Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയെ  ശ്രീധരൻ പിള്ള നയിക്കും; കുമ്മനം രാജശേഖരനെ തിരികെയെത്തിക്കും

ന്യൂദൽഹി- ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി പി.എസ്. ശ്രീധരൻ പിള്ളയെ കേന്ദ്ര നേതൃത്വം നിയമിച്ചു. ഇന്നലെ ദൽഹിയിലെത്തി ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി നടത്തിയ  കൂടിക്കാഴ്ചയിൽ ശ്രീധരൻ പിള്ള പ്രസിഡന്റാകാൻ സമ്മതമറിയിച്ചതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. മുൻ പ്രസിഡന്റ് വി. മുരളീധരൻ എം.പിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതലയും നൽകി. മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിച്ച് എൻ.ഡി.എ കൺവീനറാക്കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. അദ്ദേഹത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം.
കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയോഗിച്ചതിനെ തുടർന്നാണ് ബി.ജെ.പിക്ക് പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തേണ്ടിവന്നത്. രണ്ട് മാസമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ശ്രീധരൻപിള്ളക്ക് നറുക്ക് വീണത്. തുടർന്ന് ഇന്നലെ അദ്ദേഹത്തെ ദൽഹിയിലേക്ക് വിളിച്ചുവരുത്തി കേന്ദ്ര നേതൃത്വം അഭിപ്രായം ആരായുകയായിരുന്നു. സമ്മതമറിയിച്ചതോടെ കേന്ദ്ര നേതൃത്വം ഉടൻ പ്രഖ്യാപനവും നടത്തി.
ഗവർണർ സ്ഥാനത്ത്‌നിന്ന് കുമ്മനത്തെ തിരിച്ചുവിളിച്ച് എൻ.ഡി.എ കൺവീനറാക്കാനുള്ള നീക്കവും കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരുത്തുന്ന ഇത്തരം മാറ്റത്തിലൂടെ കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കാനാണ് നീക്കം.

ഇതോടെ ആർ.എസ്.എസിന്റെ പൂർണ നിയന്ത്രണത്തിലാകും സംസ്ഥാന ബി.ജെ.പി ഘടകം. ആർ.എസ്.എസിന് അനഭിമതനായതിനാലാണ് കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാൻ വി.മുരളീധരൻ നടത്തിയ നീക്കങ്ങൾ ഫലിക്കാതെ പോയത്. അതേസമയം മുരളീധര പക്ഷത്തിന്റെ എതിരാളിയെന്ന നിലയിൽ ശ്രീധരൻ പിള്ള സംസ്ഥാന പ്രസിഡന്റാകുന്നതിൽ പി.കെ കൃഷ്ണദാസ് വിഭാഗത്തിനും എതിർപ്പില്ല. ആർ.എസ്.എസുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് ശ്രീധരൻ പിള്ള. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ തനിക്കെതിരേ മുരളീധര വിഭാഗം ശക്തമായ നീക്കം നടത്തിയെന്ന പരാതിയും ശ്രീധരൻപിള്ളക്കുണ്ട്. 
കുമ്മനത്തെ ഗവർണറാക്കുന്നതിനൊപ്പം കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റുമാക്കി പാർട്ടിയെ നിയന്ത്രണത്തിലാക്കാനുള്ള വി. മുരളീധരന്റെ നീക്കമാണ് ആർ.എസ്.എസ് നേതൃത്വം പൊളിച്ചത്. ആർ.എസ്.എസിനെ പിണക്കി സംസ്ഥാനത്ത് പാർട്ടി പ്രവർത്തനം അസാധ്യമാണെന്ന് കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞതോടെ ശ്രീധരൻപിള്ള തന്നെയായി സംസ്ഥാന പ്രസിഡന്റ്. കുമ്മനത്തെ തങ്ങളോട് ആലോചിക്കാതെ മാറ്റിയതിലുള്ള നീരസം ആർ.എസ്.എസ് നേതൃത്വം തുറന്ന് പ്രകടിപ്പിച്ചതുമാണ്. 


 

Latest News