സൗദി സംഗീതത്തിന്റെ വൈവിധ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഫിനാ ഫോണ്‍ പ്രദര്‍ശനം തുടങ്ങി

ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ഫിന അല്‍അവ്വല്‍ സെന്റര്‍ ആരംഭിച്ച ഫിനാഫോണ്‍ പ്രദര്‍ശനത്തില്‍ നിന്ന്

റിയാദ്- സൗദി അറേബ്യയിലെ ജനപ്രിയ സംഗീതത്തിന്റെ ചരിത്രത്തിലേക്ക് വഴി തുറന്ന് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ഫിനാ ഫോണ്‍ പ്രദര്‍ശനം തുടങ്ങി. ഫിന അല്‍അവ്വല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം ഒക്ടോബര്‍ 12 വരെ തുടരും.
പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി വരെയാണ് പ്രവേശനം.
1950 മുതല്‍ 2000 ത്തിന്റെ ആരംഭം വരെയുള്ള അതുല്യസംഗീത ശേഖരമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സൗദി സംഗീത പൈതൃകത്തിന്റെ വിവിധ സാംസ്‌കാരിക വശങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും സൗദി നാടോടി സംഗീതത്തിന്റെ വികാസത്തെക്കുറിച്ച് അറിയുന്നതിനും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളെ ഓര്‍ക്കുന്നതിനും സമകാലിക സാംസ്‌കാരിക രംഗം കെട്ടിപ്പടുക്കുന്നതില്‍ സൗദി സംഗീതത്തിന്റെ പങ്കിനെക്കുറിച്ച് അറിയുന്നതിനും സന്ദര്‍ശകര്‍ക്ക് അസുലഭമായ അവസരമാണിത്. ടേപ്പ് റെക്കോഡുകള്‍, കാസറ്റുകള്‍, പഴയ റെക്കോര്‍ഡിംഗുകള്‍, കലാകാരന്മാരുടെ പോസ്റ്ററുകള്‍, അപൂര്‍വ ഫോട്ടോകള്‍ തുടങ്ങി വിവിധ സംഗീത ശേഖരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. സാംസ്‌കാരിക വിനിമയവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിനാ അല്‍അവ്വല്‍ സെന്റര്‍ നടത്തുന്ന കലാപ്രദര്‍ശന പരമ്പരയുടെ തുടര്‍ച്ച കൂടിയാണിത്.


സൗദി സംഗീതത്തിന്റെ ആദ്യകാല പ്രകടനങ്ങളും പരിവര്‍ത്തനങ്ങളും വിശദീകരിക്കുന്ന 'പരമ്പരാഗത സംഗീതം മുതല്‍ ജനപ്രിയ സംഗീതം വരെ', സംഗീത രംഗത്തെ മാറ്റങ്ങളെ പ്രതിപാദിക്കുന്ന 'ഉള്ളില്‍ നിന്നുള്ള മാറ്റങ്ങള്‍', 'സംഗീതത്തിന്റെ ദേശീയ അന്തര്‍ദേശീയ മുഖങ്ങള്‍', സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രിന്റ് മീഡിയയുടെ പങ്ക് വിശദീകരിക്കുന്ന 'സംഗീതത്തിന്റെ രൂപവും ശബ്ദവും', സമകാലിക സംഗീതത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശുദന്ന 'വര്‍ത്തമാന കാലത്തെ ശബ്ദങ്ങള്‍' എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.  

Latest News