Sorry, you need to enable JavaScript to visit this website.

കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ ഹാജരായില്ല

കാസര്‍കോട് - കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹാജരായില്ല.  കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. പ്രതികള്‍ എവിടെയാണെന്ന് ചോദിച്ച കോടതി, പ്രതികള്‍ ഇന്ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. എന്നിട്ടും സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരായില്ല. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസെടുത്തതും, പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് വാദം. 
വിടുതല്‍ ഹര്‍ജിയില്‍ വിശദമായ വാദം ഒക്ടോബര്‍ നാലിന് നടക്കും. എതിര്‍കക്ഷിയായ കെ സുന്ദരയോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ നാലിന് ഹാജരാകാനാണ് നിര്‍ദേശം. കെ സുന്ദര എന്ന പേരുള്ള ഒരാള്‍ കഴിഞ്ഞ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് അപരനായി നില്‍ക്കുമെന്നും ഇത് സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ ഭീഷണിയാകുമെന്നുമുള്ള ചര്‍ച്ചകളെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കി അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നതാണ് മഞ്ചേശ്വരം കോഴക്കേസ്. പണത്തിന് പുറമെ മൊബൈല്‍ ഫോണും സുന്ദരക്ക് നല്‍കിയിരുന്നു. അഞ്ച് തവണയാണ് കോടതി ഈ കേസ് പരിഗണിച്ചത്.

Latest News