Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എം: വീണ്ടും ചരിത്രപരമായ വിഡ്ഢിത്തം

ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് പാർട്ടി പ്രതിനിധിയെ അയക്കേണ്ടെന്ന സി.പി.എം തീരുമാനം മറ്റൊരു ചരിത്രപരമായ വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെയും ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന കേന്ദ്ര കമ്മിറ്റി നിലപാടിന്റെയും അടിസ്ഥാനത്തിലാണത്രേ പി.ബി തീരുമാനം. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള സമിതിയിൽ  അംഗമാകുന്നതു കേരളത്തിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സഖ്യത്തിലെ കക്ഷിനേതാക്കൾ ഒന്നിച്ചിരുന്ന് തീരുമാനമെടുത്താൽ മതിയെന്നും മറ്റൊരു സംവിധാനം ആവശ്യമില്ലെന്നുമാണ് പാർട്ടി നിലപാട്. അതേസമയം, ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കാൻ ഇന്ത്യ സഖ്യത്തിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനുമായി പ്രവർത്തിക്കാൻ പി.ബി തീരുമാനിച്ചതായി സി.പി.എം വാർത്താക്കുറിപ്പിൽ അറിയിക്കുകയും ചെയ്തു. ബി.ജെ.പിക്കെതിരേ രാജ്യവ്യാപകമായി പൊതുപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. അത്രയും നന്ന്.
ഒരു സംശയവുമില്ല, ചരിത്രപരമായ വിഡ്ഢിത്തമെന്ന് ഭാവിയിൽ വിലയിരുത്തപ്പെടാൻ പോകുന്ന തീരുമാനമാണിത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതൊന്നും പുത്തരിയല്ല. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണം മുതൽ അത്തരം നിരവധി വിഡ്ഢിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ വിഡ്ഢിത്തം ജ്യോതിബസുവിന്റെ കൈയിലെത്തിയ പ്രധാനമന്ത്രിസ്ഥാനം നിരസിച്ചതായിരുന്നു. അന്നത് സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ പാർട്ടിയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്രം ഇതാകുമായിരുന്നില്ല. ജ്യോതിബസു തന്നെയാണ് ചരിത്രപരമായ വിഡ്ഢിത്തം എന്ന വാക്കുപയോഗിച്ചത്. അതുപോലെ 1996 ൽ സി.പി.ഐ നേതാക്കൾ കേന്ദ്ര മന്ത്രിസ്ഥാനമേറ്റെടുത്തിട്ടും സി.പി.എം തയാറായില്ല. രണ്ടാം യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ച തീരുമാനവും ചരിത്രപരമായ വിഡ്ഢിത്തമല്ലാതെ മറ്റെന്തായിരുന്നു? അതിന്റെയൊക്കെ തുടർച്ചയാണ് ഇപ്പോഴത്തെ തീരുമാനവും. ക്വിറ്റ് ഇന്ത്യ സമര കാലത്തെടുത്ത നിലപാടും 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല, അതിനായി സായുധ സമരം നടത്തണമെന്നെടുത്ത നിലപാടും പാർട്ടി ഓഫീസുകളിൽ അടുത്ത കാലത്തു മാത്രം ദേശീയ പതാക ഉയർത്തിയതുമൊക്കെ മറ്റു ഉദാഹരണങ്ങൾ. 
