മുംബൈ- അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗത്തിന് മുന്നോടിയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച.
അമേരിക്കയില്‍ പലിശ നിരക്ക് ഉയരാനുള്ള സാധ്യതയെ തുടര്‍ന്ന് യു. എസ് ബോണ്ടുകളുടെ വരുമാനം 16 വര്‍ഷത്തെ ഉയര്‍ന്ന തലത്തിലെത്തിയതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതിലാണ് ഇന്ത്യന്‍ ഓഹരികള്‍ വിറ്റുമാറിയത്. ഇതോടെ ഇന്ത്യന്‍ വിപണി തിരിച്ചടി നേരിടുകയായിരുന്നു. കൂടാതെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 94 ഡോളറിലേക്ക് ഉയര്‍ന്നതും ധനകാര്യ മേഖലയിലെ അനിശ്ചിതത്വങ്ങളും ഓഹരി വിപണിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
ബോംബെ ഓഹരി സൂചിക സെന്‍സെക്‌സ് 796 പോയിന്റ് നഷ്ടവുമായി 66,800ലേക്ക് മൂക്കുകുത്തി. ദേശീയ സൂചിക നിഫ്റ്റി 232 പോയിന്റ് ഇടിവോടെ 19,901ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.
ചെറുകിട, ഇടത്തരം മേഖലയിലെ കമ്പനികളുടെ ഓഹരികളും വലിയ വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. ധനകാര്യ, ഐ. ടി ബാങ്കിങ്, റിയല്‍റ്റി, എഫ്. എം. സി. ജി മേഖലകളിലെ ഓഹരികളും തകര്‍ന്നു. രണ്ട് എക്‌സ്‌ചേഞ്ചുകളിലുമായി നിക്ഷേപകരുടെ വിപണി മൂല്യത്തില്‍ 2.4 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്.
എച്ച്. ഡി. എഫ്. സിയുമായുള്ള ലയനത്തിനുശേഷം എച്ച്. ഡി. എഫ്. സി ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കാര്യമായി കൂടിയേക്കുമെന്ന വെളിപ്പെടുത്തല്‍ ബാങ്കിങ് മേഖലയിലും അലയൊലികളുണ്ടാക്കി. ഇന്ത്യന്‍ ബാങ്കുകളുടെ പലിശ മാര്‍ജിന്‍ കുറയാനുള്ള സാധ്യതയാണുള്ളതെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്. ഡി. എഫ്. സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, മാരുതി സുസുക്കി, അള്‍ട്രാടെക് എന്നിവയുടെ ഓഹരികളാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 50,000 കോടി ഡോളറിലധികമാണ് പിന്‍വലിച്ചതെന്നാണ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ പറയുന്നത്. ഇതോടെ രണ്ടാഴ്ചയായി തുടര്‍ച്ചയായി മുന്നേറ്റത്തിലായിരുന്ന ഓഹരികള്‍ സമ്മര്‍ദ്ദത്തിലായി. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധന ദൃശ്യമായി. റിസര്‍വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി ഡോളര്‍ വിറ്റഴിച്ചാണ് രൂപയ്ക്ക് പിന്തുണ നല്‍കിയത്.