ന്യൂദൽഹി- പാർലമെന്റിലേക്കും നിയമസഭകളിലേക്കും സ്ത്രീകൾക്ക് 33 ശതമാനം സംവരണ ഏർപ്പെടുത്താനുള്ള നിയമം ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ നടന്ന ചർച്ചയിലാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ഒ.ബി.സികളിൽനിന്നുള്ള സ്ത്രീകൾക്കും സംവരണം ഏർപ്പെടുത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തെ സ്ത്രീകൾക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ബിൽ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിൽ നടപ്പാക്കുന്നതിന് മുമ്പ് ഡീലിമിറ്റേഷനും സെൻസസും നിർബന്ധമാക്കുന്ന വ്യവസ്ഥകളെ രാഹുൽ ചോദ്യം ചെയ്തു.
'വനിതാ സംവരണ ബില്ലിനെ ഞാൻ പിന്തുണക്കുന്നു. നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ്. അവർ ഏതൊരു പുരുഷനെയും പോലെ കഴിവുള്ളവരും പല തരത്തിൽ കൂടുതൽ കഴിവുള്ളവരുമാണ്. ഒ.ബി.സി സംവരണം ഇല്ലാത്തത് ഈ ബില്ലിനെ അപൂർണമാക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയിലെ വലിയൊരു വിഭാഗം സ്ത്രീകൾക്ക് ഈ ബില്ലിലേക്ക് പ്രവേശനം ഉണ്ടായിരിക്കണമെന്നും രാഹുൽ പറഞ്ഞു.