അധികാരത്തിൽ താൽപര്യമില്ല എന്നൊക്കെ വ്യാഖ്യാനിക്കാമെങ്കിലും ഈ തീരുമാനങ്ങളുടെ പിറകിലെ കാരണം അതാണെന്നു കരുതാനാകില്ല. ജനാധിപത്യത്തോടുള്ള സമീപനം തന്നെയാണ് പ്രശ്‌നം. ഈ പംക്തിയിൽ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ള പോലെ ഇനിയും ജനാധിപത്യത്തെ ആശയപരമായി അംഗീകരിക്കുന്നു എന്നോ തങ്ങളുടേത് ജനാധിപത്യ പാർട്ടിയാണെന്നോ പറയാൻ സി.പി.എം തയാറായിട്ടില്ല. സി.പി.ഐ പലപ്പോഴും അത്തരത്തിൽ അവകാശപ്പെടാറുണ്ടുതാനും.  സി.പി.എമ്മിന്റെ  ഭരണഘടനയിൽ  ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ വിപ്ലവ മുന്നണിപ്പടയാണ് പാർട്ടിയെന്നും തൊഴിലാളി വർഗ സർവ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ജനാധിപത്യമെന്നത് അവർക്ക് ബൂർഷ്വ പദ്ധതിയാണ്. ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള തന്ത്രവും അടവുമൊക്കെ ആയാണ് ജനാധിപത്യത്തെ കാണുന്നത്. അത്തരമൊരവസ്ഥയിൽ ബൂർഷ്വ ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന വിവിധ പാർട്ടികളുടെ തുല്യതയിലൂന്നുന്ന ഐക്യ സംവിധാനത്തിന് തയാറാകാൻ അവർക്കു കഴിയില്ലല്ലോ. അതാണ് ഇപ്പോഴത്തെ തീരുമാനത്തിനുള്ള പ്രധാന കാരണം. ഈ നിലപാടു വെച്ച് തങ്ങൾക്ക് ആധിപത്യമില്ലെങ്കിൽ സർക്കാരിനു നേതൃത്വം നൽകാനുമാകില്ല. ബംഗാളിലും കേരളത്തിലുമൊക്കെ ഭരണത്തിനു നേതൃത്വം നൽകുമ്പോഴും കേന്ദ്രത്തിൽ അതിനു ലഭിച്ച അവസരം നിഷേധിക്കാനുള്ള കാരണവും മറ്റൊന്നല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ലോക ചരിത്രം പഠിച്ചാൽ ജനാധിപത്യത്തോടുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ ആശയപരവും പ്രായോഗികവുമായ നിലപാട് എന്തായിരുന്നു എന്നു വ്യക്തമാണല്ലോ. ഇപ്പോഴത്തെ ചൈനയും റഷ്യയും ഉത്തര കൊറിയയും മറ്റും നൽകുന്ന സൂചനയും മറ്റെന്താണ്? 
വലിയ വലിയ അവകാശവാദങ്ങളൊക്കെ ഉന്നയിക്കുമ്പോഴും ആത്യന്തിക ലക്ഷ്യം നേടാനുള്ള പാതയിലെ ചവിട്ടുപടി മാത്രമാണ് ബൂർഷ്വ ജനാധിപത്യത്തിലെ പങ്കാളിത്തമെന്നുമൊക്കെ പറയുമ്പോഴും പാർട്ടി ഭരിച്ച സംസ്ഥാനങ്ങളിൽ നടന്നത് എന്തൊക്കെയായിരുന്നു എന്നത് തുറന്ന പുസ്തകം പോലെ ഇപ്പോൾ നമുക്കു മുന്നിലുണ്ടല്ലോ. പതിറ്റാണ്ടുകളുടെ ഭരണം ബംഗാളിനെ എവിടെയെത്തിച്ചു എന്ന് ഇന്നു കേരളത്തിലെ ഏതു മുക്കിലും മൂലയിലും കാണുന്ന ബംഗാളി തൊഴിലാളികളോട് ചോദിച്ചാൽ മതി. ത്രിപുര പരിപൂർണമായി ബി.ജെ.