Sorry, you need to enable JavaScript to visit this website.

മായാവതി 'ഇന്ത്യ' മുന്നണിക്ക് വഴങ്ങുമോ? യു.പിയെ പാട്ടിലാക്കാൻ പ്രിയങ്ക ഗാന്ധിയുടെ നിർണായക നീക്കങ്ങൾ

ന്യൂഡൽഹി - ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി സർക്കാറിനെ താഴെ ഇറക്കാൻ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണി തന്ത്രങ്ങൾ മെനയുന്നതിനിടെ, ഉത്തർ പ്രദേശിനെ കൈപിടിയിലാക്കാൻ നീക്കങ്ങളുമായി എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. യു.പി മുൻ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിയുമായുള്ള അകലം കുറച്ച് 'ഇന്ത്യ' മുന്നണിയിലേക്ക് അടുപ്പിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ ശ്രമം. 
 രാജ്യത്തെ ഏറ്റവും കൂടുതൽ പാർല്ലമെന്റ് സീറ്റുകളുള്ള യു.പി തിരിച്ചുപിടിക്കാതെ ഇന്ത്യ മുന്നണിക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്ന തിരിച്ചറിവിലാണ് പ്രിയങ്കയുടെ രഹസ്യ നീക്കങ്ങൾ. എൻ.ഡി.എയിലും ഇന്ത്യ മുന്നണിയിലും ചേരാതെ അകലം പുലർത്തുന്ന മായാവതിയുടെ നിലപാടുകൾ വരും നാളുകളിൽ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് എതിരാവാതെ നിർത്താനാണ് ആദ്യ ഘട്ടത്തിൽ പ്രിയങ്ക ശ്രമിക്കുന്നത്. പ്രിയങ്കഗാന്ധിയും മായാവതിയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നതായും വിവരമുണ്ട്. 
 യു.പിയിൽ കോൺഗ്രസുമായുള്ള ബന്ധത്തിന് നേരത്തെ താൽപര്യം പ്രകടിപ്പിക്കാതിരുന്ന മായാവതിയെ 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നിർണായക ഇടപെടലുകൾ പ്രിയങ്ക ഗാന്ധിയുടെ ഭാഗത്ത് നിന്നും ഇതിനകം ഉണ്ടായെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. യു.പി മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി കോൺഗ്രസിനോടൊപ്പം 'ഇന്ത്യ' മുന്നണിയിൽ സജീവമാണ്. അതേപോലെ മായാവതിയെയും മുന്നണിയിലേക്ക് അടുപ്പിച്ച് എസ്.പിയും ബി.എസ്.പിയും കോൺഗ്രസും ചേർന്നുള്ള ഒരു കൂട്ടായ്മ രൂപപ്പെടുത്താനാണ് പ്രിയങ്ക ഗാന്ധി യു.പിയിൽ ശ്രമിക്കുന്നത്. അങ്ങനെ സാധിച്ചാൽ എൻ.ഡി.എയെ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും നിഷ്പ്രയാസം തോൽപ്പിക്കാനാകും. 
 മായാവതി 'ഇന്ത്യ'യോടൊപ്പം ചേരാതെ ദലിത് വോട്ടുകൾ ഭിന്നിച്ചാൽ അതുണ്ടാക്കുന്ന പരുക്കുകൾ ബി.ജെപിക്കാവും ഗുണം ചെയ്യുക. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ താഴെ ഇറക്കാനും കേന്ദ്രത്തിൽ മോഡിയുടെ സാധ്യത ഇല്ലാതാക്കാനും മായാവതി-അഖിലേഷ്-പ്രിയങ്ക കൂട്ടുകെട്ടിലൂടെ വലിയ സാധ്യതയാണ് തുറന്നുകിടക്കുന്നത്. എന്നാൽ, ഇവർ മൂവരും ഒരുമിച്ചുനിൽക്കാതെ ചതുഷ്‌കോണ മത്സരത്തിന് അവസരം ഒരുങ്ങിയാൽ അത് വീണ്ടും ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്ന് ബോധ്യപ്പെടുത്താനാണ് പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നത്. അലിലേഷിനൊപ്പം മായാവതിയെ കൂടി യു.പിയിൽ പ്രതിപക്ഷത്തിന് കിട്ടിയാൽ ഹിന്ദി ഭൂമിയിൽ അത്ഭുദങ്ങൾ സംഭവിക്കുമെന്നും മോഡിയുടെ മൂന്നാമൂഴമെന്ന സ്വപ്‌നം തട്ടിത്തകരുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ, മായാവതി-പ്രിയങ്ക സംസാരങ്ങൾ സംബന്ധിച്ച പ്രതികരണത്തിന് കോൺഗ്രസോ ബി.എസ്.പിയോ തയ്യാറായിട്ടില്ല.

Latest News