളെയും സർക്കാർ പരിരക്ഷിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം ഞങ്ങളുടെ ഡി.എൻ.എയിലുള്ളതാണ്. സൗദി ജനസംഖ്യയിൽ ഏഴു ശതമാനം ഇന്ത്യക്കാരാണ്. അവർ സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിൽ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയിലും അതു തുടരുക തന്നെ ചെയ്യുമെന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രഖ്യാപനം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്നതാണ്.  കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗദി, ഇന്ത്യ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ വിവിധ മേഖലകളിൽ പരസ്പര സഹകരണത്തിന് 20 ലേറെ കരാറുകളും ധാരണാപത്രങ്ങളുമാണ് ഒപ്പുവെച്ചത്. ഊർജം, പുനരുപയോഗ ഊർജം, പെട്രോകെമിക്കൽസ് അടക്കമുള്ള മേഖലകളിൽ പരസ്പര സഹകരണത്തിനും നിക്ഷേപങ്ങൾക്കുമുള്ള കരാറുകൾ ഇതിലുൾപ്പെടും. ഇറ്റലി, ജപ്പാൻ, ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ സൗദി നിക്ഷേപ മന്ത്രാലയം സംഘടിപ്പിച്ച ഇൻവെസ്റ്റ്മെന്റ് ഫോറങ്ങളുടെ തുടർച്ചയായാണ് ഇന്ത്യയിലും നിക്ഷേപ ഫോറത്തിന് വേദിയൊരുക്കിയത്്. ഇന്ത്യ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ്. സൗദി അറേബ്യയാകട്ടെ, ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വാണിജ്യ പങ്കാളിയും.  ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷം 10.7 ബില്യൺ ഡോളറായിരുന്നു. ഇത് സർവകാല റെക്കോർഡാണ്. 2018 ൽ ഇത് 5.6 ബില്യൺ ഡോളറായിരുന്നു. നാലു വർഷത്തിനിടെ 85 ശതമാനത്തിന്റെ വർധന. ഇക്കാലയളവിൽ ഇന്ത്യയിലേക്കുള്ള സൗദി കയറ്റുമതിയും വൻ തോതിലാണ് വർധിച്ചത്. 2018 ൽ 26 ബില്യൺ ഡോളറായിരുന്ന സൗദി കയറ്റുമതി കഴിഞ്ഞ കൊല്ലം 42 ബില്യൺ ഡോളറായാണ് വളർന്നത്.  
ജി20 യുടെ വേദിയിൽ ഇന്ത്യക്കും മധ്യപൗരസ്ത്യ ദേശത്തിനും യൂറോപ്പിനുമിടയിൽ പുതിയ സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനുള്ള ധാരണാപത്രം ഒപ്പുവെച്ചതും ഇന്ത്യ സൗദി സൗഹൃദത്തിന് കൂടുതൽ നിറം പകരുന്നതാണ്. ഊർജ സുരക്ഷ ഉറപ്പാക്കാനും വാണിജ്യ വിനിമയം വർധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ.  പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ നേതാക്കൾ എന്നിവർ ചേർന്ന് നടത്തിയ പദ്ധതി പ്രഖ്യാപനം ഇതിന്റെ വ്യാപ്തിയെ കാണിക്കുന്നു. ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. യു.എ.ഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രായിൽ എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തി റെയിൽ, തുറമുഖ വികസനവും അടിസ്ഥാന സൗകര്യങ്ങളൊരുമൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യക്കും സൗദി അറേബ്യക്കും പുറമെ യു.എ.ഇ, അമേരിക്ക, ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും സാമ്പത്തിക ഇടനാഴി പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളുമായി സഹകരിച്ച് ആശയവിനിമയത്തിനായി വാർത്ത വിനിമയ കാബിളുകൾ സ്ഥാപിക്കുക, റെയിൽ, തുറമുഖ സൗകര്യങ്ങൾ വർധിപ്പിക്കുക, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക, ഇന്ത്യയിൽനിന്നുള്ള ചരക്കുനീക്കം ഗൾഫിൽനിന്നും യൂറോപ്പിലേക്ക് റെയിൽ മുഖേനയാക്കുക തുടങ്ങിയവയാണ് കരാറിന്റെ മുഖ്യ ലക്ഷ്യം. ഇടത്തരം രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഈ കരാർ ഏറെ ഉപകരിക്കും. 
രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അടുത്ത തലമുറക്കായി അടിത്തറ പാകുകയാണെന്നുമായിരുന്നു പദ്ധതി പ്രഖ്യാപനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി മോഡി പറഞ്ഞത്.  സാമ്പത്തിക പരസ്പരാശ്രിതത്വം ശക്തിപ്പെടുത്തുന്നതിലൂടെ നമ്മുടെ രാജ്യങ്ങളുടെ പൊതുതാൽപര്യങ്ങൾ കൈവരിക്കാൻ പദ്ധതി സഹായിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും പദ്ധതിക്കു നൽകുന്ന പ്രാധാന്യമാണ് നേതാക്കളുടെ പ്രസ്താവനകളിൽ നിഴലിക്കുന്നത്. ഇതിൽ മാത്രമല്ല, ഇന്ത്യ സൗദി ബന്ധം പുത്തൻ മേഖലകളിലേക്കും വ്യാപിക്കുകയാണ്. സൗദി അറേബ്യ സ്വന്തം ബഹിരാകാശ പദ്ധതി ആരംഭിക്കാനുള്ള പശ്ചാത്തലം ഒരുക്കി വരികയാണ്. ഈ മേഖലയിൽ സൗദിയുടെ പ്രധാന പങ്കാളിയാണ് ഇന്ത്യ. ഐ.എസ്.ആർ.ഒ.യുമായി കരാർ ഒപ്പുവെക്കാൻ സൗദി സ്പേസ് ഏജൻസി ഡയറക്ടർ ബോർഡ് പ്രസിഡന്റ് കൂടിയായ കമ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹയെ സൗദി മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയിൽ നിക്ഷേപം എളുപ്പമാക്കാൻ സൗദി അറേബ്യ ഇന്ത്യയിൽ ഓഫീസ് തുറക്കുമെന്നും ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ പഠിക്കാൻ വലിയ സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്നും സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപാവസരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സംഘത്തെ സൗദിയിലേക്കയക്കുമെന്ന് ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും അറിയിച്ചിട്ടുണ്ട്.  ഇന്ത്യയിലെ ഫിനാൻഷ്യൽ ബിസിനസ് സെന്റർ സന്ദർശിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനെ മന്ത്രി  പിയൂഷ് ഗോയൽ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ സൗദി നിക്ഷേപങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യ സൗദി സൗഹൃദം പൂത്തുലഞ്ഞ് കൂടുതൽ വർണശബളിമയാർന്നതായി മാറുകയാണ്. ഇതിന്റെ സൗരഭ്യം ഇരു രാജ്യങ്ങളിലും വീശിയടിക്കുമ്പോൾ അത് ഭാവി തലമുറയിലും പരസ്പര ബന്ധത്തിന്റെ തിരിനാളം അണയാതെ കാത്തു സൂക്ഷിക്കാനുള്ള ആവേശം ജനിപ്പിക്കും. 

Latest News