പിയുടെ നിയന്ത്രണത്തിലായി. കേരളത്തിൽ പാർട്ടി അധികാരത്തിൽ തുടരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഒരു വൻകിട കോർപറേറ്റ് സ്ഥാപനത്തിന്റെ നിലവാരത്തിലേക്ക് പാർട്ടി മാറിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും വലിയ തൊഴിൽ ദായക സ്ഥാപനവും മറ്റൊന്നല്ല. അതോടൊപ്പം ബൂർഷ്വ പാർട്ടികളുടെ ഏറ്റവും വലിയ അപചയമെന്നു വിശേഷിപ്പിക്കപ്പെടുന്ന അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഒന്നാം സ്ഥാനത്ത് ഇന്ന് മറ്റാരാണ്? ഈ കുറിപ്പെഴുതുമ്പോഴും പുറത്തു വരുന്നത് വൻ അഴിമതിക്കഥകളാണ്. അഖിലേന്ത്യ നേതൃത്വത്തിനു ഒരു സ്ഥാനവുമില്ലാത്ത വിധം കേരള ഘടകം അതിനകത്ത് പിടിമുറുക്കിയിരിക്കുന്നു. എത്രയോ കാലം രാജ്യം ഭരിച്ച കോൺഗ്രസിനൊപ്പമാണ് ഇന്നു പാർട്ടിയുടെ സമ്പത്തെങ്കിൽ അതിന്റെ 90 ശതമാനവും കേരളത്തിലാണ്. അത്തരമൊരു ഘടകത്തിന്റെ സമ്മർദത്തെ അതിജീവിച്ച് ഒരു തീരുമാനവുമെടുക്കാൻ കേന്ദ്ര നേതൃത്വത്തിനു കഴിയുമോ? ഇല്ലെന്നതിന്റെ തെളിവാണ് ഇന്ത്യ മുന്നണിയിലെ ഏകോപന സമിതി അംഗ സ്ഥാനം വേണ്ട എന്ന തീരുമാനം. മറുവശത്ത് ഏകോപന സമിതിയിൽ അംഗമാകുന്നത് കേരളത്തിലെ എൽ.ഡി.എഫിന്റെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നു സി.പി.ഐ അഖിലേന്ത്യ നേതൃത്വത്തിലെ ബിനോയ് വിശ്വം പറയുകയും ചെയ്തു.
സി.പി.എം ഗൗരവമായി പരിഗണിക്കേണ്ട മറ്റൊന്നു.കൂടി സൂചിപ്പിക്കട്ടെ. സി.പി.എം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കേരള അല്ലെന്ന് ഒരിക്കൽ സീതാറാം യെച്ചൂരി പറയുകയുണ്ടായി. എന്നാൽ യാഥാർത്ഥ്യം അതു തന്നെയാണെന്ന് ഓരോ തീരുമാനവും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ  അതംഗീകരിക്കുകയും കേരളത്തിലെ പാർട്ടി ശരിക്കും ഒരു കേരള പാർട്ടിയായി മാറുകയുമാണ് വേണ്ടത്. ബഹുസ്വരതയുടെ പ്രതീകമായ ഇന്ത്യയെ ഹിന്ദുത്വത്തിന്റെ പ്രതീകമായ  ഭാരതമാക്കാനും വൈവിധ്യങ്ങളെയെല്ലാം കുഴിച്ചുമൂടി എല്ലാറ്റിനെയും 'ഒറ്റ'യാക്കാനും ഫെഡറലിസത്തെ തകർക്കാനും സംഘപരിവാർ നടത്തുന്ന നീക്കങ്ങൾക്കെതിരായ രാഷ്ട്രീയ പ്രതിരോധമാകുകയും ചെയ്യുമത്.  ഇന്നത്തെ സാഹചര്യത്തിൽ മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുള്ള പോലെ കേരളത്തിനാവശ്യം ശക്തമായ ഒരു പ്രാദേശിക പ്രസ്ഥാനമാണ്. കേരള കോൺഗ്രസിന് അതാകാനാകില്ല എന്നു വ്യക്തമാണ്. കോൺഗ്രസാകട്ടെ ഏറെ ദുർബലമാണെങ്കിലും ദേശീയ തലത്തിൽ വേരുകളുള്ള ഒന്നാണ്. പ്രാദേശിക പാർട്ടികൾക്കൊപ്പം അത്തരമൊരു പാർട്ടി ഇന്ത്യ മുന്നണിയിൽ ആവശ്യമാണ്. ലെനിന്റെ ദേശീയതകളുടെ സ്വയംനിർണയാവകാശമെന്ന നിലപാടിന്റെ വെളിച്ചത്തിൽ  ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള ശരിയായ നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാർ എന്നതുമോർക്കാവുന്നതാണ്. ചുരുക്കത്തിൽ ഒരുപാട് പരിമിതികളുണ്ടെന്നും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും അംഗീകരിച്ച് ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാദേശിക ജനാധിപത്യ പാർട്ടിയായി മാറുകയാണ് സി.പി.എം ചെയ്യേണ്ടത്.

Latest News