റിയാദ്- നഗരത്തിലും മരുഭൂമിയിലുമായി നാലു വര്‍ഷം ദുരിത ജീവിതം നയിച്ച് നാടണയാന്‍ കൊതിച്ച തമിഴ്‌നാട് സ്വദേശിക്ക് ഒടുവില്‍ ആശ്വാസം. കിളിക്കൊല്ലൂര്‍ വിളയന്‍ വില്‍സനാണ് വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോടിന്റെ ഇടപെടലില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുന്നത്.
തൊഴില്‍ തേടി നാലു വര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദ് വിമാനത്താവളത്തിലെത്തിയത് മുതല്‍ തന്നെ ഇദ്ദേഹത്തിന്റെ ദുരിത കഥക്ക് തുടക്കമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് സ്‌പോണ്‍സറാണെന്ന് പറഞ്ഞ് ഒരാള്‍ മരഭൂമിയിലേക്ക് വില്‍സനെ കൊണ്ടുപോയി. ധാരാളം ആടുകളും ഒട്ടകങ്ങളുമുള്ള അപരിചിത ഭൂമിയില്‍ നാലു മാസത്തോളം ശമ്പളവും ശരിയായ ഭക്ഷണവുമില്ലാതെ കഴിയേണ്ടി വന്നു. ഒടുവില്‍ സൗദി പൗരന്‍ ഇല്ലാത്ത സമയത്ത് രക്ഷപ്പെടാനുറച്ച് മരുഭൂമിയിലൂടെ നടത്തം തുടര്‍ന്നു. വഴിയില്‍ കണ്ട ടാങ്കര്‍ ലോറിയില്‍ കയറി മെയിന്‍ റോഡിലെത്തി. അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ ഒരു സ്വദേശി പൗരന്‍ കാര്‍ നിര്‍ത്തി ഭക്ഷണവും പണവും നല്‍കുകയും റിയാദിലെത്തിക്കുകയും ചെയ്തു. നേരത്തെ ജോലി ചെയ്തിരുന്ന റൗദയിലേക്കാണിദ്ദേഹം നേരെ പോയത്. അവിടെയുള്ള സുഹൃത്തുക്കളെ കണ്ടു താത്കാലിക ജോലികളിലേര്‍പ്പെട്ടു. തൊട്ടടുത്ത പ്രദേശത്തെ സ്വദേശിയുടെ വീട്ടില്‍ തൊഴിലവസരമുണ്ടെന്ന് ആരോ പറഞ്ഞതനുസരിച്ച് അതുവഴി വന്ന ടാക്‌സിയില്‍ കയറി പോവുകയായിരുന്നു. വഴിയില്‍ പോലീസ് പരിശോധനയില്‍ ഡ്രൈവറെയും ഇഖാമയില്ലാത്ത ഇദ്ദേഹത്തെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ചതിനാല്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വില്‍സനെ വിട്ടയക്കുകയും ചെയ്തു. പിന്നീട് ചെറിയ ജോലികളുമായി ജീവിതം തള്ളിനീക്കുന്നതിനിടെയാണ് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഔട്ട് പാസെടുത്ത് തര്‍ഹീലില്‍ പോയി എക്‌സിറ്റടിച്ച് വിമാനത്താവളത്തില്‍ ചെന്ന് വിരലടയാളമെടുത്തപ്പോള്‍ മദ്യപിച്ചതിന്റെ പേരില്‍ കേസുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. റൗദ പോലീസില്‍ ചെന്ന് കേസ് ക്ലിയര്‍ ചെയ്യാനാണ് ജവാസാത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ കേസ് ഡയറി കാണാനുണ്ടായിരുന്നില്ല. സഹായത്തിനായി എംബസിയെയും സാമൂഹിക പ്രവര്‍ത്തകരെയും ബന്ധപ്പെട്ടു. പണം തന്നാല്‍ സഹായിക്കാമെന്ന് ചില സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും നയാപൈസയില്ലാത്തതിനാല്‍ ആരേയും സമീപിക്കാനായില്ല. ഒടുവില്‍ തെരുവുകളില്‍ അന്തിയുറങ്ങിയും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കൈനീട്ടിയും മാനസിക രോഗികളെ പോലെ കഴിയേണ്ടി വന്നു. അതിനിടെയാണ് സുമനസ്സുകളിലൊരാള്‍ റാഫി പാങ്ങോടിന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയത്. റാഫിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. റാഫി ഇദ്ദേഹത്തെയും കൂട്ടി റൗദ സ്റ്റേഷനിലെത്തിയപ്പോള്‍ കേസ് ഫയല്‍ കാണാനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് കോടതിയില്‍ പോയി രേഖകള്‍ പരിശോധിച്ചപ്പോഴാണ് നേരത്തെ അറസ്റ്റിലായ മദ്യപാനിയായ ഡ്രൈവര്‍ക്കൊപ്പം കേസില്‍ ഇദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലായത്. കേസില്‍ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍ ഇദ്ദേഹത്തെ ഫൈനല്‍ എക്‌സിറ്റില്‍ വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് ഫയല്‍ പോലീസിലെത്തുന്നതോടെ നാട്ടിലേക്ക് തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വില്‍സന്‍.